'നിങ്ങൾ ജയ്പൂരിൽ പോയിട്ടുണ്ടോ?' പിങ്ക്സിറ്റിയിൽ ലെന
Mail This Article
രാജസ്ഥാന്‍റെ തലസ്ഥാനവും ടൂറിസ്റ്റ് കേന്ദ്രവുമായ ജയ്പൂർ നഗരത്തിന്‍റെ ഹൃദയഭാഗത്താണ് സിറ്റി പാലസ് സ്ഥിതി ചെയ്യുന്നത്. ജയ്പൂരിലെ മുൻ ഭരണാധികാരികളായിരുന്ന കഛാവ രജപുത്രരുടെ ആസ്ഥാനമായിരുന്നു കൊട്ടാരം. മഹാരാജ സവായ് മാൻ സിങ് രണ്ടാമൻ മ്യൂസിയം എന്ന പേരിൽ ഈ കൊട്ടാരസമുച്ചയം ഇന്ന് ഒരു കാഴ്ചബംഗ്ലാവാക്കിയിട്ടുണ്ടെങ്കിലും, ഇവിടെയുള്ള ചന്ദ്രമഹൽ മാളികയുടെ ഒരു ഭാഗത്ത് രാജകുടുംബം താമസിക്കുന്നു.
രാജ്പുത്, യൂറോപ്യൻ, മുഗൾ ശൈലികളുടെ മനോഹരമായ ഒരു സമന്വയമാണ് കൊട്ടാരത്തിന്‍റെ വാസ്തുവിദ്യാ ശൈലിയില്‍ തെളിഞ്ഞുകാണുന്നത്. ചുവപ്പും പിങ്ക് നിറത്തിലുള്ളതുമായ മണൽക്കല്ലുകൾ കൊണ്ട് നിർമ്മിച്ച പ്രധാന കൊട്ടാരത്തിന് ചുറ്റുമായി, കമാനങ്ങളോടു കൂടിയ കൊട്ടാരങ്ങളാൽ ചുറ്റപ്പെട്ട വിശാലമായ മുറ്റങ്ങളുണ്ട്. ഈ ചെറിയ കൊട്ടാരങ്ങൾ ഇപ്പോൾ മ്യൂസിയങ്ങളാക്കി മാറ്റിയിരിക്കുന്നു, വിനോദസഞ്ചാരികൾക്ക് ഇവിടം ഒറ്റയ്ക്കോ അല്ലെങ്കില്‍ ഗൈഡഡ് ടൂർ വഴിയോ സന്ദര്‍ശിക്കാം.
പതിനെട്ടാം നൂറ്റാണ്ടില്‍, ആംബറിന്‍റെ ഭരണാധികാരിയായിരുന്ന സവായ് ജയ്സിങ് രണ്ടാമൻ ആണ് ജയ്പൂര്‍ കൊട്ടാരത്തിന്‍റെ പണി ആരംഭിച്ചത്. ജയ്‌സിംഗിന്‍റെ നേതൃത്വത്തിൽ കൊട്ടാരത്തിന്‍റെ രൂപരേഖ തയ്യാറാക്കുകയും ചുറ്റുമതിലുകൾ തീർക്കുകയും ചെയ്തു. ഇരുപതാം നൂറ്റാണ്ടുവരെയുള്ള ജയ് സിങ്ങിന്‍റെ പിൻഗാമികളാണ് ബാക്കി പണികള്‍ പൂർത്തിയാക്കിയത്. വിദ്യാധർ ഭട്ടാചാര്യ, സർ സാമുവൽ സ്വിന്റൺ ജേക്കബ് തുടങ്ങി ഒട്ടേറെ വാസ്തുശിൽപ്പികളുടെ കരവിരുതിലാണ് കൊട്ടാരവും ചുറ്റുമുള്ള നഗരവും ഒരുക്കിയെടുത്തിട്ടുള്ളത്.
കൊട്ടാരത്തിന്‍റെ വാസ്തുവിദ്യ ആരെയും മയക്കുംവിധം അതിമനോഹരമാണ്. ഇതിന്‍റെ ഓരോ ഭാഗങ്ങളും വളരെയധികം ചിന്തയും പരിശ്രമവും ചിലവഴിച്ച് നിര്‍മ്മിച്ചിട്ടുള്ളവയാണ്. അതുകൊണ്ടുതന്നെ, കണ്ണും കാതും തുറന്ന് കാണുകയാണെങ്കില്‍ ഇവിടം കണ്ടുതീര്‍ക്കാന്‍ ഒരുദിനം മതിയാവില്ല. ചന്ദ്രമഹലിന്‍റെ പുറകിലെ നടുമുറ്റമായ പീതം നിവാസ് ചൗക്കും അവിടെയുള്ള നാലുവാതിലുകളും ഈ കൊട്ടാരത്തിലെ ഒരു ശ്രദ്ധേയമായ കാഴ്ചയാണ്. പീതം ചൗക്കിന്‍റെ കിഴക്കുവശത്തായി മയിലുകളുടേയും പീലികളുടേയും ശിൽപങ്ങളാൽ അലങ്കരിച്ച വാതിലാണ് മയൂരകവാടം അഥവാ പീക്കോക്ക് ഗേറ്റ്. നടുമുറ്റത്തിന്‍റെ കിഴക്കുവശത്ത് തെക്കോട്ട് നീങ്ങിയുള്ള രണ്ടാമത്തെ വാതിലാണ് പത്മകവാടം എന്ന ലോട്ടസ് ഗേറ്റ്. താമരയിതളുകളുടെ ചിത്രങ്ങള്‍ ഇവിടെ കാണാം. പടിഞ്ഞാറു വശത്തുള്ള രണ്ടു കവാടങ്ങളിൽ തെക്കേ അറ്റത്ത് പനീർപ്പൂവിതളുകളുടെ തീമില്‍ നിര്‍മ്മിച്ച റോസ് ഗേറ്റ്, അരികിലായി ഹരിതകവാടം അഥവാ ഗ്രീൻ ഗേറ്റ് എന്നിവയും കാണാം. ഇവയോരോന്നും ഓരോ ഋതുക്കളെയാണ് പ്രതിനിധീകരിക്കുന്നത്.
കൂടാതെ, വെള്ളി കൊണ്ട് നിർമ്മിച്ച ലോകത്തെ ഏറ്റവും വലിയ വസ്തുക്കൾ എന്ന ഗിന്നസ് റെക്കോഡ് സ്വന്തമാക്കിയ വെള്ളിക്കുടങ്ങളാണ് കൊട്ടാരത്തിലെ മറ്റൊരു കാഴ്ച. 5 അടി 3 ഇഞ്ച് ഉയരവും 14 അടി 10 ഇഞ്ച് ചുറ്റളവും 4091 ലിറ്റർ വ്യാപ്തവുമുള്ള രണ്ടു വെള്ളിക്കുടങ്ങളില്‍ ഓരോന്നിനും 345 കിലോ വീതം ഭാരമുണ്ട്. രാവിലെ ഒന്‍പതര മുതല്‍ വൈകീട്ട് അഞ്ചുമണി വരെയാണ് കൊട്ടാരത്തിലെ സന്ദര്‍ശക സമയം.
English Summary: Lena Enjoys Holiday in Jaipur