അടുത്ത ആഴ്ച ഊട്ടി – കൊടൈക്കനാൽ ട്രിപ്പ് പ്ലാന്‍ ചെയ്തിട്ടുണ്ടോ? ഇ-പാസ് നിർബന്ധം
Mail This Article
ചൂട് പരാവധിയിലെത്തിയതോടെ തണുപ്പു തേടി ഊട്ടിയും കൊടൈക്കനാലും അടക്കമുള്ള ഹില്‍സ്‌റ്റേഷനുകളിലേക്കുള്ള സഞ്ചാരികളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. അടുത്ത ആഴ്ചയില്‍ ഊട്ടിയിലേക്കോ കൊടൈക്കനാലിലേക്കോ ട്രിപ്പ് പ്ലാന്‍ ചെയ്തിട്ടുണ്ടെങ്കില്‍ ഒരു കാര്യം കൂടി ശ്രദ്ധിക്കണം. ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും വരുന്ന വിനോദ സഞ്ചാരികള്‍ക്ക് ഇ പാസ് നിര്‍ബന്ധമാക്കി മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. മേയ് 7 മുതല്‍ ജൂണ്‍ 30 വരെയാണ് നിയന്ത്രണം. യാത്ര പ്ലാൻ ചെയ്തിരിക്കുന്ന സഞ്ചാരികളുടെ സംശയവും ഇതു തന്നെ. ഇ പാസ് എന്നുമുതൽ ലഭ്യമാകുമെന്നറിയില്ല. വെബ്സൈറ്റ് ഇതുവരെ നിലവിൽ വന്നിട്ടില്ല, വരും ദിവസങ്ങളിൽ വെബ്സൈറ്റ് ലിങ്ക് നിലവിൽ വരുമെന്നാണ് ലഭ്യമായ വിവരം.
ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള സഞ്ചാരികളുടെ എല്ലാത്തരം വാഹനങ്ങള്‍ക്കുമാണ് ഇ പാസ് നിര്‍ബന്ധമാക്കിയിരിക്കുന്നത്. ജസ്റ്റിസ് എന്‍ സതീഷ് കുമാര്‍, ജസ്റ്റിസ് ഡി ഭരത ചക്രവര്‍ത്തി എന്നിവരുടെ പ്രത്യേക ഡിവിഷന്‍ ബെഞ്ചാണ് നീലഗിരി, ദിണ്ഡിഗല്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പ്രദേശ വാസികളെ ഇ പാസില്‍ നിന്നും ഒഴിവാക്കണമെന്നും സഞ്ചാരികള്‍ക്കുള്ള ഇ പാസുകളുടെ എണ്ണത്തിന് പരിധി വയ്ക്കരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
നീലഗിരിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള സഞ്ചാരികളുടെ എണ്ണം നിയന്ത്രിക്കുന്നതിനെക്കുറിച്ചു പഠിക്കാനായി ഐഐടി മദ്രാസിന്റേയും ഐഐഎം ബെംഗളൂരുവിന്റേയും സഹായം തേടിയിട്ടുണ്ടെന്നു തമിഴ്‌നാടു സര്‍ക്കാര്‍ മദ്രാസ് ഹൈക്കോടതി അറിയിച്ചിട്ടുണ്ട്. അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കാനായി ആറുമാസത്തെ സമയമാണ് ഇവര്‍ ആവശ്യപ്പെട്ടിരുന്നത്. ഇതിനായി കാത്തു നില്‍ക്കാതെ ഇടക്കാല നടപടികള്‍ സ്വീകരിക്കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
മദ്രാസ് ഹൈക്കോടതിയില്‍ നടന്ന വാദത്തില്‍ നീലഗിരി, ദിണ്ഡിഗല്‍ ജില്ലാ കളക്ടര്‍മാര്‍ വിഡിയോ കോണ്‍ഫറന്‍സ് വഴി പങ്കെടുത്തിരുന്നു. കോടതി മുമ്പാകെ തമിഴ്‌നാട് സര്‍ക്കാര്‍ ഫയല്‍ ചെയ്ത റിപ്പോര്‍ട്ടില്‍ ഊട്ടിയിലേക്കു പ്രതിദിനം 1,300 വാനുകള്‍ അടക്കം 20,000 വാഹനങ്ങള്‍ എത്തുന്നുവെന്ന് പറഞ്ഞിരുന്നു. 600 ബസുകളും 6,500 ഇരുചക്രവാഹനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ഇത്രയേറെ വാഹനങ്ങളും സഞ്ചാരികളും ഇവിടേക്കെത്തുന്നതു നാട്ടുകാരുടേയും വന്യജീവികളുടേയും സ്വൈര്യജീവിതത്തെ ബാധിക്കുന്നുണ്ടെന്നു തിരിച്ചറിഞ്ഞതോടെയാണ് കോടതിയുടെ നടപടി.
ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും എത്തുന്ന സഞ്ചാരികളുടേയും വാഹനങ്ങളുടേയും പരമാവധി വിവരങ്ങള്‍ ശേഖരിക്കുകയെന്ന ലക്ഷ്യവും ഇ പാസിനുണ്ട്. വാഹനം ഏതുവിഭാഗത്തിലുള്ളതാണ്, എത്ര പേര്‍ വാഹനത്തില്‍ സഞ്ചരിക്കുന്നുണ്ട്, രാത്രി താമസിക്കുമോ തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കും. ഇ പാസുകള്‍ അനുവദിക്കുന്നതിനു മുൻപ് അമിക്കസ് ക്യൂരി ചെവ്‌നാന്‍ മോഹന്‍, രാഹുല്‍ രാജ്, എം സന്താനരാമന്‍ എന്നിവരുടെ നിര്‍ദേശങ്ങള്‍ പരിഗണിക്കാനും കോടതി നിര്‍ദേശിക്കുന്നുണ്ട്.
ഇ-പാസ്
കോവിഡ് കാലത്ത് ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള പ്രവേശനം ഇ പാസ് വഴി നിയന്ത്രിച്ചിരുന്നു. സമാനമായ നടപടി സ്വീകരിക്കാനാണ് രണ്ട് ജില്ലകളുടേയും കളക്ടര്‍മാരോട് നിര്‍ദേശിച്ചിരിക്കുന്നത്. ടോള്‍ ചാര്‍ജുകള്‍ ഓണ്‍ലൈന്‍ വഴി അടക്കുന്നത് അടക്കമുള്ള സൗകര്യങ്ങള്‍ ഐടി വകുപ്പുമായി സഹകരിച്ചു തയ്യാറാക്കണമെന്നും മദ്രാസ് ഹൈക്കോടതി നിര്‍ദേശിക്കുന്നു. ഇത് മണിക്കൂറുകള്‍ വാഹനങ്ങള്‍ കാത്തു നില്‍ക്കേണ്ട സാഹചര്യവും അനാവശ്യ ഇന്ധന ചെലവും മലിനീകരണവും കുറയ്ക്കുമെന്നുമാണ് പ്രതീക്ഷ.
കോവിഡ് കാലത്ത് ഊട്ടിയിലേക്കു പോയപ്പോള്‍ ഇ പാസ് എടുക്കേണ്ടി വന്ന ജസ്റ്റിസ് എന്‍ സതീഷ് കുമാറിന്റെ അനുഭവവും പുതിയ ഇ പാസ് നിര്‍ദേശത്തിന് പിന്നിലുണ്ട്. 'അന്നത്തെ കോവിഡ് കാലത്തു വ്യക്തമായ കാരണമില്ലാതെ ഊട്ടിയിലേക്ക് ഒരു വാഹനവും കടത്തിവിടുമായിരുന്നില്ല. അത്ര കര്‍ശനമായ നടപടി ഇപ്പോള്‍ ആവശ്യമില്ല. എന്നാല്‍ ഈ ഹില്‍ സ്റ്റേഷനുകളിലെത്തുന്ന സഞ്ചാരികളുടെ പരമാവധി വിവരങ്ങള്‍ ശേഖരിക്കാനുള്ള സംവിധാനം നല്ലതാണ്' ജസ്റ്റിസ് എന്‍ സതീഷ് കുമാര്‍ പറഞ്ഞു.
ഇ-പാസ് എടുക്കാനുള്ള നടപടിക്രമങ്ങള്‍ എത്രയും വേഗം തീരുമാനിക്കാന്‍ നീലഗിരി, ദിണ്ഡിഗല്‍ ജില്ലാ ഭരണകൂടങ്ങളോട് മദ്രാസ് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. മേയ് ഏഴു മുതല്‍ ജൂണ്‍ 30 വരെയാണ് ഇ പാസ് നിര്‍ബന്ധമാക്കുക. ഇ-പാസ് സംബന്ധിച്ച നിര്‍ദേശങ്ങളുടെ വിശദമായ പരസ്യങ്ങള്‍ ദേശീയ മാധ്യമങ്ങളില്‍ നല്‍കണം. ഈ സംവിധാനം ഏർപ്പെടുത്തുന്നതിനു വേണ്ട സാങ്കേതിക സഹായങ്ങളും സൗകര്യങ്ങളും ചെയ്യാന്‍ തമിഴ്‌നാട് സര്‍ക്കാരിനോടും മദ്രാസ് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.