തെറ്റായ ചോദ്യങ്ങൾ മാറ്റാതെ പിഎസ്‌സി; മാറ്റിയത് ശരിയായ ചോദ്യങ്ങൾ!

Mail This Article
പിഎസ്‌സി പരീക്ഷയിലെ നാലു തെറ്റുകൾ തിരുത്തണമെന്ന് ഉദ്യോഗാർഥികൾ ആവശ്യപ്പെട്ടപ്പോൾ ശരിയായ 10 ചോദ്യങ്ങൾ തിരുത്തുകയും വിദ്യാർഥികൾ ചൂണ്ടിക്കാണിച്ച നാലു തെറ്റുകൾ നിലനിർത്തുകയും ചെയ്തെന്നു പരാതി. നവംബർ 14ന് നടത്തിയ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് അസി. പ്രഫസർ (ഓറൽ പതോളജി ആൻഡ് മൈക്രോബയോളജി) പരീക്ഷയിലാണു സംഭവം.
നവംബർ 18ന് പിഎസ്‌സി പരീക്ഷയുടെ ആദ്യ ഉത്തരസൂചിക പ്രസിദ്ധീകരിച്ചു. ഇതിൽ നാലു ചോദ്യങ്ങളിൽ പിശകുണ്ടെന്ന് ഉദ്യോഗാർഥികൾ പരാതി നൽകി. തുടർന്നാണ് ഈ ചോദ്യങ്ങൾ നിലനിർത്തുകയും മറ്റു 10 ചോദ്യങ്ങൾ ഒഴിവാക്കുകയും ചെയ്ത് ഉത്തരസൂചിക പുറത്തിറക്കിയത്. പാഠഭാഗവുമായി ബന്ധമുള്ള 10 ചോദ്യങ്ങളാണ് ഒഴിവാക്കിയതെന്നും ഈ ചോദ്യങ്ങളിൽ തെറ്റില്ലെന്നും ഉദ്യോഗാർഥികൾ ചൂണ്ടിക്കാണിച്ചെങ്കിലും പിഎസ്‌സി ഇതു തിരുത്താൻ തയാറായിട്ടില്ലെന്ന് വിവരാവകാശ അപേക്ഷയ്ക്കു നൽകിയ മറുപടിയിൽ വ്യക്തമാക്കി.
സംസ്ഥാനതലത്തിൽ ആകെ 144 പേരാണു പരീക്ഷ എഴുതിയത്. ഇതിൽ പന്ത്രണ്ടോളം പേർ പ്രധാന പട്ടികയിൽ ഇടം പിടിക്കുമെന്നാണു പ്രതീക്ഷ. അതുകൊണ്ടുതന്നെ ചെറിയൊരു പിശകു പോലും പലരുടെയും അവസരം നഷ്ടമാക്കും. ഏഴു വർഷത്തിനുശേഷമാണ് ഇത്തവണ പരീക്ഷ നടത്തിയത്. അതുകൊണ്ടുതന്നെ സർക്കാർ ജോലി ലഭിക്കാനുള്ള ഏക അവസരം ചോദ്യക്കടലാസിലെ വീഴ്ചമൂലം നഷ്ടപ്പെടുമോ എന്നാണ് ഉദ്യോഗാർഥികളുടെ ഭയം.