‘എഐ അസിസ്റ്റന്റിനെപ്പോലെ; യുവ വായനക്കാരുടെ രീതികൾ മാറുന്നു; മാധ്യമങ്ങളെ നിർമിതബുദ്ധി നിയന്ത്രിക്കാൻ ഇടവരരുത്’

Mail This Article
കൊച്ചി∙ ന്യൂസ് റൂമുകളിൽ എങ്ങനെ ആർടിഫിഷ്യൽ ഇന്റലിജൻസിനെ കൃത്യമായി ഉപയോഗപ്പെടുത്താം, വാർത്താ വായനയിൽനിന്ന് അകന്നു പോകുന്നു എന്നു പറയപ്പെടുന്ന കുട്ടികളെയും ചെറുപ്പക്കാരെയും എഐയുടെ സഹായത്തോടെ എങ്ങനെ തിരികെയെത്തിക്കാം, എഐ അഥവാ നിർമിത ബുദ്ധിയെ ഭയക്കേണ്ടതുണ്ടോ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം തേടുകയായിരുന്നു മനോരമ ഓണ്‍ലൈന്‍ ടെക്‌സ്‌പെക്‌റ്റേഷന്‍സ് ഡിജിറ്റല്‍ സംഗമത്തിലെ ‘മാധ്യമ, പ്രസാധക മേഖലയിലെ എഐ ഇടപെടലും സ്വാധീനവും സാധ്യതകളും’ എന്ന വിഷയത്തിലെ പാനൽ ചർച്ച. എഐ അതിശക്തമായി ന്യൂസ് റൂമുകളിൽ ഇടപെടുമ്പോൾത്തന്നെ മാധ്യമങ്ങളെ എഐ നിയന്ത്രിക്കുന്ന അവസ്ഥ വരരുതെന്ന് മനോരമ ഓൺലൈൻ കോ–ഓർഡിനേറ്റിങ് എഡിറ്റർ സന്തോഷ് ജോർജ് ജേക്കബ് പറഞ്ഞു.
അച്ചടിമാധ്യമവും ഓൺലൈനും സമാന്തരമായി മുന്നോട്ടു പോവുകയാണ് മനോരമയിൽ സംഭവിച്ചത്. സാങ്കേതികത ആദ്യം സംഭവിച്ചത് അച്ചടി മേഖലയിലാണ്. അക്കാലത്ത് വിദൂരസ്വപ്നങ്ങളിൽ പോലും ഉണ്ടായിരുന്നില്ല ആർടിഫിഷ്യൽ ഇന്റലിജൻസ് എന്നത്. ഇന്റര്‍നെറ്റ് ആയിരുന്നു ആദ്യത്തെ ന്യൂസ് റൂം വിപ്ലവം. രണ്ടാമത്തേതായി പറയാവുന്നത് എഐ ആണ്. എന്നാൽ വാർത്തകളിൽ എഐ നമ്മളെ നിയന്ത്രിക്കാൻ ഇടവരരുത്. അവിടെ മാനുഷിക ഇടപെടൽതന്നെ വേണം.

140 വർഷത്തെ പാരമ്പര്യമുള്ള സ്ഥാപനമാണ് മലയാള മനോരമ. മനോരമ ഒാൺലൈനിന് 28 വയസ്സായി. എഐ പോലുള്ള സാങ്കേതികതകൾ സ്വപ്നം പോലും കാണാൻ സാധിക്കാത്ത കാലത്തുനിന്ന് ഇന്ന് എത്തി നിൽക്കുന്നത് വലിയ മാറ്റത്തിന്റെ കാലത്താണ്. കംപ്യൂട്ടർ എത്തിയ കാലത്ത് വലിയ ആശങ്കകൾ ഉണ്ടായെങ്കിലും പിന്നീട് ഒരു മാധ്യമപ്രവർത്തകന്റെ ഏറ്റവും വലിയ സുഹൃത്തായി അതു മാറി. എഐ ജോലി നഷ്ടപ്പെടുത്തുമെന്നും ആളുകൾക്ക് പകരക്കാരനാകുമെന്നും പറയുന്നുണ്ടെങ്കിലും അതിൽ കാര്യമില്ല. എഐ എല്ലാ ജോലികളെയും സഹായിക്കും. കൂടുതൽ മെച്ചപ്പെടുത്തും. പക്ഷേ ഒരിക്കലും എഐ നമ്മെ നിയന്ത്രിക്കാൻ ഇടവരരുത്.

കഴിഞ്ഞ 2 വർഷമായി ഞങ്ങൾ എഐ ഉപയോഗിക്കുന്നു. ജനറേറ്റിവ് എഐ ആണ് പ്രധാനമായും ഉപയോഗിക്കുന്നത്. മനോരമ ഒാൺലൈനിലുള്ള ഒാഡിയോ ന്യൂസ് എന്ന ഫീച്ചർ പൂർണമായും എഐ ഉപയോഗിച്ച് നിർമിച്ചിട്ടുള്ളതാണ്. അതുപോലെ എഐ പിന്തുണയോടെ പ്രവർത്തിക്കുന്ന ഫീച്ചറുകളും ടൂളുകളും ഉപയോഗിക്കുന്നുണ്ട്. പക്ഷേ നേരത്തെ പറഞ്ഞതു പോലെ, എഐയെ നമ്മുടെ വരുതിക്ക് നിർത്തി ഉപയോഗിക്കാൻ സാധിക്കണം, അത് എല്ലാ രീതിയിലും നമുക്ക് സഹായകരമായി മാറും.
ഇതോടൊപ്പം ബ്രാൻഡിനെയും ശക്തിപ്പെടുത്തേണ്ടതുണ്ട്. ഒരു നൂറ്റാണ്ടിനിപ്പുറവും മലയാളികൾക്കിടയിൽ മനോരമയെന്ന ബ്രാൻഡ് ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുന്നുണ്ട്. ഭാഷ അവിടെ വെല്ലുവിളിയല്ല. ഭാഷ ഏതായാലും ആളുകളുടെ രീതി ഒന്നാണ്. ദൈർഘ്യമേറിയ വിഡിയോകളോടുള്ള താൽപര്യം കുറയുന്നു. ആളുകൾ വാർത്ത കാണുന്ന രീതി മാറിയിരിക്കുന്നു. എപ്പോഴും ബ്രാൻഡിനെ ശക്തിപ്പെടുത്തി മുന്നോട്ടു പോവുക, ഒപ്പം മാറ്റങ്ങൾ വരുത്തുക എന്നതാണ് മനോരമ ഓൺലൈൻ പിന്തുടരുന്ന രീതിയെന്നും സന്തോഷ് ജോർജ് ജേക്കബ് പറഞ്ഞു.
വാർത്ത വായനക്കാരിലേക്ക് അതിവേഗം എത്തിക്കുന്നതിനൊപ്പം അതിന്റെ കൃത്യതയും മാധ്യമപ്രവർത്തനത്തിലെ ധാർമികതയുമൊക്കെ എഐ കാലത്ത് പരിഗണിക്കേണ്ടി വരുമെന്ന് എബിപി ലൈവ് എഡിറ്റർ സംഘമിത്ര മജുംദാർ പറഞ്ഞു. സമൂഹമാധ്യമങ്ങളുടെ വരവോടെ വാർത്തകൾ ഒരുക്കുന്നതിലും വായനക്കാരിലേക്ക് എത്തിക്കുന്നതിലുമെല്ലാം മാറ്റങ്ങൾ വരുത്തേണ്ടി വന്നു. എഐയുടെ വരവോടെ അത് കൂടുതൽ വ്യത്യസ്തമാക്കേണ്ടി വരുന്നു. ഒട്ടേറെ വെല്ലുവിളികളാണ് സാങ്കേതികത മാധ്യമങ്ങൾക്കു മുന്നിലെത്തിക്കുന്നത്. എന്നാൽ എഐ ഒരു അസിസ്റ്റന്റ് ആണെന്നു കരുതിയാല്‍ മതി. ഓഫിസിലേക്കു പോകുന്നതിനിടെ നമുക്ക് വേണ്ടി ഡ്രൈവർ വാർത്ത വായിച്ചു തന്നാൽ എങ്ങനെയുണ്ടാകും. അത്തരം സഹായങ്ങൾക്കുള്ള അസിസ്റ്റന്റായും എഐയെ ഉപയോഗപ്പെടുത്താം.

ചെറുപ്പക്കാരെല്ലാം വാർത്തയ്ക്കു വേണ്ടി ഇൻസ്റ്റഗ്രാമിനെയാണ് ഇന്ന് ആശ്രയിക്കുന്നത്. കുട്ടികളുടെ കരിക്കുലം പോലും ഇന്റർനെറ്റിനെ അടിസ്ഥാനമാക്കിയാണ്. യുട്യൂബിൽനിന്നു മാത്രം കുട്ടികൾക്ക് എല്ലാ വിവരങ്ങളും ലഭിക്കുന്ന അവസ്ഥയുമുണ്ട്. ഈ കുട്ടികളുടെയും ചെറുപ്പക്കാരുടെയും താൽപര്യം എന്തുതരം വാർത്തയാണെന്ന് മനസ്സിലാക്കേണ്ടതുണ്ട്. അവരുടേതായ ഒരു തരം ഭാഷയും രൂപപ്പെടുന്നുണ്ട്. അധികസമയം ചെലവിടാതെ, പെട്ടെന്നു ലഭിക്കുന്ന കോണ്ടന്റ് അവര്‍ക്കു വേണ്ടി തയാറാക്കാനാകണം. അപ്പോഴും ദൈർഘ്യമേറിയ ലേഖനങ്ങള്‍ക്കും പ്രസക്തിയുണ്ട്. എബിപി പ്രീമിയം ആരംഭിച്ചപ്പോൾ ദൈർഘ്യമേറിയ കോണ്ടന്റ് ആണ് തയാറാക്കിയത്. പ്രീമിയത്തിനു പിന്നാലെ അത്തരം വാർത്തകൾ വായിക്കുന്നവരിൽ 4–5% വരെയാണ് വർധനയുണ്ടായതെന്നും സംഘമിത്ര ചൂണ്ടിക്കാട്ടി.
കൃത്യതയോടെ, തെറ്റുകളില്ലാതെ കോണ്ടന്റ് ഒരുക്കുന്നതും വിതരണം ചെയ്യുന്നതും എഐ കാലത്ത് വലിയ വെല്ലുവിളിയാണെന്ന് ജാഗരൻ ന്യൂസ് മീഡിയ സിഇഒ ഗൗരവ് അറോറ അഭിപ്രായപ്പെട്ടു. സാങ്കേതികത എന്നും മാധ്യമമേഖലയിൽ നിർണായകമായിരുന്നു. കൂടുതൽ മികച്ച രീതിയിൽ പ്രവർത്തിക്കാൻ സാങ്കേതികത സഹായിക്കുന്നുണ്ട്. കോണ്ടന്റ് ഒരുക്കുന്നതിലും അത് വിതരണം ചെയ്യുന്നതിലുമെല്ലാം എഐ ഏറെ സഹായിക്കുന്നു. എന്നാൽ അതിന്റെ രീതികളും അതിവേഗം മാറുകയാണ്. അതിനനുസരിച്ച് മാധ്യമങ്ങളും മാറ്റങ്ങള്‍ വരുത്തിയേ മതിയാകൂ. യുവ വായനക്കാരെ ആകർഷിക്കുകയെന്നത് വെല്ലുവിളിയാണ്. വാർത്തകളെല്ലാം ചെറുതാക്കേണ്ട അവസ്ഥിലേക്കു വരുന്നു. അപ്പോഴും ക്ലിക്ക് ബെയ്റ്റ് സംഭവിക്കാതെ നോക്കണം. ഡിജിറ്റൽ പരസ്യങ്ങളുടെ വരവും പരമ്പരാഗത മാധ്യമങ്ങൾക്ക് വെല്ലുവിളിയാണ്. പരസ്യത്തിലും അത്രയേറെ വൈവിധ്യവൽക്കരണമാണ് നടക്കുന്നത്. ഡേറ്റയും എഐ ഉപയോഗത്തിൽ നിർണായക പങ്കുവഹിക്കുന്നുണ്ട്. ഡേറ്റയാണിന്ന് മാധ്യമമേഖലയിലെ എഐയെ നയിക്കുന്നതെന്നുതന്നെ പറയാം– ഗൗരവ് അറോറ വ്യക്തമാക്കി.

