ADVERTISEMENT

കത്തി നിന്ന സൂര്യനെ മറച്ച് ആകാശം കാർമേഘം മൂടിയപ്പോൾ മുതൽ ഒരു യാത്ര മനസ്സിൽ ഇങ്ങനെ മൂളിപ്പാടുന്നുണ്ടായിരുന്നു. മഴയെന്നു കേട്ടാൽ ആദ്യം ഓർമ വരുന്നതും ഈറനണിഞ്ഞ പാതകൾ ഏറ്റവുമധികം താണ്ടിയിട്ടുള്ളതും ഇടുക്കിയിലേക്കായതിനാൽ ഈ മഴക്കാലത്തും ആദ്യം ഓർമയിലെത്തിയത് ഈ സുന്ദരിയാണ്. ചാറ്റൽ മഴയിൽ നനഞ്ഞു വിറച്ച് കോട പൊതിഞ്ഞ വഴിത്താരയുമായി വരവേൽക്കുന്ന ഇടുക്കിയോളം സുന്ദരമായ മറ്റൊരു ഭൂപ്രകൃതി ഇവിടെയില്ല എന്ന (എന്റെ മാത്രം) ചിന്തയുമാകാം എല്ലാം മഴക്കാലത്തും ഇടുക്കിയൊന്നു കാണണമെന്ന തോന്നലുണ്ടാകാൻ കാരണം. എന്നാൽ കാത്തിരുന്ന കാലവർഷം കുറച്ചു താമസിച്ചപ്പോൾ ഇത്തവണ സ്ഥലമൊന്നു മാറ്റിപ്പിടിച്ചാലോ എന്ന ചിന്തയായി. പക്ഷേ എവിടേക്ക്? ആ ആലോചന ചെന്നെത്തിയത് മണിരത്നത്തിന്റെ പ്രിയപ്പെട്ട ഷൂട്ടിങ് ലൊക്കേഷനിലാണ്. ഐശ്വര്യ റായിയുടെയും പ്രീതി സിന്റയുടെയുമൊക്കെ നൃത്തച്ചുവടുകൾക്ക് പശ്ചാത്തലസംഗീതമൊരുക്കിയ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിൽ. സിനിമയിലും വിഡിയോകളിലും മാത്രം കണ്ടിട്ടുള്ള അതിരപ്പിള്ളിയിലേക്കാകട്ടെ യാത്രയെന്ന് ഞാനും ഭർത്താവും തീരുമാനിച്ചു. രണ്ടു ദിവസം കയ്യിലുള്ളതിനാൽ അതിരപ്പിള്ളി മാത്രം മതിയോ എന്ന ‍ചിന്ത ഞങ്ങളെ എത്തിച്ചത് ഇന്ത്യയിലെ ബൈക്ക് റൈഡേഴ്സിന്റെ പ്രിയപ്പെട്ട റൂട്ടുകളുടെ പട്ടികയിലുള്ള, ആനയും മറ്റു വന്യമൃഗങ്ങളും യാത്ര തടസ്സപ്പെടുത്താൻ സാധ്യതയുള്ള അതിരപ്പിള്ളി– മലക്കപ്പാറ– വാൽപ്പാറ യാത്രയിൽ.

