പൊലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റ് തീരാൻ മൂന്നാഴ്ച; നിയമനം മൂന്നിലൊന്നു മാത്രം

Mail This Article
പൊലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കാൻ മൂന്നാഴ്ച മാത്രം ശേഷിക്കെ ഇതുവരെ നടന്നത് 32% നിയമന ശുപാർശ മാത്രം.
7 ബറ്റാലിയനിലായി 2024 ഏപ്രിൽ 15നു നിലവിൽ വന്ന റാങ്ക് ലിസ്റ്റുകളിൽ 6,647 പേരെയാണു പിഎസ്‌സി ഉൾപ്പെടുത്തിയിരുന്നത്. ഇതിൽ 2,138 പേർക്കു മാത്രമാണ് ഇതുവരെ നിയമന ശുപാർശ ലഭിച്ചത്. ആകെ ശുപാർശയിൽ 231 ഒഴിവ് എൻജെഡിയാണ്. അതായത്, യഥാർഥ നിയമനം 1,907 മാത്രം.
ഏപ്രിൽ 15നു ലിസ്റ്റിന്റെ കാലാവധി അവസാനിക്കാനിരിക്കെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട നാലായിരത്തിലധികം പേർ ആശങ്കയിലാണ്. ഈ തസ്തികയുടെ മുൻ റാങ്ക് ലിസ്റ്റിൽ നിന്ന് 4,783 പേർക്കു നിയമന ശുപാർശ ലഭിച്ചിരുന്നു.
ഇതുവരെ ഏറ്റവും കൂടുതൽ പേർക്കു നിയമന ശുപാർശ നൽകിയിരിക്കുന്നത് മലപ്പുറം (എംഎസ്പി) ജില്ലയിലാണ്–423. കുറവ് എറണാകുളം (കെഎപി–1) ജില്ലയിൽ–223.
ഇത്തവണ ഒരു ജില്ലയിൽപോലും നിയമന ശുപാർശ 500 കടന്നിട്ടില്ല.
മുൻ ലിസ്റ്റിൽ നിന്ന് ഇടുക്കി ഒഴികെ എല്ലാ ജില്ലകളിലും 600ൽ കൂടുതൽ പേർക്കു നിയമന ശുപാർശ ലഭിച്ചിരുന്നു.
19 എൻജെഡി ഒഴിവുകൂടി
കോൺസ്റ്റബിൾമാരുടെ 19 ഒഴിവുകൂടി പൊലീസ് വകുപ്പ് പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്തു. മുൻ നിയമന ശുപാർശയെ തുടർന്നുണ്ടായ എൻജെഡി ഒഴിവുകളാണു റിപ്പോർട്ട് ചെയ്തത്.
മലപ്പുറം (എംഎസ്പി), തൃശൂർ (കെഎപി–2) ജില്ലകളിൽ റിപ്പോർട്ട് ചെയ്ത ഒഴിവുകളിൽ പിഎസ്‌സി ഉടൻ നിയമന ശുപാർശ നൽകും.