ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും വിഡിയോ ഇട്ടാൽ 4.50 ലക്ഷം രൂപ, ടിക്ടോക്കേർസിന് ഓഫറുമായി മെറ്റ

Mail This Article
അമേരിക്കയിലെ ജനപ്രിയ ഇൻഫ്ലുവൻസേഴ്സിന് വമ്പന്‍ ഓഫറുമായി മെറ്റ. നിലവിലെ പ്രശസ്തിയുടെ അടിസ്ഥാനത്തിൽ 5000 ഡോളർവരെയാണ് ഇൻസ്റ്റഗ്രാമിലും ഫെയ്സ്ബുക്കിലും വിഡിയോ ഇടുന്ന ടിക്ടോക്കേർസിനു നൽകുക. ഓഫറിൽ എടുത്തുപറയുന്നില്ലെങ്കിലും നിലവിൽ അമേരിക്കയിൽ ടിക്ടോക്കിനുണ്ടായ അനിശ്ചിതത്വം നേട്ടമാക്കാനാണ് മെറ്റ ശ്രമിക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
യുഎസിൽ 170 ദശലക്ഷം ടിക്ടോക് ഉപയോക്താക്കളുണ്ട്, അവരിൽ പലരും തങ്ങളുടെ ഉപജീവനത്തിനായി വിഡിയോ ആപ്പിനെ ആശ്രയിക്കുന്നു. അതിനാൽ, നിരോധനം പ്രാബല്യത്തിൽ വന്നാൽ ധാരാളം ആളുകൾ വിഡിയോ പോസ്റ്റുചെയ്യാൻ ബദൽ മാര്‍ഗങ്ങള്‍ തേടും. ബ്രേക്ക്‌ത്രൂ ബോണസ് പ്രോഗ്രാം എന്ന് വിളിക്കപ്പെടുന്ന പദ്ധതിയിലൂടെ ജനപ്രിയ സ്രഷ്‌ടാക്കൾക്ക് ആപ്പിലെ ആദ്യത്തെ 90 ദിവസങ്ങളിൽ പണം നൽകുമെന്ന് മെറ്റാ വെബ്‌സൈറ്റിൽ വിശദീകരിച്ചു.
പത്ത് റീലുകളെങ്കിലും ഫെയ്സ്ബുക്കിലും 10 റീലുകള്‍ ഇൻസ്റ്റഗ്രാമിലും പോസ്റ്റ് ചെയ്യണം. ഈ വിഡിയോകൾ ഒറിജിനൽ ആയിരിക്കണം, മുന്‍പ് മറ്റ് പ്ലാറ്റ്‌ഫോമുകളിൽ പങ്കിട്ടതാകാൻ പാടില്ല. എന്നിരുന്നാലും, എല്ലാവർക്കും പ്രോഗ്രാമിൽ ചേരാൻ കഴിയില്ല, ഫെയ്സ്ബുക്കിലോ ഇൻസ്റ്റഗ്രാമിലോ പൂർണ്ണമായും പുതിയതായി ജോയിൻ ചെയ്യുന്ന ആളുകൾക്ക് മാത്രമേ ഈ പണം ലഭ്യമാകൂ.
കമ്പനി അതിന്റെ ബ്ലൂ ചെക്ക് വെരിഫിക്കേഷൻ സിസ്റ്റത്തിലേക്കുള്ള സൗജന്യ സബ്‌സ്‌ക്രിപ്‌ഷൻ പോലുള്ള മറ്റ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു.