ADVERTISEMENT

വളരെ വ്യത്യസ്തമായ ഒരു യാത്രയിലാണ് നടി ശ്രിന്ദ. പ്രകൃതിയെയും വന്യമൃഗങ്ങളെയും സ്നേഹിക്കുന്ന നടി, മഹാരാഷ്ട്രയിലെ തഡോബയില്‍ നിന്നുള്ള കാഴ്ചകളാണ് സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. ഇന്ത്യയില്‍ ഏറ്റവും മികച്ച രീതിയില്‍ കടുവകളെ കാണാന്‍ പറ്റുന്ന ഇടമാണ് മഹാരാഷ്ട്രയിലെ ചന്ദ്രാപൂർ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന തഡോബ ദേശീയോദ്യാനം. സഞ്ചാരികള്‍ക്ക് കടുവകളെ കണ്ടുകൊണ്ട് കാട്ടിലൂടെ യാത്ര ചെയ്യാനായി ടൈഗർ സഫാരി ബുക്ക് ചെയ്യാം. 

ശ്രിന്ദ. Image Credit : srindaa/instagram.com
ശ്രിന്ദ. Image Credit : srindaa/instagram.com

സംസ്ഥാനത്തെ, ഏറ്റവും പഴക്കമേറിയതും വലുതുമായ ദേശീയോദ്യാനമാണ് ഇത്. റിസർവിനുള്ളിൽ തഡോബ നാഷണൽ പാർക്കും അന്ധാരി വന്യജീവി സങ്കേതവും ഉൾപ്പെടുന്നു. മൃഗസ്നേഹികളുടെയും വന്യജീവി ഫൊട്ടോഗ്രാഫര്‍മാരുടെയും പറുദീസയാണ് ഇവിടം. 'തഡു' എന്നാല്‍ ഈ പ്രദേശത്തെ ആദിവാസി വർഗ്ഗം ആരാധിക്കുന്ന മൂര്‍ത്തിയാണ്. ഈ മൂര്‍ത്തിയുടെ പേരില്‍ നിന്നാണ് തഡോബയ്ക്ക് ആ പേര് ലഭിച്ചത്. 1955 ല്‍ തുറന്ന ഉദ്യാനത്തിന്‍റെ വിസ്തൃതി 626 ചതുരശ്ര കിലോമീറ്ററാണ് . 

srinda-travel-02
ശ്രിന്ദ. Image Credit : srindaa/instagram.com

ഉദ്യാനത്തിനു നടുവിലായി തഡോബ തടാകം സ്ഥിതി ചെയ്യുന്നു. കടുത്ത വേനലില്‍പ്പോലും വറ്റാത്ത തഡോബ തടാകം മുതലകളുടെ വിഹാരകേന്ദ്രമാണ്. കൂടാതെ കോൽസ തടാകവും അന്ധാരി നദിയും ഇവിടെയാണ്. റിസര്‍വിന്‍റെ വടക്കും പടിഞ്ഞാറും ഇടതൂർന്ന വനങ്ങളാൽ ചുറ്റപ്പെട്ട മലനിരകളാണ്.

ഇലപൊഴിയും മരങ്ങളുടെ കൂടാരമാണ് ഇവിടുത്തെ വനപ്രദേശം. തേക്ക്, തെണ്ടു, ഭേര, കലം, മോഹ്വ എന്നീ വൃക്ഷങ്ങൾ ഇവിടെ ധാരാളമായി വളരുന്നു. പുള്ളിമാൻ, കാട്ടുപോത്ത്, നീലക്കാള, കഴുതപ്പുലി, കടുവ, പുള്ളിപ്പുലി, മുതല, പറക്കും അണ്ണാൻ തുടങ്ങി ഒട്ടേറെ മൃഗങ്ങൾ ഇവിടെ അധിവസിക്കുന്നു. 180 ലധികം പക്ഷികളും ഇവിടെയുണ്ട്.

ഒക്ടോബറിൽ ആരംഭിച്ച്, ഫെബ്രുവരി വരെ നീണ്ടുനിൽക്കുന്ന ശൈത്യകാലമാണ് തഡോബ സന്ദര്‍ശിക്കാന്‍ ഏറ്റവും മികച്ച സമയം. ഈ സമയത്ത് സുഖകരമായ കാലാവസ്ഥയായിരിക്കും. മണ്‍സൂണ്‍ കഴിഞ്ഞ് എങ്ങും കനത്ത പച്ചപ്പും കുളിരും നിറയുന്ന സമയമാണിത്. തഡോബ അന്ധാരി ടൈഗർ റിസർവിന്‍റെ കോർ സോണുകൾ ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള മണ്‍സൂണ്‍ മാസങ്ങളില്‍ അടച്ചിടും. ഈ സമയത്ത് ബഫർ സോൺ മാത്രം വിനോദസഞ്ചാരികൾക്കായി തുറന്നിടുന്നു. എല്ലാ വര്‍ഷവും ഒക്ടോബർ 15 മുതൽ ജൂൺ 30 വരെ പാർക്ക് സന്ദർശകർക്കായി തുറന്നിരിക്കും, ചൊവ്വാഴ്ച ദിവസം അടച്ചിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com