ADVERTISEMENT

ജന്മത്തിലെ കർമ പാപങ്ങളൊടുക്കി പുനർജനി നേടാൻ ആയിരക്കണക്കിനു ഭക്തർ വില്വമലയിലെത്തി. ജീവിതയാത്രയിൽ പാരസ്പര്യത്തിന്റെ പ്രാധാന്യം ബോധ്യപ്പെടും വിധം മുന്നിലുള്ളവന്റെ സഹായം തേടിയും പിന്നിലുള്ളവനു കൈത്താങ്ങേകിയുമാണു വിശ്വാസികൾ പുനർജനി ഗുഹയിലെ ഇരുളിടങ്ങൾ ഇഴഞ്ഞു  താണ്ടിയത്. 

Punarjani-02

 

Punarjani-03

ഒരു തവണ പുനർജനി നൂഴ്ന്നിറങ്ങിയാൽ എല്ലാ പാപങ്ങളിൽ നിന്നും മോചനം കിട്ടുമെന്നാണ് വിശ്വാസം.  ഭൂതമലയും വില്വമലയും ചേരുന്നിടത്തുള്ള പാറക്കെട്ടിലാണ് പുനർജനി ഗുഹ സ്ഥിതിചെയ്യുന്നത്. വൃശ്ചിക മാസത്തിലെ വെളുത്ത ഏകാദശി (ഗുരുവായൂർ ഏകാദശി) ദിവസമാണ് ആചാര പ്രകാരം ഗുഹ നൂഴൽ. ക്ഷത്രിയരെ കൊലപ്പെടുത്തിയ പാപം തീർക്കാൻ പരശുരാമനും കൗരവരെ വധിച്ച പാപവുമായി പാണ്ഡവരും ഇവിടെ എത്തിയെന്നാണ് ഐതീഹ്യം.

Punarjani-04

 

Punarjani-05

വില്വാദ്രിനാഥ ക്ഷേത്രത്തിലെ മേൽശാന്തിമാരെത്തി ഗുഹാമുഖങ്ങളിൽ പൂജിച്ച ശേഷം ദേവസ്വം ജീവനക്കാർ ഗുഹയിൽ പ്രവേശിച്ചു. പിന്നീട് ഭക്തർ നൂഴ്ന്നു തുടങ്ങി. ഗുഹാരംഭത്തിൽ  കുനിഞ്ഞു നടക്കാം. ശേഷം ഇരുന്നു നിരങ്ങണം. പിന്നെ  മുന്നോട്ടു  കിടന്ന് ഇഴഞ്ഞു മാത്രമേ നീങ്ങാനാകൂ.

 

ഗുഹ നൂഴ്ന്ന് പുറത്തെത്താൻ ഏകദേശം മുക്കാൽ മണിക്കൂർ വേണം. വൃശ്ചികത്തിലെ വെളുത്ത പക്ഷ ഏകാദശി നാളിൽ മാത്രം നടക്കുന്ന പുനർജനി ഗുഹ നൂഴൽ ചടങ്ങു പുലർച്ചെ തന്നെ തുടങ്ങി രാത്രി വൈകിയും തുടർന്നു.

 

പുരുഷൻമാർ മാത്രം പങ്കെടുക്കുന്ന ചടങ്ങിനു സാക്ഷ്യം വഹിക്കാൻ‍ സ്ത്രീകളും കുട്ടികളും അടക്കം ആയിരക്കണക്കിനു പേർ മല ചവുട്ടിയെത്തി. മലേശമംഗലം റോഡിൽ നിന്നുള്ള വഴിയരുകിൽ പഞ്ചായത്ത് കുടുംബശ്രീയും പുനർജനി ഗുഹയിലും പരിസരത്തും പൊലീസും സേവാഭാരതിയും ഭക്തർക്കു സൗകര്യമൊരുക്കി. ആരോഗ്യ പ്രവർത്തകരും മലയിൽ ക്യാംപ് ചെയ്തിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com