athirappally-valpara-06
അതിരപ്പിള്ളി വെള്ളച്ചാട്ടം

‌കോട്ടയം ടു അതിരപ്പിള്ളി

കോട്ടയത്തുനിന്ന് ഒരു ശനിയാഴ്ച രാവിലെ ഏഴിന് കാറിലാണ് യാത്ര ആരംഭിച്ചത്. അവധി ദിവസമായതിൽ റോഡിൽ വലിയ തിരക്കില്ലായിരുന്നു. മൂന്നര മണിക്കൂറു കൊണ്ട് (അങ്കമാലി– ചാലക്കുടി വഴി) ചാലക്കുടിയിൽനിന്ന് 25 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന അതിരപ്പിള്ളിയെത്തി. റോഡിൽ വലിയ തിരക്കില്ലായിരുന്നെങ്കിലും മഴക്കാലത്ത് വെള്ളച്ചാട്ടം ആസ്വദിക്കാനെത്തിയവരുടെ ഒഴുക്കായിരുന്നു അതിരപ്പിള്ളിയിൽ. അതിൽ മലയാളികളും മറ്റു സംസ്ഥാനങ്ങളിൽനിന്ന് വന്നവരും ഉൾപ്പെടും. 50 രൂപയാണ് രണ്ടു പേർക്കുള്ള എൻട്രി ടിക്കറ്റിന്. (അതിരപ്പിള്ളിയിലേക്കും വാഴച്ചാലിലേക്കുമുള്ള എൻട്രി ടിക്കറ്റാണിത്. ഞങ്ങൾ തിരികെ വന്നപ്പോഴാണ് വാഴച്ചാലിൽ കയറിയത്. പിറ്റേ ദിവസമായതിനാൽ വേറെ ടിക്കറ്റ് എടുക്കേണ്ടി വന്നു. ഒരു ദിവസം തന്നെ രണ്ടിടവും സന്ദർശിക്കുന്നത് ഉചിതം). വനം വകുപ്പാണ് ടിക്കറ്റു നൽകുന്നതും മറ്റു സൗകര്യങ്ങൾ ഒരുക്കുന്നതും. 

athirappally-valpara-09
അതിരപ്പിള്ളി വെള്ളച്ചാട്ടം

ടിക്കറ്റുമെടുത്ത്, മനോഹരമായി സൂക്ഷിച്ചിരിക്കുന്ന നടപ്പാത വഴി 400 മീറ്റർ നടന്ന് താഴേക്ക് ഇറങ്ങിച്ചെല്ലുമ്പോൾ എത്തുന്നത് ഇന്ത്യയിലെ തന്നെ ഏറ്റവും മനോഹരമായ വെള്ളച്ചാട്ടങ്ങളിൽ ഒന്നിലേക്കാണ്. തൂവെള്ള നിറത്തിൽ ആകാശത്തുനിന്ന് ഭൂമിയിലേക്ക് ഘോരശബ്ദത്തിൽ ജലം പതിക്കുന്ന കാഴ്ച കണ്ണിനും മനസ്സിനും കുളർമയേകുന്നതാണ്. വെള്ളച്ചാട്ടത്തിന് അടുത്തു പോകാതിരിക്കാൻ വടം കെട്ടി തിരിച്ചിട്ടുണ്ടെങ്കിലും പാറക്കല്ലുകളിൽ കയറി നിന്നാൽ താഴേക്ക് പതിക്കുന്ന ജലം തെറിച്ചു വീണ് മനസ്സിനെയും ശരീരത്തെയും തണുപ്പിക്കും. എത്രനേരമിരുന്നാലും സമയം പോകുന്നത് അറിയില്ല. സഞ്ചാരികൾക്കായി മികച്ച സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. വൃത്തിയുള്ള ശുചിമുറികളും ഫസ്റ്റ്എയ്‍ഡ് സൗകര്യങ്ങളും നല്ലത്. സന്ധ്യയ്ക്കു മുന്നേ വാൽപ്പാറ എത്തേണ്ടുന്നതിനാൽ അതിരപ്പിള്ളിയിൽനിന്ന് ഭക്ഷണം കഴിച്ച് ഉച്ചയോടെ യാത്ര തിരിച്ചു. 

