റിഡ്ജ് പോയിന്റ്, മഴവെള്ളം പിളർന്നു രണ്ട് വ്യത്യസ്ത കടലുകളിൽ എത്തുന്ന സ്ഥലം
Mail This Article
ഇന്ത്യയിലെ കർണാടകയിലെ സക്ലേഷ്പൂരിലെ ബിസ്ലെ ഘട്ടിന് സമീപമുള്ള റിഡ്ജ് പോയിന്റിനെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? ഉണ്ടാകില്ല. ഇത് സക്ലേഷ്പൂരിലെ ഒരു റിസോർട്ടിന്റെയോ ഹോട്ടലിന്റെയോ ഹോംസ്റ്റേയുടെയോ അല്ലെങ്കിൽ ഏതെങ്കിലും ടൂറിസ്റ്റ് സ്പോട്ടിന്റെയോ പേരൊന്നുമല്ല. മറിച്ച് ഭൂമിശാസ്ത്രപരമായി വളരെ പ്രാധാന്യമുള്ള ഒരു പോയിന്റാണിത്. അറബിക്കടലിനും ബംഗാൾ ഉൾക്കടലിനും ഇടയിൽ പെയ്യുന്ന മഴവെള്ളത്തെ വിഭജിക്കുന്നത് ഹാസൻ ജില്ലയിലെ സക്ലേഷ്പൂരിലെ ബിസ്ലെ ഘട്ടിലെ ഈ പോയിന്റാണ്. വളരെ സിമ്പിളായി പറഞ്ഞാൽ മഴവെള്ളത്തെ വേർതിരിക്കുന്ന ഒരു വരമ്പ്.
മഴവെള്ളത്തെ വേർപെടുത്തുന്ന വരമ്പ്
ഓരോ മഴയുടെയും വിധി ഇവിടെ തീരുമാനിക്കപ്പെടുന്നു. ഇവിടെ നിന്ന് മഴവെള്ളം ഒഴുകി ഒന്നുകിൽ അറബിക്കടലിലോ അല്ലെങ്കിൽ ബംഗാൾ ഉൾക്കടലിലോ അവസാനിക്കും. ബിസ്ലെ ഘട്ടിൽ നിന്നു സക്ലേഷ്പൂരിലേക്കു യാത്ര ചെയ്താൽ, ബിസ്ലെയിൽ നിന്ന് 5 കിലോമീറ്റർ അകലെയുള്ള മങ്കനഹള്ളി എന്ന മനോഹരമായ ഒരു ഗ്രാമത്തിൽ നിങ്ങൾ എത്തിച്ചേരും. കോൺക്രീറ്റ് പ്ലാറ്റ്‌ഫോമിൽ സ്ഥാപിച്ചിരിക്കുന്ന ഒരു ലിഖിതം അവിടെ കാണാം. ഈ ലിഖിതത്തിൽ അറബിക്കടൽ, ബംഗാൾ ഉൾക്കടൽ, റിഡ്ജ് എന്നു കൊത്തിവച്ചിരിക്കുന്നു. നദികളോ അരുവികളോ ഏതു വഴിയാണ് ഒഴുകാൻ സാധ്യതയെന്ന് നിർണ്ണയിക്കുന്നത് മലനിരകളിലെ ഈ പോയിന്റാണ്. ബ്രിട്ടീഷ് ഉദ്യോഗസ്ഥർ പശ്ചിമഘട്ടത്തിലെ ടോപ്പോഗ്രാഫിക്കൽ സർവേയിൽ മഴവെള്ളം പിളർന്ന് രണ്ട് വ്യത്യസ്ത കടലുകളിൽ എത്തുന്ന സ്ഥലമാണിതെന്ന് കണ്ടെത്തി.
ഈ പോയിന്റിന്റെ ഇടതുവശത്തുള്ള മലകളിൽ നിന്നുള്ള മഴവെള്ളം പടിഞ്ഞാറൻ നദികളിലെത്തി,അറബിക്കടലിലേക്ക് ഒഴുകുന്നു, കിഴക്ക് ഭാഗത്ത് നിന്നുള്ള വെള്ളം ബംഗാൾ ഉൾക്കടലിലേക്ക് ഒഴുകുന്നു. ഈ കൊടുമുടിയിൽ നിന്ന് പടിഞ്ഞാറോട്ട് ഒഴുകുന്ന ചെറിയ നദികളും അരുവികളും 20 കിലോമീറ്റർ മുതൽ 60 കിലോമീറ്റർ വരെ വ്യത്യസ്‌തമായ ഒരു ചെറിയ ഒഴുക്കിന് ശേഷം കുമാരധാര, നേത്രാവതി നദികളിൽ ചേരുകയും ഒടുവിൽ അറബിക്കടലിൽ ചെന്നെത്തുകയും ചെയ്യുന്നു. ഈ പർവതനിരയിൽ നിന്നു കിഴക്കോട്ടൊഴുകുന്ന വെള്ളം ഹേമാവതി നദിയുടെ കൈവഴികളായി ഒഴുകുന്നു, ഇത് ജലസേചനത്തിനും കുടിവെള്ള ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നവയാണ്. ബ്രിട്ടിഷുകാർ നിർമ്മിച്ച ഈ റിഡ്ജ് പോയിന്റാണ് ഇതെല്ലാം നിശ്ചിക്കുന്നത്. വളരെ ലളിതമായി പറയുകയാണെങ്കിൽ, മഴവെള്ളത്തെ വേർതിരിക്കുന്ന ഭൂമിശാസ്ത്രപരമായ പോയിന്റാണിത്. പശ്ചിമഘട്ടത്തിന് മുകളിൽ വടക്ക്-തെക്ക് ദിശയിൽ കർണാടകയ്ക്ക് നിരവധി റിഡ്ജ് പോയിന്റുകൾ വേറെയുമുണ്ട്.
