ക്ലാർക്കിനും കത്രികപ്പൂട്ട്!

Mail This Article
14 ജില്ലയിലെയും ക്ലാർക്ക് (മുൻ എൽഡി ക്ലാർക്ക്) സാധ്യതാ ലിസ്റ്റ് പിഎസ്‌സി പ്രസിദ്ധീകരിച്ചു. മെയിൻ ലിസ്റ്റിൽ 9,959, സപ്ലിമെന്ററി ലിസ്റ്റിൽ 10,353, ഭിന്നശേഷി ലിസ്റ്റിൽ 416 എന്നിങ്ങനെ 20,728 പേരെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ തവണ എൽഡി ക്ലാർക്ക് സാധ്യതാ ലിസ്റ്റുകളിൽ 23,693 പേരെ ഉൾപ്പെടുത്തിയിരുന്നു. ഇത്തവണ 2965 പേർ കുറഞ്ഞു.
ഏറ്റവും കൂടുതൽ പേരെ ഉൾപ്പെടുത്തിയിരിക്കുന്നത് തിരുവനന്തപുരം ജില്ലയിലാണ്–2259. കുറവ് വയനാട് ജില്ലയിൽ–720. രണ്ടായിരത്തിലേറെപ്പേർ ലിസ്റ്റിൽ ഇടംനേടിയത് തിരുവനന്തപുരത്തും എറണാകുളത്തും മാത്രം. കഴിഞ്ഞ തവണ ഈ 2 ജില്ലകൾക്കൊപ്പം മലപ്പുറത്തും രണ്ടായിരത്തിലധികം പേരെ ഉൾപ്പെടുത്തിയിരുന്നു. സാധ്യതാ ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയാക്കി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.
3 ജില്ലകളിൽ സപ്ലി. ലിസ്റ്റ് ‘വലുതായി’!
ഇത്തവണ പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിൽ ഇത്തവണ സപ്ലിമെന്ററി ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ എണ്ണം വർധിച്ചു. പത്തനംതിട്ടയിൽ 48 പേരെയും ഇടുക്കിയിൽ 14 പേരെയും വയനാട് ജില്ലയിൽ 84 പേരെയുമാണു കൂടുതലായി ഉൾപ്പെടുത്തിയത്. എന്നാൽ, 3 ജില്ലയിലും മെയിൻ ലിസ്റ്റിലും ഭിന്നശേഷി വിഭാഗ ലിസ്റ്റിലും ഉദ്യോഗാർഥികളെ കുറച്ചിരിക്കുകയാണ്.
എല്ലാ ജില്ലയിലെയും കട്ട് ഓഫ് മാർക്ക് വർധിപ്പിച്ചിട്ടുമുണ്ട്. കഴിഞ്ഞ തവണ 48.67 മുതൽ 55.33 വരെയായിരുന്നു കട്ട് ഓഫ് മാർക്ക്. ഇത്തവണ 57 മുതൽ 72.67 വരെ. ഉയർന്ന കട്ട് ഓഫ് തിരുവനന്തപുരം ജില്ലയിലാണ്–72.67. കുറവ് കണ്ണൂർ ജില്ലയിൽ–57.
തസ്തികമാറ്റ ലിസ്റ്റിൽ 1791 പേർ
തസ്തികമാറ്റം വഴിയുള്ള ക്ലാർക്ക് സാധ്യതാ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത് 1,791 പേരെ. ഏറ്റവും കൂടുതൽ പേർ തിരുവനന്തപുരം ജില്ലയിലാണ്–265. കുറവ് വയനാട് ജില്ലയിൽ–45. പരീക്ഷയിൽ 40% മാർക്കും അതിൽക്കൂടുതലും നേടിയവരെയാണ് തസ്തികമാറ്റ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.