athirappally-valpara-05
മലക്കപ്പാറ ചെക്ക് പോസ്റ്റ്

പേടിപ്പെടുത്തുന്ന ഘോരവനം

അതിരപ്പിള്ളിയിൽനിന്ന് ഏതാണ്ട് മൂന്നു മണിക്കൂറാണ് വാൽപാറയിലേക്ക് വേണ്ടത്. വാഴച്ചാൽ വെള്ളച്ചാട്ടത്തിലേക്കു പോകുന്ന റോഡിൽ നിന്നാണ് മലക്കപ്പാറ വരെ വാഹനം പോകുന്നതിനുള്ള പാസ് എടുക്കേണ്ടത്. വനമായതിനാൽ പ്ലാസ്റ്റിക് കുപ്പികളൊന്നും വാഹനത്തിൽ കയറ്റാതിരിക്കുന്നതാണ് നല്ലത്. കുറച്ചു മുന്നോട്ടു ചെല്ലുമ്പോൾ ചാർപ്പ വെള്ളച്ചാട്ടത്തിൽ നമ്മുടെ കണ്ണുടക്കും. അൽപ സമയം അവിടെ ചെലവിട്ടു. ചാറ്റൽമഴയിൽ, വനത്തിലെ മനോഹരമായ റോഡിലൂടെയുള്ള യാത്ര രസകരമായി തോന്നി. കാറിൽ പ്ലേ ചെയ്യുന്ന പഴയ മലയാളം പാട്ടിന്റെ താളത്തിൽ മഴയൊക്കെ ആസ്വദിച്ച് മുന്നോട്ടു പോകുന്തോറും കാടിന്റെ വന്യത കൂടി വരുന്നതായി നമുക്ക് അനുഭവപ്പെടും. വല്ലപ്പോഴും എതിരെ വരുന്ന വാഹനങ്ങൾ കാണുമ്പോൾ ആശ്വാസമൊക്കെ തോന്നുന്ന തരത്തിൽ, വനം നമ്മിൽ ഭയം നിറയ്ക്കും. തലേ രാത്രി നന്നായി മഴയും കാറ്റുമുണ്ടായതിന്റെ സൂചനയായി മരങ്ങൾ പിളർന്ന് റോഡിലേക്ക് വീണതും പോകുന്ന വഴിയുള്ള വെള്ളച്ചാട്ടങ്ങളിലെ ഒഴുക്കു ശക്തമായതും ജലസ്രോതസ്സുകൾ നിറഞ്ഞതും കാണാം. മഴയായതിനാലാകാം, വഴിയിൽ തടസ്സമുണ്ടാക്കാൻ ആനകളെയൊന്നും കണ്ടില്ല. കുറേ കുരങ്ങന്മാരും റോഡരികിലൂടെ ഏഴഴകും വിരിച്ച് പതിെയ നടന്നിരുന്ന ഒരു മയിലുമായിരുന്നു ഞങ്ങൾ ആകെ കണ്ട ‘വന്യജീവികൾ’...

athirappally-valpara-04
വാൽപാറയിലേക്ക്

വനത്തിലൂടെയുള്ള വഴി ചെന്നെത്തുന്നത് കുറച്ച് കടകളും ആൾത്താമസവുമുള്ള മലക്കപ്പാറ എന്ന പ്രദേശത്താണ്. ഇവിടെനിന്ന് ചായയും പലഹാരങ്ങളുമൊക്കെ കഴിച്ച് ഒന്നു വിശ്രമിച്ച ശേഷം യാത്ര തുടരാം. വൈകിട്ട് കോട പുതച്ചു കിടക്കുന്ന മലക്കപ്പാറയാണ് ഞങ്ങളെ സ്വാഗതം ചെയ്തത്. ഘോരവനമായതിനാൽ വഴിയിൽ മറ്റെവിടെയും വാഹനം നിർത്താതിരിക്കുന്നതാകും നല്ലത്. കുറച്ചു മുന്നോട്ടു പോയാൽ മലക്കപ്പാറ ചെക്ക്പോസ്റ്റിലെത്താം. വാഴച്ചാലിൽനിന്ന് ഏതാണ്ട് 45 കിലോമീറ്റർ പിന്നിടുമ്പോഴാണ് മലക്കപ്പാറ ചെക്ക്പോസ്റ്റ്. നാലു മണിയോടെയാണ് ഞങ്ങൾ അവിടെ എത്തിയത്. കേരള ചെക്ക്പോസ്റ്റിൽ പരിശോധനയുണ്ട്. ഇവിടെ ശുചിമുറിയും മറ്റു സൗകര്യങ്ങളുമുള്ള ഒരു കെട്ടിടമുണ്ട്. മലക്കപ്പാറ എത്തുന്നതിനും മുൻപും ശേഷവുമായി ഏതാണ്ടൊരു 10–15 കിലോമീറ്റർ റോഡ് മോശമാണ്. അങ്ങനെ കുണ്ടിലും കുഴിയിലും ചാടി ഒരു യാത്ര. അത് അവസാനിക്കുന്നത് വാൽപാറയിലേക്കുള്ള എൻട്രി ഗേറ്റിൽ. തമാശയ്ക്കാണെങ്കിലും ‘ആഹാ, തമിഴ്നാട് എത്തി, നല്ല റോഡിൽ കയറിയല്ലോ’ എന്ന് ഞങ്ങൾ രണ്ടും ഒരുപോലെ ഒന്നു ഗദ്ഗദം കൊണ്ടു. 

