'മുയലുകള്‍' വീട്ടിലെത്തിക്കും ഭക്ഷണം, കൊറോണക്കാലത്തെ ഈ ഡൂംസ് ഡേ ഡിന്നര്‍ പാര്‍ട്ടി വന്‍ വിജയം!

Mail This Article
2019ലാണ് ഷെഫുമാരായ ആദം ബോര്‍ഡോണാരോയും റയാന്‍ ലോറിയും ചേര്‍ന്ന് തങ്ങളുടെ ആദ്യ റസ്റ്റോറന്‍റ് ആരംഭിക്കുന്നത്. ന്യൂയോര്‍ക്ക് സിറ്റിക്കടുത്ത് ഗ്രീന്‍വിച്ച് ഗ്രാമത്തില്‍ തുടങ്ങിയ ആര്‍ഡിന്‍ എന്ന ആ റസ്റ്റോറന്‍റ് ഭക്ഷണത്തിന്‍റെ ഗുണമേന്മ കാരണം വളരെ വേഗം തന്നെ പ്രശസ്തിയാര്‍ജ്ജിച്ചു.
വര്‍ഷങ്ങളായി സുഹൃത്തുക്കളായിരുന്നു ആദമും റയാനും. ഒരുമിച്ചു ജോലി ചെയ്യുമ്പോഴാണ് റസ്റ്റോറന്‍റ് എന്നൊരു ആശയം ഇരുവരുടെയും മനസ്സിലേക്ക് വരുന്നത്. ഒരുമിച്ചു പൂവണിയിച്ച ആ സ്വപ്നം മനോഹരമായി മുന്നോട്ടു പോകുമ്പോഴാണ് ലോകത്തെ മറ്റെല്ലാ ഇടങ്ങളിലും എന്ന പോലെ കൊറോണ മഹാമാരി ന്യൂയോര്‍ക്ക് നഗരത്തിലും പടര്‍ന്നു പിടിക്കുന്നത്. അതോടെ റസ്റ്റോറന്റുകള്‍ അടക്കമുള്ള എല്ലാ സ്ഥാപനങ്ങളും ഒന്നൊന്നായി അടച്ചു പൂട്ടി.
ആര്‍ഡിന്‍ പൂട്ടിയില്ല, പകരം ചെയ്തത്
കൊറോണ 'പടരുമോ' എന്നതിനേക്കാളും 'എപ്പോള്‍ അത് ഇവിടെയെത്തും' എന്നാണ് ആദമും റയാനും ചിന്തിച്ചത്.റസ്റ്റോറന്‍റ് പൂട്ടിയിടേണ്ടി വരും എന്ന കാര്യം മുന്‍കൂട്ടി കണ്ട അവര്‍ ആ സമയത്തെ ഫലപ്രദമായി നേരിടാനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങി. അങ്ങനെയാണ് 'ഡൂംസ് ഡേ ഡിന്നര്‍ പാര്‍ട്ടി' എന്ന ആശയം മനസിലേക്ക് വരുന്നത്.
നാലു പേര്‍ക്കുള്ള ഭക്ഷണം വൃത്തിയായി പാക്ക് ചെയ്ത് വീടുകളില്‍ എത്തിക്കുക എന്നതാണ് ഡൂംസ് ഡേ ഡിന്നര്‍ പാര്‍ട്ടി എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. 600 ഡോളര്‍ ആണ് തുടക്ക വില. ഏഴു കോഴ്സുകള്‍ ആണ് ഈ ഭക്ഷണകിറ്റില്‍ ഉണ്ടാവുക. അടുത്തയാഴ്ച മുതല്‍ സിട്രസ് ക്യുവേഡ് ഹമാച്ചി, ചാര്‍ഡ് ബ്രോക്കോളി, സ്നേക്ക് റിവര്‍ ഫാംസില്‍ നിന്നുള്ള വാഗ്യു റിബെയ് തുടങ്ങിയവ കൂടി ഉള്‍പ്പെടുത്തി മെനു പരിഷ്കരിക്കാനാണ് ഇവരുടെ പദ്ധതി.
വെവ്വേറെയായി പൊതിഞ്ഞു വയ്ക്കുന്നതിനാല്‍ ഭക്ഷണസാധനങ്ങള്‍ പരസ്പരം കലര്‍ന്നു പോവില്ല. വീട്ടില്‍ നിന്ന് മിക്സ് ചെയ്ത് ചൂടാക്കി കഴിക്കാം. നിര്‍ദ്ദേശങ്ങള്‍ക്കായി യുട്യൂബ് വീഡിയോകളും ഇവര്‍ ഒരുക്കിയിട്ടുണ്ട്.
ഇതിന്‍റെ മറ്റൊരു പ്രത്യേകത, ഭക്ഷണം വീട്ടില്‍ എത്തിക്കുന്ന രീതിയാണ്. മുയലിന്‍റെ മുഖംമൂടി അണിഞ്ഞ ഡെലിവറി ബോയ്സ് ആണ് ഭക്ഷണം വീട്ടില്‍ കൊണ്ടു പോയി കൊടുക്കുന്നത്. വിരസമായ ലോക്ഡൗണ്‍ ജീവിതത്തിനിടയില്‍ അല്‍പ്പം തമാശയാവട്ടെ എന്ന് ആദമും റയാനും!
എന്തായാലും റസ്റ്റോറന്റിലെ അതേ മേന്മയും രുചിയുമുള്ള ഭക്ഷണം വീട്ടില്‍ എത്തിക്കുന്ന ഈ പരിപാടി വന്‍ വിജയമാണ് ഇതുവരെ.
കൊറോണ ബാധിതരെ സഹായിക്കാന്‍
ഡൂംസ് ഡേ ഡിന്നര്‍ പാര്‍ട്ടിയില്‍ നിന്ന് ലഭിക്കുന്ന ലാഭത്തിന്‍റെ 15 ശതമാനം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്യുന്നുണ്ട് ഇവര്‍. ഇതിനായി മാര്‍ച്ച് ഓണ്‍ ഫൌണ്ടേഷനുമായി ചേര്‍ന്ന് കൊകോ ഫണ്ട് എന്ന പേരില്‍ ഒരു എന്‍ ജി ഒ രൂപീകരിച്ചിട്ടുണ്ട്. കൊറോണ കാരണം പൂട്ടിപ്പോയ മറ്റു സ്ഥാപനങ്ങളിലെ ജോലിക്കാരെ സാമ്പത്തികമായി സഹായിക്കുക എന്നതാണ് ഇതിന്‍റെ ഉദ്ദേശം.