ADVERTISEMENT

‘ബുദ്ധിമത്തുക്കളായോരിക്കഥ കേൾക്കുന്നാകിൽ ബദ്ധരാകിലുമുടൻ മുക്തരായി വന്നുകൂടും’ എന്ന് എഴുത്തച്ഛൻ പറഞ്ഞിരിക്കുന്നു. കഥ എന്ന വാക്കുകേൾക്കുമ്പോഴേ നാം ഇത് ഭാവനയിൽ വിരിഞ്ഞത് എന്ന അർത്ഥമെടുക്കുന്നു. അതിനാൽത്തന്നെ രാമായണവും മഹാഭാരതവും ശരിക്കും സംഭവിച്ചതാണോ എന്ന് പലർക്കും സംശയം ഉണ്ടാകുകയും ചെയ്യുന്നു. എഴുത്തച്ഛൻ സംസ്കൃതത്തിൽ അഗാധ പാണ്ഡിത്യമുള്ള ആളായിരുന്നു. അതിനാൽത്തന്നെ അദ്ധ്യാത്മ രാമായണം കിളിപ്പാട്ടിലെ പല വാക്കുകളും സംസ്കൃതമാണ്. സംസ്കൃതത്തിൽ കഥ എന്നാൽ ‘കഥ്യതേ ഇതി കഥ’ അതായത് ‘നല്ല വണ്ണം വിശദീകരിക്കപ്പെട്ടത്‌’ എന്ന അർഥം മാത്രമാണ് ഉള്ളത്. ഇതിഹാസം എന്നാൽ ‘ഇതി ഇഹ ആസീത്’ ഇതിന്റെ അർഥം ‘ഇവിടെ ഇപ്രകാരം സംഭവിച്ചത്’ എന്നാണ്. അതായത് രാമായണവും മഹാഭാരതവും ചരിത്രസംഭവങ്ങളാണെന്ന്, അതായത് നടന്ന സംഭവങ്ങളാണെന്ന്  ചുരുക്കം.

വാല്മീകി രാമായണം ഇതിഹാസമാണെന്ന് നാം പരിചയപ്പെടുമ്പോൾ അധ്യാത്മരാമായണത്തിന് പുരാണത്തിന്റെ സ്ഥാനമാണുള്ളത്. ബ്രഹ്‌മാണ്ഡ പുരാണത്തിൽ അന്തർഗതമായ ഈ അദ്ധ്യാത്മ രാമായണത്തിൽ ഏഴുകാണ്ഡങ്ങളും അറുപത്തിനാലുസർഗങ്ങളും 4200 ശ്ലോകങ്ങളുമാണ് ഉള്ളത്. അദ്ധ്യാത്മരാമായണം വ്യാസകൃതമായിട്ടാണ് കൂടുതൽ പേരും മാനിക്കുന്നത്. ഈ അദ്ധ്യാത്മ രാമായണത്തെ ആധാരമാക്കിയാണ് എഴുത്തച്ഛൻ അദ്ധ്യാത്മരാമായണം കിളിപ്പാട്ട് രചിച്ചിരിക്കുന്നത് എന്നാണ് കൂടുതൽ പേരും അഭിപ്രായപ്പെടുന്നത്. അതായത് അദ്ധ്യാത്മരാമായണം കിളിപ്പാട്ട് വ്യാസഭഗവാന്റെ അധ്യാത്മരാമായണത്തിന്റെ ഭാഷാന്തരം തന്നെ ആണെന്ന് പറയാം. അതുകൊണ്ടായിരിക്കാം  കിളിപ്പാട്ടിൽ മംഗളാചരണത്തിൽ വാല്മീകി മഹർഷിക്കു മുൻപായി വ്യാസ ഭഗവാനെയാണ് നമിക്കുന്നത്. 