athirappally-valpara-01

മൂന്നാറിനെ വെല്ലും ഈ വാൽപാറ!

വാൽപാറ ടൗണിലെത്തിയതും, ഒരു ദിവസം എവിടെ താമസിക്കുമെന്നായി. വാൽപാറയിൽ ഹോട്ടലുകളേക്കാൾ കൂടുതൽ ഹോംസ്റ്റേകളാണെന്നും അവിടെ ചെന്നിട്ട് അന്വേഷിച്ചാൽ മതിയെന്നുമുള്ള വിഡിയോകൾ കണ്ടാണ് മുറി ബുക്ക് ചെയ്യാതെ പോയത്. രണ്ടു ഹോംസ്റ്റേകളിൽ കയറി നോക്കി. രണ്ടാമത്തേതിൽ തേയിലത്തോട്ടങ്ങളും ചെറിയ പുഴയും അഭിമുഖമായി വരുന്ന ഒരു മുറിയെടുത്തു– 2500 രൂപ. വ്യൂ വേണ്ടെങ്കിൽ 2000 കൊടുത്താൽമതി. എത്തിയപ്പോൾത്തന്നെ അഞ്ചു മണിയായതിനാൽ കാഴ്ച കാണലൊക്കെ നാളെയാക്കാമെന്നു കരുതി ടൗണിൽ ഒന്നു നടക്കാനിറങ്ങി. ചെറിയ ചാറ്റൽ മഴയുണ്ടായിരുന്നു. ശരിക്കും ഒരു മിനി മൂന്നാർ. കെട്ടിടങ്ങളുടെ ആകൃതിയും കടകളും അവിടെ നിറച്ചു വച്ചിരിക്കുന്ന ചായപ്പൊടി, ഹോം മേഡ് ചോക്ലേറ്റ് പായ്ക്കറ്റുകളുമെല്ലാം മൂന്നാറിനെ ഓർമിപ്പിക്കും. രാത്രി ഭക്ഷണത്തിനായി കയറിയത് താമസിക്കുന്ന സ്ഥലത്തിന് അടുത്തുള്ള ചെറിയ ഒരു കടയിലാണ്. കടയാണോ വീടാണോ എന്നൊരു സംശയം തോന്നിക്കുന്ന സ്ഥലം. ഞങ്ങൾ ചെന്നപ്പോൾ അവിടെ ചെറിയ ടിവിയിൽ ഇന്ത്യ–ബംഗ്ലദേശ് ലോകകപ്പ് ക്രിക്കറ്റ് മത്സരം നടക്കുന്നു. പണ്ട് കരുണാനിധിയോ ജയലളിതയോ കൊടുത്ത ടിവിയിൽ ആ മത്സരവും കണ്ടാണ് ചൂടു ദോശയും ചമ്മന്തിയും സാമ്പാറും കഴിച്ചത്. പഴയ തമിഴ് സിനിമകളിൽ കണ്ട തമിഴ്നാടിന്റെ എല്ലാ ഭാവങ്ങളും ഉൾക്കൊള്ളുന്നതായിരുന്നു ആ കടയും അവിടുത്തെ ഭക്ഷണവും ആളുകളും. അതുകൊണ്ടു തന്നെ ആ ഭക്ഷണം വല്ലാതെ മനസ്സുനിറച്ചു. പിറ്റേ ദിവസം രാവിലെയും അവിടെത്തന്നെ ഭക്ഷണമാക്കാമെന്നു തീരുമാനിച്ചതും അതുകൊണ്ടാകും. 

