രണ്ടു തുരുത്തുകള്‍ക്കിടയിലെ പാലം; ഇത് ശപിക്കപ്പെട്ട ദ്വീപ്
Mail This Article
ഇറ്റലിയിലെ നേപ്പിൾസിലെ ചെറിയ ദ്വീപുകളിലൊന്നാണ് ഗയോള. ഗയോള അണ്ടർവാട്ടർ പാർക്കിന്‍റെ ഹൃദയഭാഗത്ത് നേപ്പിൾസ് ഉൾക്കടലിലാണ് ഈ ദ്വീപ് സ്ഥിതിചെയ്യുന്നത്. ഏകദേശം 42 ഹെക്ടർ വിസ്തൃതിയുള്ള ദ്വീപ് ഒരു സംരക്ഷിത പ്രദേശമാണ്. പോസിലിപ്പോയുടെ തീരപ്രദേശത്തിന് വെറും 30 മീറ്റർ അകലെയുള്ള ദ്വീപിൽ എത്തിച്ചേരാൻ എളുപ്പമാണ്. രണ്ടു ചെറിയ തുരുത്തുകള്‍ അടങ്ങിയതാണ് ഗയോള. ഇവയില്‍ ഒന്നില്‍ ഒരു ഒറ്റപ്പെട്ട വില്ല കാണാം, മറ്റേ ദ്വീപില്‍ ജനവാസത്തിന്‍റെ അടയാളങ്ങള്‍ ഒന്നുംതന്നെ കാണാനാവില്ല. ഇവ രണ്ടിനുമിടയില്‍ ഇടുങ്ങിയ ഒരു പാലമുണ്ട്.
പോസിലിപ്പോയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ചെറിയ ഗുഹകളില്‍ നിന്നാണ് ദ്വീപിന്‍റെ പേരിന്‍റെ ഉത്ഭവം. ലാറ്റിന്‍ ഭാഷയില്‍ ‘ചെറിയ ഗുഹകള്‍’ എന്നര്‍ത്ഥം വരുന്ന ‘കാവിയോള’ എന്ന് ഇതിനെ വിളിക്കുകയും പിന്നീടത് ലോപിച്ച് ഗയോള എന്നായി മാറുകയും ചെയ്തു. അതിനു മുന്‍പേ, സുരക്ഷിത യാത്രയുടെ ദൈവമായി കണക്കാക്കുന്ന യുപ്ലീ ദേവന്‍റെ പേരിലായിരുന്നു ഇവിടം അറിയപ്പെട്ടിരുന്നത്. സൗന്ദര്യദേവതയായ വീനസിന് സമര്‍പ്പിച്ച ഒരു ക്ഷേത്രവും ദ്വീപില്‍ ഉണ്ടായിരുന്നു. റോമാക്കാരുടെ കാലത്തെ മറ്റു പല അവശിഷ്ടങ്ങളും ഇവിടെയുണ്ട്. ദ്വീപുകൾക്ക് താഴെയായി വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന നിരവധി റോമൻ ഘടനകളുണ്ട്, അവയെല്ലാം ഇപ്പോൾ സമുദ്രജീവികളുടെ ആവാസ കേന്ദ്രമാണ്.
പത്തൊൻപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തിൽ, "വിസാർഡ്" എന്നറിയപ്പെടുന്ന ഒരു സന്യാസി ഈ ദ്വീപിൽ താമസിച്ചിരുന്നു. പിന്നീട് കുറച്ചുകാലം എഴുത്തുകാരനായ നോർമൻ ഡഗ്ലസിന്‍റെ ഉടമസ്ഥതയിലായിരുന്നു ദ്വീപ്. കാണുമ്പോള്‍ മനോഹരമെന്നു തോന്നാവുന്ന ഈ ദ്വീപിനെക്കുറിച്ച് അത്ര നല്ല അഭിപ്രായമല്ല പലര്‍ക്കുമുള്ളത്. പലരും ഭീതിയോടെയാണ് ഇതിനെ നോക്കിക്കാണുന്നത്. ദ്വീപ് ആരുടെ കൈവശമാണോ, അയാള്‍ക്ക് അകാലമരണം സംഭവിക്കും എന്നൊരു വിശ്വാസമുണ്ട്. അതുകൊണ്ടുതന്നെ ശപിക്കപ്പെട്ട ദ്വീപ് എന്നും ഗയോളയെ വിളിക്കാറുണ്ട്.
1920 കളിൽ, അന്നത്തെ ഉടമയായ ഹാൻസ് ബ്രൗൺ എന്ന സ്വിറ്റ്സർലൻഡുകാരനെ കൊലപ്പെടുത്തി ഒരു പരവതാനിയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയതോടെയാണ് ദൗർഭാഗ്യങ്ങളുടെ പരമ്പര ആരംഭിച്ചത്. അധികംവൈകാതെ അദ്ദേഹത്തിന്‍റെ ഭാര്യ കടലിൽ മുങ്ങിമരിച്ചു. വില്ലയുടെ അടുത്ത ഉടമ ജർമൻ ഓട്ടോ ഗ്രൻബാക്ക് ആയിരുന്നു, ഇയാള്‍ ദ്വീപിൽ വെച്ച് ഹൃദയാഘാതം മൂലം മരിച്ചു. അടുത്ത ഉടമയായ ഫാർമസ്യൂട്ടിക്കൽ വ്യവസായി മൗറീസ്-യെവ്സ് സാൻഡോസ് സ്വിറ്റ്സർലൻഡിലെ ഒരു മാനസികരോഗാശുപത്രിയിൽ ആത്മഹത്യ ചെയ്തു.
ജർമൻ സ്റ്റീൽ വ്യവസായിയായിരുന്ന ബാരൺ കാൾ പോൾ ലാങ്ഹൈം ആയിരുന്നു അതിനു ശേഷം ദ്വീപ് വാങ്ങിയത്. ദ്വീപ് സ്വന്തമാക്കി അധികംവൈകാതെ സ്വത്തുമുഴുവന്‍ നഷ്ടപ്പെട്ട് ബാരൺ പാപ്പരായി. പിന്നീട് ഫിയറ്റിന്റെ തലവനായ ജിയാനി ആഗ്നെല്ലിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ ദ്വീപ്. മകന്റെ ആകസ്മിക മരണത്തിനു ശേഷം ജിയാനി തന്റെ അനന്തരവൻ ഉംബർട്ടോ ആഗ്നെല്ലിയെ ഫിയറ്റ് പ്രവർത്തിപ്പിക്കാൻ തുടങ്ങി, എന്നാൽ 33-ആം വയസ്സിൽ അപൂർവമായ അർബുദം ബാധിച്ച് ഉംബർട്ടോയും മരിച്ചു. മറ്റൊരു ഉടമ, കോടീശ്വരനായ പോൾ ഗെറ്റി, ദ്വീപ് വാങ്ങിയ ശേഷം, അവന്റെ ചെറുമകനെ തട്ടിക്കൊണ്ടുപോയി. ഇൻഷുറൻസ് കമ്പനി പരാജയപ്പെട്ടപ്പോൾ ദ്വീപിന്റെ അവസാന ഉടമ ജിയാൻപാസ്‌ക്വേൽ ഗ്രപ്പോണിനെ ജയിലിലടച്ചു. ഇന്ന്, വില്ല ആൾപ്പാർപ്പില്ലാത്തതും ഉപേക്ഷിക്കപ്പെട്ടതുമാണ്.
English Summary: Gaiola Island in Italy