24000 ശ്ലോകങ്ങളുള്ള അതിവിസ്തൃതമായ ഒരു കൃതി 4200 ശ്ലോകങ്ങളിലായി ചുരുക്കി എഴുതുമ്പോൾ ഉള്ള ന്യൂനതകൾ സ്വാഭാവികമായും അദ്ധ്യാത്മ രാമായണത്തിനുണ്ട്.  അതുകൊണ്ടാണ് ചില ആശയങ്ങളിലും മറ്റും അവ്യക്തത  തോന്നി രാമനെയും മറ്റും നാം വിമർശിക്കുന്നത്. അധ്യാത്മരാമായണത്തെ മാത്രം പ്രമാണമാക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത്. മൂലമായ വാല്മീകി രാമായണം കൂടി ഒന്ന് നോക്കിയാൽ പലപ്പോഴും നമുക്ക് ആശയ വ്യക്തത വരും. പുത്രന്മാരില്ലാത്ത ദുഃഖം അനുഭവിക്കുന്ന ദശരഥൻ  പുത്രലാഭത്തിനായി അശ്വമേധം ചെയ്യാനുള്ള ആലോചനയെ മുനിമാരും മന്ത്രിമാരും അടങ്ങിയ സഭയിൽ അറിയിച്ചു. സനകമഹർഷി ഋഷി സദസ്സിൽ വച്ച് ദശരഥന്റെ പുത്രോൽപ്പത്തിയെ പറ്റി പ്രവചിച്ചുണ്ടെന്ന വാർത്ത മന്ത്രിയായിട്ടുള്ള സുമന്ത്രർ രഹസ്യമായി രാജാവിനെ അറിയിച്ചു. ആ പ്രവചനം ഇങ്ങനെ ആയിരുന്നു, "അംഗരാജാവിന്റെ പുത്രനായ രോമപാദൻ പണ്ട് തന്റെ നാട്ടിൽ വരൾച്ച ഉണ്ടായപ്പോൾ ഋഷിമാരുടെ ഉപദേശമനുസരിച്ച്  ഋഷ്യശൃംഗൻ എന്ന മുനിശ്രേഷ്ഠനെ തന്റെ നാട്ടിൽ വരുത്തി. അദ്ദേഹത്തിന്റെ ആഗമനത്താൽ അംഗരാജ്യത്ത് വൃഷ്ടിയുണ്ടായി. സന്തുഷ്ടനായ രാജാവ് തന്റെ മകൾ ശാന്തയെ ഋശ്യശൃംഗന് വിവാഹം കഴിച്ചുകൊടുത്തു. 

ആ ഋശ്യശൃംഗൻ ദശരഥന് പുത്രാർത്ഥം യാഗത്തെ നടത്തിക്കൊടുക്കും. ശാന്ത എന്ന ഈ പെൺകുട്ടി ദശരഥ മഹാരാജാവിന്റേയും കൗസല്യാ ദേവിയുടേയും മൂത്ത മകളാണ്. രോമപാദ മഹാരാജാവിന് ഈ കുട്ടിയെ വളർത്താനായി ദശരഥ മഹാരാജാവ് വളർത്താനായി കൊടുത്തതാണ്. സുമന്ത്രർ തുടർന്നു, മുനിയുടെ അനുഗ്രഹത്താൽ ദശരഥന് നാലുപുത്രന്മാർ ഉണ്ടാകും. ഇതുകേട്ട ദശരഥ മഹാരാജാവ് സ്വയമേവ അംഗരാജ്യത്തെത്തി ഋശ്യശൃംഗനെ തന്റെ യാഗം നടത്തിത്തരുന്നതിനായി ക്ഷണിച്ചു. ഋശ്യശൃംഗൻ ആ പ്രാർത്ഥന സ്വീകരിച്ചു. ഒരു വർഷം കൊണ്ട് യാഗത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. ഋശ്യശൃംഗന്റെ നേതൃത്വത്തിൽ അശ്വമേധ യാഗം നടന്നു. അതിനുശേഷം അഥർവ വേദ പ്രോക്തമായ മന്ത്രങ്ങൾ കൊണ്ട് പുത്രകാമേഷ്ടി ചെയ്തു.  

കാലം വന്നപ്പോൾ 3 പത്നിമാരും ഗർഭിണികളായി. ചിത്രമാസത്തിൽ വസന്ത ഋതുവിൽ വെളുത്തപക്ഷത്തിൽ നവമി തിഥിയിൽ പുനർവസു, പുണർതം നക്ഷത്രത്തിൽ വ്യാഴ ചന്ദ്രന്മാർ ഒരുമിച്ച കർക്കടകം രാശിയിലെത്തിയ പുണ്യ മുഹൂർത്തത്തിൽ അഞ്ചുഗ്രഹങ്ങൾ ഉച്ചസ്ഥിതിയിലെത്തിയ സമയത്ത് മഹാവിഷ്ണു കൗസല്യാസുതനായി അവതരിച്ചു. കൈകേയിയുടെ പുത്രൻ പൂയം നക്ഷത്രത്തിൽ മീനം രാശിയിലും സുമിത്രാ തനയന്മാർ ആയില്യം നാളിൽ കർക്കിടകം രാശിയിലും ജനിച്ചു.

Content Summary:  Ramayana Vicharam Curtain-Raiser 

Get FREE HOROSCOPE in 30 seconds

Name & Gender
Please enter name
Birth Details
Enter date of birth in the given format
Enter time in the format shown
Please enter place
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com