athirappally-valpara-03
ഇന്ത്യ–ബംഗ്ലദേശ് ലോകകപ്പ് ക്രിക്കറ്റ് മത്സരം

കോടമഞ്ഞു പൊതിഞ്ഞ മലനിരകളും അതിൽ തളിരിട്ടു നിൽക്കുന്ന തേയിലനാമ്പും കണികണ്ടാണ് അടുത്ത ദിവസം എഴുന്നേറ്റത്. രാവിലെ പോയത് ബാലാജി ക്ഷേത്രത്തിലേക്കാണ്. പോകുന്ന വഴി വീണ്ടും മൂന്നാറിനെ ഓർമിപ്പിക്കും. റോഡിന്റെ ഇരുവശവും തേയിലത്തോട്ടം. തേയില നുള്ളാൻ പോകുന്ന സ്ത്രീകൾ വഴിയിലെങ്ങും. കുറച്ചു ദൂരം പോകുമ്പോൾ മൂന്നാറിനേക്കാൾ മനോഹരമെന്നു തോന്നും. കോടയും ചെറിയ മഴയുമായി, ഒരു വാഹനത്തിനു പോകാൻ കഴിയുന്ന വഴിയിലൂടെ എത്തിച്ചേരുന്നത് മരങ്ങൾ നിറഞ്ഞ പ്രദേശത്താണ്, അവിടെ വാഹനം പാർക്ക് ചെയ്ത ശേഷം ക്ഷേത്രത്തിലേക്ക് നടന്നു പോകണം. ചെന്നെത്തുന്നത് ടൈലുകൾ പാകിയ, ചുറ്റും പൂന്തോട്ടമുള്ള ക്ഷേത്രത്തിലാണ്. ക്ഷേത്രം അമ്പരപ്പിക്കുന്നതോ ആകാംക്ഷ നിറയ്ക്കുന്നതോ അല്ലായിരുന്നു. എന്നാൽ, ആ വഴി ജീവിതത്തിൽ ഒരിക്കലും മറക്കാൻ സാധ്യതയില്ലാത്തതാണ്. തിരികെ വാൽപാറയിലേക്കുള്ള യാത്രയിൽ നല്ലമുടി വ്യൂ പോയിന്റിൽ കാർ നിർത്തി കുറച്ചുസമയം ചെലവഴിച്ചു. 

