പൊലീസ് കോൺസ്റ്റബിൾ (ബാൻഡ്/ബ്യൂഗ്ലർ/ഡ്രമ്മർ) ആദ്യ തിരഞ്ഞെടുപ്പിൽതന്നെ ആളില്ലാ ലിസ്റ്റ്!

Mail This Article
പൊലീസ് കോൺസ്റ്റബിൾ (ബാൻഡ്/ബ്യൂഗ്ലർ/ഡ്രമ്മർ) തസ്തികയുടെ പിഎസ്‌സി വഴിയുള്ള ആദ്യ തിരഞ്ഞെടുപ്പിൽത്തന്നെ ആളില്ലാ ഷോർട് ലിസ്റ്റ്. ഈ തസ്തികയുടെ 276 ഒഴിവുകൾ പൊലീസ് വകുപ്പ് റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും 165 പേർ മാത്രമാണ് കായികക്ഷമത പരീക്ഷ വിജയിച്ച് ഷോർട് ലിസ്റ്റിൽ ഇടംനേടിയത്. ഒഎംആർ പരീക്ഷയ്ക്കു ശേഷം പ്രസിദ്ധീകരിച്ച ഷോർട് ലിസ്റ്റിൽ ഉൾപ്പെട്ട 363 പേരിൽ 198 പേർ കായികക്ഷമതാ പരീക്ഷ കഴിഞ്ഞതോടെ പുറത്തായി. വിജയികളുടെ പ്രായോഗിക പരീക്ഷയാണ് ഇനി നടക്കുക. ഇതിനു ശേഷം ഉദ്യോഗാർഥികൾ വീണ്ടും കുറയാനാണ് സാധ്യത. ഈ സാഹചര്യത്തിൽ പൊലീസ് കോൺസ്റ്റബിൾ (ബാൻഡ്/ബ്യൂഗ്ലർ/ഡ്രമ്മർ) തസ്തികയിൽ വീണ്ടും വിജ്ഞാപനം പ്രസിദ്ധീകരിച്ച് തിരഞ്ഞെടുപ്പ് നടത്തിയെങ്കിൽ മാത്രമേ ഒന്നാം ഘട്ടത്തിൽ റിപ്പോർട്ട് ചെയ്ത ഒഴിവുപോലും നികത്താൻ കഴിയൂ.
അപേക്ഷകർ 11,462; ആദ്യ ഷോർട് ലിസ്റ്റിൽ 363 പേർ മാത്രം
പൊലീസ് കോൺസ്റ്റബിൾ (ബാൻഡ്/ബ്യൂഗ്ലർ/ഡ്രമ്മർ) തസ്തികയിൽ 2022 ഡിസംബർ 30നായിരുന്നു പിഎസ്‌സി വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. 11,462 പേർ അപേക്ഷ നൽകിയെങ്കിലും 8567 പേരാണ് പരീക്ഷ എഴുതുമെന്നുള്ള കൺഫർമേഷൻ നൽകിയത്. 8000ൽ താഴെ പേരെ പരീക്ഷ എഴുതിയുള്ളൂ. 2023 ജൂലൈ 8നായിരുന്നു ഒഎംആർ പരീക്ഷ. ഇതിന്റെ അടിസ്ഥാനത്തിൽ 2024 ഒക്ടോബർ 23ന് ഷോർട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. മെയിൻ ലിസ്റ്റിൽ 361, സപ്ലിമെന്ററി ലിസ്റ്റിൽ 2 എന്നിങ്ങനെ 363 പേരെയാണ് ഷോർട് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നത്. 0.33 മാർക്കായിരുന്നു കട്ട് ഓഫ് മാർക്ക്. ഷോർട് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കു കഴിഞ്ഞ ഡിസംബർ 17 മുതൽ 23 വരെ കായികക്ഷമതാ പരീക്ഷ നടത്തി. ഇതിൽ വിജയിച്ചവരുടെ ഷോർട് ലിസ്റ്റാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.