SI റാങ്ക് ലിസ്റ്റുണ്ട്, ഷോർട് ലിസ്റ്റുണ്ട്, പരീക്ഷ വരുന്നു; പക്ഷേ, നിയമനം 6% മാത്രം

Mail This Article
സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ് റാങ്ക് ലിസ്റ്റ് അവസാനിക്കാൻ 4 മാസത്തിൽ താഴെ മാത്രം കാലാവധി ശേഷിക്കെ ഇതുവരെ നടന്നത് വെറും 6% നിയമന ശുപാർശ.
2024 ജൂൺ 7നു നിലവിൽ വന്ന റാങ്ക് ലിസ്റ്റിന്റെ കാലാവധി അടുത്ത ജൂൺ 6ന് അവസാനിക്കുകയാണ്. മെയിൻ ലിസ്റ്റിൽ 694, സപ്ലിമെന്ററി ലിസ്റ്റിൽ 219, കോൺസ്റ്റാബ്യുലറി വിഭാഗം ലിസ്റ്റിൽ 116, മിനിസ്റ്റീരിയൽ വിഭാഗം ലിസ്റ്റിൽ 6 എന്നിങ്ങനെ 1,035 പേരാണു റാങ്ക് ലിസ്റ്റിൽ ഉള്ളത്. ഇതിൽ 64 പേർക്കു മാത്രമേ ഇതുവരെ നിയമന ശുപാർശ ലഭിച്ചിട്ടുള്ളൂ. മുൻ റാങ്ക് ലിസ്റ്റിൽനിന്ന് 608 പേർക്കു നിയമന ശുപാർശ ലഭിച്ചിരുന്നു.
നിലവിലുള്ള റാങ്ക് ലിസ്റ്റിലെ നിയമനനില: ഓപ്പൺ മെറിറ്റ്–40, ഈഴവ–52, എസ്‌സി–245, എസ്ടി–സപ്ലിമെന്ററി 1, മുസ്‌ലിം–48, എൽസി/എഐ–168, ഒബിസി–69, വിശ്വകർമ–392. മിനിസ്റ്റീരിയൽ വിഭാഗം–4, കോൺസ്റ്റാബ്യുലറി വിഭാഗം–5.
പുതിയ ലിസ്റ്റ് പണിപ്പുരയിൽ
നിയമനം കുറഞ്ഞെങ്കിലും സബ് ഇൻസ്പെക്ടർ തസ്തികയുടെ പുതിയ റാങ്ക് ലിസ്റ്റ് തയാറാക്കുന്നതിനുള്ള നടപടികൾ പിഎസ്‌സിയിൽ പുരോഗമിക്കുകയാണ്. 2023 ഡിസംബർ 29നു പ്രസിദ്ധീകരിച്ച വിജ്ഞാപനപ്രകാരമുള്ള പ്രിലിമിനറി, മെയിൻ പരീക്ഷകൾ പൂർത്തിയാക്കി ഷോർട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു കഴിഞ്ഞു. 533 പേരാണു ഷോർട് ലിസ്റ്റിൽ. ഇവരുടെ കായികക്ഷമത പരീക്ഷ ജനുവരിയിൽ കഴിഞ്ഞു. വിജയികളുടെ ഇന്റർവ്യൂ പൂർത്തിയാക്കിയാൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാം. നിലവിലുള്ള എസ്ഐ ലിസ്റ്റ് ഒരു വർഷ കാലാവധി പൂർത്തിയാക്കുന്നതിന്റെ അടുത്ത ദിവസം പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനാണ് പിഎസ്‌സിയുടെ തീരുമാനം.
പരീക്ഷ മേയ്–ജൂലൈയിൽ
സബ് ഇൻസ്പെക്ടർ തസ്തികയിൽ 2023ൽ പ്രസിദ്ധീകരിച്ച വിജ്ഞാപനപ്രകാരമുള്ള തിരഞ്ഞെടുപ്പു നടപടികൾ പുരോഗമിക്കെ ഈ തസ്തികയുടെ അടുത്ത വിജ്ഞാപനം 2024 ഡിസംബർ 30ന് പിഎസ്‌സി പ്രസിദ്ധീകരിച്ചു. ഓപ്പൺ വിഭാഗത്തിൽ 1,80,370 പേരും മിനിസ്റ്റീരിയൽ വിഭാഗത്തിൽ 497 പേരും കോൺസ്റ്റാബ്യുലറിയിൽ 3,446 പേരും അപേക്ഷ നൽകിയിട്ടുണ്ട്.
ഇവരുടെ പ്രിലിമിനറി പരീക്ഷ മേയ് മുതൽ ജൂലൈ വരെയും മെയിൻ പരീക്ഷ ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെയുമായി നടത്തും. മെയിൻ പരീക്ഷ ജയിക്കുന്നവർക്കുള്ള കായികക്ഷമതാ പരീക്ഷ അടുത്ത നവംബർ മുതൽ 2026 ഫെബ്രുവരി വരെ നടത്താനാണു തീരുമാനം.