എഐയുടെ കാലത്ത് മാധ്യമപ്രവർത്തകരും വായനക്കാരും തമ്മിലുള്ള അകലം കുറഞ്ഞുവരികയാണെന്ന് ദ് ന്യൂസ് മിനിറ്റ് സഹസ്ഥാപകൻ വിഘ്നേഷ് വെല്ലൂർ. ഒട്ടേറെ തെറ്റായ വിവരങ്ങൾ വിപണിയിലെത്തുന്നുണ്ട്. അതിനെ മറികടക്കുകയെന്നത് വലിയ വെല്ലുവിളിയാണ്. യുവ വായനക്കാർക്കു വേണ്ടി ദൈർഘ്യം കുറഞ്ഞ വാർത്തകൾ മാത്രം പോരാതെ വരും. ദൈർഘ്യമേറിയ വാർത്തകൾ നൽകിയാലേ അവരിൽനിന്ന് പണം ഈടാക്കാൻ ഉൾപ്പെടെ സാധിക്കുകയുള്ളൂ. അതിന് കൃത്യമായ ഇടവേളയിൽ അവരിലേക്ക് വായനാ വിഭവങ്ങൾ എത്തിക്കണം. ‘കൺസിസ്റ്റൻസി’യാണ് ഇവിടെ പ്രധാനം. കമ്പനിയേയും വാർത്താ അവതാരകനേയും വരെ അതുവഴി വായനക്കാർ കൃത്യമായി പരിചയപ്പെടും. തുടർച്ചയായി അവരെ കാണുന്നതോടെ ഒരു ബന്ധം രൂപപ്പെടും. ധ്രുവ് രത്തിയുടെ കാര്യത്തിലെല്ലാം അതാണു സംഭവിച്ചത്. അത്തരം നീക്കങ്ങൾ യുവ വായനക്കാരെ വാർത്താ ബിസിനസിലേക്ക് ആകർഷിക്കുന്നതിന് സഹായിക്കുമെന്നും വിഘ്നേഷ് പറഞ്ഞു.
എഐയുടെ കാലത്തും ഫെയ്ക്ക് ന്യൂസ് ഭീഷണിയാണെന്ന് മോഡറേറ്ററായിരുന്ന ഗൂഗിൾ ന്യൂസ് പാർട്ണർഷിപ്സ് പ്രതിനിധി നിതിൻ ശർമ പറഞ്ഞു. ഇതു സംബന്ധിച്ച് ഗൂഗിളിന് ചില നയങ്ങളുണ്ട്. തെറ്റായ വാർത്തകൾ കണ്ടുപിടിക്കാൻ മാനുഷിക സഹായം തന്നെയാണ് ഗൂഗിൾ ഇപ്പോൾ ഉപയോഗപ്പെടുത്തുന്നത്. വ്യാജ വാർത്തകളെ പ്രതിരോധിക്കാനുള്ള ശക്തമായ നടപടികൾ ഇനിയും ഗൂഗിളിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നും നിതിൻ ശർമ വ്യക്തമാക്കി.
ടെക്നോളജി രംഗത്തെ പുത്തൻ ആശയങ്ങൾ ചർച്ച ചെയ്യുന്ന മനോരമ ഓൺലൈൻ ‘ടെക്‌സ്‌പെക്‌റ്റേഷൻസ്’ ഡിജിറ്റൽ സംഗമം കൊച്ചി, ലെ മെറിഡിയനിലാണ് നടക്കുന്നത്. ‘ട്രാൻസ്‌ഫോമിങ് ഫ്യൂച്ചർ: എഐ ഫോർ എവരിഡേ ലൈഫ്’ ആണു വിഷയം. ഡിജിറ്റൽ ലോകത്തെ പുതു സാധ്യതകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസിലെ വൻ മാറ്റങ്ങൾ, വാർത്താലോകത്തെ എഐ പ്രതീക്ഷകൾ, ഡേറ്റ അനലിറ്റിക്‌സിന്റെ സാധ്യതകൾ, ഇന്ത്യയിലെയും കേരളത്തിലെയും സംരംഭക മുന്നേറ്റങ്ങൾ, എഐ യുഗത്തിലെ സർഗാത്മകത തുടങ്ങിയവ ചർച്ച ചെയ്യും. കേരളത്തിന്റെ ടെക് സാധ്യതകളും മുന്നേറ്റങ്ങളും ചർച്ച ചെയ്യുന്ന പ്രത്യേക സംവാദവുമുണ്ട്.ഇൻഫോ എഡ്ജ് സിഇഒ ഹിതേഷ് ഒബ്റോയ് മുഖ്യപ്രഭാഷണം നിർവഹിക്കുന്നു. ജെയിൻ യൂണിവേഴ്‌സിറ്റി കൊച്ചിയും ഗൂഗിൾ ഇന്ത്യയുമാണ് പ്രായോജകർ. എക്സ്പീരിയൻ ടെക്നോളജീസ് സെഷൻ പാർട്നറും പോപ്പുലർ ഹ്യുണ്ടയ് ട്രാവൽ പാർട്നറുമാണ്.റജിസ്റ്റർ ചെയ്തവർക്കാണു പ്രവേശനം. 2016 ൽ ആരംഭിച്ച ടെക്സ്പെക്റ്റേഷൻസിന്റെ ആറാം പതിപ്പാണിത്. കൂടുതൽ വിവരങ്ങൾക്ക് www.techspectations.com