വൃക്ഷ ദമ്പതികളുടെ വിവാഹബന്ധം വേർപെടുത്തുന്ന അപൂർവ ചടങ്ങ്
Mail This Article
വധൂവരന്മാരായി സങ്കൽപ്പിച്ചു വേളി കഴിപ്പിച്ച മരങ്ങൾ ഉണങ്ങിപ്പോയതിനെ തുടർന്നു വിവാഹ ബന്ധം വേർപെടുത്തി ഇരു വൃക്ഷങ്ങളും അഗ്നിയിൽ സംസ്കരിച്ച് സംസ്കാര ചടങ്ങുകൾ നടത്തി. നീലേശ്വരം തളിയിൽ നീലകണ്ഠേശ്വര ക്ഷേത്രത്തിനു സമീപമാണ് വേറിട്ട ചടങ്ങ് നടന്നത്. ക്ഷേത്ര ഗോപുരത്തിനു പുറത്തെ ആൽമരത്തിനൊപ്പമാണ് വേപ്പു മരവും നട്ടുപിടിപ്പിച്ച് 33 വർഷം മുൻപു വേളി നടത്തിയത്.
മനുഷ്യന്റെ ജനനം മുതൽ അന്ത്യം വരെ നിഷ്കർഷിച്ച ഷോഡശ ക്രിയകൾ എന്ന 16 ചടങ്ങുകൾ ത്രിമൂർത്തി ചൈതന്യം കുടികൊള്ളുന്നതായി വിശ്വസിക്കപ്പെടുന്ന ആൽമരത്തിനും പതിവുണ്ട്. ദേവീസങ്കൽപമായ വേപ്പു മരത്തെയാണ് തളിയിൽ ക്ഷേത്ര സമീപത്തെ ആൽമരത്തിനു വധുവായി സങ്കൽപിച്ചിരുന്നത്.
നീലേശ്വരം രാജവംശത്തിലെ കെ.സി.അമ്മുത്തമ്പുരാട്ടിയുടെ താൽപര്യ പ്രകാരമാണ് നീലമന നാരായണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ ഈ ചടങ്ങ് നടത്തിയത്. മാസങ്ങൾക്ക് മുൻപ് ആൽമരം ഉണങ്ങിയതോടെ വേളീബന്ധം വേർപെടുത്തി പുതിയൊരു ആൽമരം നടാനായിരുന്നു തീരുമാനം. എന്നാൽ ക്രമേണ വേപ്പുമരവും ഉണങ്ങിയതോടെയാണ് വിവാഹ ബന്ധം വേർപെടുത്തി ഇരു വൃക്ഷശകലങ്ങളും പ്രതീകാത്മകനായി അഗ്നിയിൽ ലയിപ്പിച്ച് അന്ത്യേഷ്ടിയെന്ന പതിനാറാമത്തെ സംസ്കാരം നടത്തിയത്.
English Summery : Sacred Tress and Rituals