വനിതാ പൊലീസ് കോൺസ്റ്റബിൾ: റാങ്ക് ലിസ്റ്റ് തീരാൻ ഒന്നര മാസം, നിയമന ശുപാർശ 27% മാത്രം

Mail This Article
പൊലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റിനു പിന്നാലെ വനിതാ പൊലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റിലും നിയമനനിഷേധം.
2024 ഏപ്രിൽ 20നു നിലവിൽ വന്ന റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കാൻ ഒന്നര മാസം മാത്രം ശേഷിക്കെ ഇതുവരെ നടന്നത് വെറും 27% നിയമന ശുപാർശ.
മെയിൻ ലിസ്റ്റിൽ 674, സപ്ലിമെന്ററി ലിസ്റ്റിൽ 293 എന്നിങ്ങനെ 967 പേരെയാണു റാങ്ക് ലിസ്റ്റിൽ പിഎസ്‌സി ഉൾപ്പെടുത്തിയിരുന്നത്. നിലവിലുള്ള റാങ്ക് ലിസ്റ്റ് ഏപ്രിൽ 19ന് അവസാനിക്കും. ഇതിൽ 259 പേർക്കു മാത്രമാണു നിയമന ശുപാർശ ലഭിച്ചത്. ആകെ നിയമന ശുപാർശയിൽ 46 എണ്ണം എൻജെഡി ഒഴിവിലാണ്. യഥാർഥ നിയമനം 213 മാത്രം. മുൻ റാങ്ക് ലിസ്റ്റിൽനിന്ന് 815 പേർക്കു നിയമന ശുപാർശ ലഭിച്ചിരുന്നു.
∙ലിസ്റ്റിലെ ഇപ്പോഴത്തെ നിയമനനില: ഓപ്പൺ മെറിറ്റ്–244, ഈഴവ–248, എസ്‌സി–260, എസ്ടി–സപ്ലിമെന്ററി 24, മുസ്‌ലിം–സപ്ലിമെന്ററി 1, എൽസി/എഐ–സപ്ലിമെന്ററി 1, വിശ്വകർമ–268, എസ്ഐയുസി നാടാർ–284, ഹിന്ദു നാടാർ–311, എസ്‌സിസിസി–സപ്ലിമെന്ററി 2, ധീവര–439, ഇഡബ്ല്യുഎസ്–242.
പൊലീസിൽ ഇപ്പോഴും വനിതകൾ 10% മാത്രം
പൊലീസ് സേനയിലെ വനിതാ പ്രാതിനിധ്യം 15 ശതമാനമാക്കി ഉയർത്തുമെന്ന സർക്കാർ വാഗ്ദാനം നടപ്പാക്കാത്തതാണ് വനിതാ പൊലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റിലെ നിയമന നിഷേധത്തിന്റെ പ്രധാന കാരണം.
വനിതാ പ്രാതിനിധ്യം 15 ശതമാനത്തിലെത്തിക്കുമെന്ന് 2016ലെ എൽഡിഎഫ് പ്രകടന പത്രികയിൽ വാഗ്ദാനം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ, ബറ്റാലിയൻ അടിസ്ഥാനത്തിൽ നടത്തിയിരുന്ന വനിതാ പൊലീസ് നിയമനം സംസ്ഥാനതലത്തിലാക്കി എന്നല്ലാതെ നിയമനം വർധിപ്പിക്കാൻ നടപടിയൊന്നുമുണ്ടായില്ല.
ഇപ്പോഴും സംസ്ഥാനത്തെ പൊലീസ് സേനയിൽ 10 ശതമാനത്തിനടുത്തേ വനിതാ പ്രാതിനിധ്യമുള്ളൂ. അംഗബലം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഒട്ടേറെ ശുപാർശകൾ സർക്കാരിനു മുന്നിലുണ്ടെങ്കിലും ഇതിലൊന്നും തുടർ നടപടികളുണ്ടായിട്ടില്ല.