മങ്കനഹള്ളി എന്ന ഗ്രാമത്തിലാണ് ബിസ്ലെ ഘട്ടിന് സമീപമുള്ള റിഡ്ജ് പോയിന്റ് സ്ഥിതി ചെയ്യുന്നത്. കർണ്ണാടകയിലെ സക്ലേഷ്പൂർ വളരെ പ്രശസ്തമായൊരു വിനോദസഞ്ചാരകേന്ദ്രമാണ്. പക്ഷേ ഇവിടെയെത്തുന്ന സഞ്ചാരികളിൽ ഭൂരിഭാഗവും ഈ അത്ഭുത പ്രദേശം ഇതുവരെ കാണാത്തവരാണ്. മഴയുടെ വിധി നിർണ്ണയിക്കുന്ന ഒരു പോയിന്റ് അങ്ങനെ കേൾക്കുമ്പോൾ തന്നെ ആശ്ചര്യം തോന്നും. ഈ പോയിന്റ് സ്ഥാപിച്ചിരിക്കുന്നത് മനോഹരമായൊരു ഭൂപ്രകൃതിയുടെ നടുക്കാണ്. മങ്കനഹള്ളിയും അതിമനോഹരിയാണ്. എങ്ങും പച്ചപ്പ് നിറഞ്ഞ ചുറ്റുപാടുകളുള്ള ഒരു ചെറിയ ഗ്രാമം. മലനിരകൾ അതിരിടുന്ന ഇവിടെയെത്തി റിഡ്ജ് പോയിന്റ് കാണുന്നതിനൊപ്പം ആവോളം പ്രകൃതിഭംഗിയും ആസ്വദിക്കാം.
കർണാടകയിലെ സക്ലേഷ്പൂരിലെ ഹാസൻ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ബിസ്ലെ ഘട്ട്, പച്ചപ്പ് നിറഞ്ഞ കൃഷിയിടങ്ങൾക്ക് പേരുകേട്ടതാണ്, കൂടാതെ ചില അപൂർവ പക്ഷികളെയും അവിടെ കാണാം. പ്രകൃതിദത്തമായ അരുവികൾ ഈ സ്ഥലത്തിന്റെ ഭംഗി കൂട്ടുകയും വിനോദസഞ്ചാരികളെ ആകർഷിക്കുകയും ചെയ്യുന്നുണ്ട്.ബിസ്ലെയ്ക്ക് സമീപമുള്ള ബിസ്ലെ ഘട്ട് ബിസ്ലെ റിസർവ് വനത്തോട് അതിർത്തി പങ്കിടുന്നു, അതിൽ വൈവിധ്യമാർന്ന വന്യജീവികളും സസ്യജന്തുജാലങ്ങളും രാജവെമ്പാലടക്കമുള്ളവയും ഇവിടെ കാണപ്പെടുന്നു. പശ്ചിമഘട്ട മലനിരകളാൽ ചുറ്റപ്പെട്ട കർണാടകയിലെ പ്രശസ്തമായ ഹിൽസ്റ്റേഷനാണ് സകലേഷ്പൂർ. ഇടതൂർന്ന മഴക്കാടുകൾ, ചരിത്രപരമായ ക്ഷേത്രങ്ങൾ, പഴയ കോട്ട, പർവതശിഖരങ്ങൾ, വെള്ളച്ചാട്ടങ്ങൾ തുടങ്ങി വ്യത്യസ്തങ്ങളായ കാഴ്ച്ചകളാണിവിടെയുള്ളത്.
വാസ്തുവിദ്യാ പ്രേമികൾക്കും ചരിത്രാന്വേഷികൾക്കുമായി ടിപ്പു സുൽത്താന്റെ കഥ പറയുന്ന പ്രശസ്തമായ മഞ്ജരാബാദ് കോട്ടയും, വനവാസകാലത്ത് പാണ്ഡവർ ഇവിടെ താമസിച്ചിരുന്നുവെന്ന് വിശ്വസിക്കുന്ന പാണ്ഡവർ ഗുഡ്ഡയ്‌ക്കൊപ്പം ബെട്ടഡ ഭൈരവേശ്വര പ്രസന്ന ക്ഷേത്രവും സക്ലേഷ്പൂരിലുണ്ട്.ഇനി കർണ്ണാടകയിലൂടെ സഞ്ചരിക്കുമ്പോൾ തീർച്ചയായും മഴയെ നിർണ്ണയിക്കുന്ന ഈ അപൂർവ്വയിടം സന്ദർശിക്കാൻ മറക്കണ്ട.
Content Summary : The ridge is located in the Bisle State Forest, about 15 kilometers from the town of Sakleshpur.