athirappally-valpara-07
ഷോളയാർ ഡാമിന് അടുത്തുള്ള ചെറിയ കടകൾ

വാൽപാറയിൽനിന്ന് തിരികെ വരുന്ന വഴിയാണ് ഷോളയാർ ഡാം. ഉള്ളിലേക്ക് പ്രവേശനമില്ലെങ്കിലും അവിടെയിറങ്ങി ചായ കുടിക്കാനും മറ്റും നിരവധി കടകളുണ്ട്. ഡാമിൽ നിന്നു പിടിക്കുന്ന മീൻ കൊണ്ടുള്ള വിഭവങ്ങവ്‍ ഇവിടുത്തെ സ്പെഷലാണ്. തിരികെ വരുന്ന വഴി വനത്തിനുള്ളിൽ വാഹനങ്ങളുടെ നീണ്ടനിരയായതിനാൽ വാഴച്ചാലിലെത്താൻ പോയതിലും ഇരട്ടി സമയം വേണ്ടിവന്നു. തിരക്കുണ്ടെങ്കിലും യാത്ര ബോറടിക്കില്ല. ഇടയ്ക്കിടെ നമ്മുടെ ആനവണ്ടി അതുവഴി വരുന്നത് അൽപം പേടിപ്പെടുത്തുമെങ്കിലും രസമുള്ള കാഴ്ചയായിരുന്നു. അതിരപ്പിള്ളിയ്ക്കും വാൽപ്പാറയ്ക്കും ഇടയിൽ മൊബൈൽ റേഞ്ച് പ്രശ്നമാണ്. അതിനാൽ കയ്യിൽ പണം കരുതുന്നതാണ് നല്ലത്. പ്രതീക്ഷിച്ചതിലും വൈകിയതിനാൽ കാട്ടിലെ വനംവകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഭക്ഷണശാലയിൽനിന്ന് ഭക്ഷണം കഴിച്ചു. വനംവകുപ്പിന്റെ ഉദ്യോഗസ്ഥനാണ് മേൽനോട്ടമെങ്കിലും ആദിവാസികളാണ് ഭക്ഷണമുണ്ടാക്കുന്നതും മറ്റും. കാടിനു നടുവിൽ മുളകൊണ്ട് തീർത്ത മനോഹരമായ ഒരു ഭക്ഷണശാല. അതിനു തൊട്ടടുത്തായി വനംവകുപ്പ് ഉദ്യോഗസ്ഥർ താമസിക്കുന്ന ഒരു കെട്ടിടവും ശൗചാലയവും മറ്റുമുണ്ട്. മൊബൈൽ റേഞ്ച് പ്രശ്നമായതിനാൽ യുപിഐ പേയ്മെന്റ് പണി മുടക്കി. എന്നാൽ, സന്മനസ്സു തോന്നിയ വനംവകുപ്പ് ഉദ്യോഗസ്ഥൻ ഭക്ഷണത്തിന്റെ പണം അതിരപ്പിള്ളിയിൽ എത്തിയിട്ട് അയച്ചാൽ മതിയെന്നു പറഞ്ഞു നമ്പർ തന്നു. നാലരയോടെ വഴച്ചാൽ‌ എത്തിയ ഞങ്ങൾ വെള്ളച്ചാട്ടവും കണ്ട് ഒരിക്കലും മറക്കാത്ത മഴയാത്രയുടെ ഓർമകളിൽ തിരികെ കോട്ടയത്തേക്ക്. വാൽപ്പാറയിൽനിന്നു വാങ്ങിയ ചായപ്പൊടിയുടെ ചായ കുടിക്കുമ്പോൾ ഇപ്പോഴും ഞങ്ങൾ ആ യാത്രയുടെ മധുരം നുണയുന്നു.

athirappally-valpara-02
മലക്കപ്പാറ ടൗൺ
athirappally-valpara-08
വാൽപാറ

(വാൽപാറയിൽനിന്ന് 40 ഹെയർപിൻ വളവുകൾ ഉള്ള ചുരം വഴി പൊള്ളാച്ചിക്ക് പോകാവുന്ന ഒരു വഴിയും പാലക്കാട് വഴി തിരികെ പോകാവുന്ന മറ്റൊരു റൂട്ടും ഉണ്ട്. നിങ്ങളുടെ സമയവും മറ്റു സൗകര്യങ്ങളും പരിഗണിച്ച് തിരഞ്ഞെടുക്കാം. ചുരം റോഡ് ഉറപ്പായും മികച്ച അനുഭവമായിരിക്കുമെന്നു സുഹൃത്തുക്കൾ പലരും പറഞ്ഞു).

English Summary:

Discover the Magic of a Monsoon Road Trip: Kottayam to Athirapalli and Valparai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com