ADVERTISEMENT

ചതയം നക്ഷത്രക്കാർക്ക് 1200 ചിങ്ങം മുതൽ കർക്കടകം വരെ ഓരോ മാസവും അനുഭവപ്പെടാവുന്ന ഫലങ്ങൾ

ചിങ്ങം:

ഏറ്റെടുത്ത ദൗത്യം വിജയത്തിലെത്തിക്കുവാൻ അഹോരാത്രം പ്രയത്നവും സഹപ്രവർത്തകരുടെ സഹായവും വേണ്ടിവരും. വിദ്യാർഥികൾക്ക് അലസതയും ഉദാസീനമനോഭാവവും ഉണ്ടാകും. പുനഃപരീക്ഷയിൽ ഉന്നതവിജയം ഉണ്ടാകും. പണം കടം കൊടുക്കുക, കടം വാങ്ങുക, ജാമ്യം നിൽക്കുക, സ്വന്തം ഉത്തരവാദിത്തങ്ങൾ അന്യരെ ഏൽപിക്കുക, മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടുക തുടങ്ങിയവ മൂലം മനസ്സമാധാനം കുറയും.

കന്നി:

അവതരണശൈലിയിൽ അബദ്ധമുണ്ടാകാതെ സൂക്ഷിക്കണം. മാസത്തിലൊരിക്കൽ വീട്ടിൽ വന്നുപോകുവാൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും. തൊഴിൽമേഖലകളിൽ സമ്മർദം കൂടും. നിലവിലുള്ള ഉദ്യോഗം ഉപേക്ഷിച്ച് മറ്റൊന്നിനു ശ്രമിക്കുന്നത് ഗുണമുണ്ടാക്കില്ല. സുഖദുഃഖങ്ങൾ ഒരുപോലെ സ്വീകരിക്കുവാനുള്ള മാനസികാവസ്ഥയുണ്ടാകും.

തുലാം:

വ്യവസ്ഥകൾ പാലിക്കുവാൻ അശ്രാന്തപരിശ്രമം വേണ്ടിവരും. മാതാപിതാക്കളുടെ ഇഷ്ടമനുസരിച്ചു പ്രവർത്തിക്കുന്നതിൽ ആത്മസംതൃപ്തിയുണ്ടാകും. മേലധികാരിയുടെ അനാവശ്യസംശയങ്ങൾക്കു വിശദീകരണം നൽകുവാൻ നിർബന്ധിതനാകും. ഭദ്രതയില്ലാത്ത സാമ്പത്തിക ഇടപാടുകളിൽ നിന്നു യുക്തിപൂർവം പിന്മാറും. പ്രലോഭനങ്ങൾ പലതും വന്നുചേരുമെങ്കിലും വിദഗ്ധമായി അന്വേഷിച്ചറിയാതെ ഇടപെടരുത്.

വൃശ്ചികം:

പ്രവർത്തനമേഖലകളിൽ അഭൂതപൂർവമായ പുരോഗതിയും സാമ്പത്തികനേട്ടവും ഉണ്ടാകും. ആഗ്രഹസാഫല്യത്താൽ ആത്മനിർവൃതിയുണ്ടാകും. കലാകായികരംഗങ്ങൾ, നറുക്കെടുപ്പ്, സമ്മാനപദ്ധതികൾ തുടങ്ങിയവയിൽ വിജയിക്കും. ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കുവാൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും. ജോലിരംഗത്തു കഴിവിന്റെ പരമാവധി പ്രകടിപ്പിക്കുവാൻ സാധിക്കും.

ധനു:

നിയുക്തപദവിയിൽ നിന്നു സ്ഥാനക്കയറ്റവും സ്ഥാനചലനവും ഉണ്ടാകും. ഗഹനമായ വിഷയങ്ങൾ ലളിതമായി അവതരിപ്പിക്കുവാൻ സാധിക്കും. ആദരവും വിനയവുമുള്ള സമീപനം മൂലം തടസ്സങ്ങളെ അതിജീവിച്ച് കാര്യവിജയം നേടും. അന്ധമായ അമിതവിശ്വാസം അബദ്ധങ്ങൾക്കു വഴിയൊരുക്കും. കുടുംബജീവിതത്തിൽ ആഹ്ലാദകരമായ അന്തരീക്ഷം സംജാതമാകും.

മകരം:

പുതിയ വിഷയങ്ങളിൽ അറിവു നേടാനും പകർന്നുകൊടുക്കുവാനുമിടവരും. ഭരണസംവിധാനത്തിലുള്ള ആശയക്കുഴപ്പം പരിഹരിച്ച് പ്രവർത്തനക്ഷമമാക്കുവാൻ സാധിക്കും. ജോലിയിൽ നിന്ന് അവധിയെടുത്തു വിശ്രമം വേണ്ടിവരും. വ്യക്തമായ ധാരണയും ലക്ഷ്യബോധവുമുള്ളതിനാൽ സംയുക്തസംരംഭത്തിൽ നിന്നു പിന്മാറി സ്വന്തമായ വ്യാപാരം തുടങ്ങും.

കുംഭം:

വാഹന ഉപയോഗത്തിൽ കൂടുതൽ ശ്രദ്ധ വേണം. ആരാധനാലയത്തിലെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കു സാമ്പത്തിക സഹായം ചെയ്യുവാനിടവരും. ആഹാരപദാർഥങ്ങളിലുള്ള അപാകതകളാൽ അസ്വാസ്ഥ്യമനുഭവപ്പെടും. അസ്ഥി–വാത–നീർദോഷ രോഗങ്ങൾ ശല്യം ചെയ്യും. ബന്ധുക്കളോടൊപ്പം പുണ്യതീർഥ– ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകും. പാർശ്വഫലങ്ങളുള്ള ഔഷധങ്ങൾ ഒഴിവാക്കി പ്രകൃതിദത്തമായ ജീവിതരീതി അവലംബിക്കും.

മീനം:

യാഥാർഥ്യം മനസ്സിലാക്കാത്തതിനാൽ ബന്ധുക്കളും സ്വന്തക്കാരും വിരോധികളായിത്തീരും. വർഷങ്ങൾക്കു ശേഷം സഹപാഠിയെ കാണാനും ഗതകാലസ്മരണകൾ പങ്കുവയ്ക്കാനും അവസരമുണ്ടാകും. ഉപരിപഠനത്തിന് ഉദ്ദേശിച്ച വിഷയത്തിൽ പ്രവേശനം ലഭിക്കും. സമൂഹത്തിൽ ഉന്നതരുമായി സൗഹൃദബന്ധത്തിൽ ഏർപ്പെടുന്നതുവഴി പുതിയ കർമപദ്ധതികൾ രൂപകൽപന ചെയ്യാൻ സാധിക്കും.

മേടം:

ആദരണീയരുടെ കൂട്ടത്തിൽ സ്ഥാനം ലഭിച്ചതിനാൽ ആത്മാഭിമാനം തോന്നും. സമചിത്തതയോടു കൂടിയ പ്രവർത്തനശൈലി ലക്ഷ്യം നേടാൻ ഉപകരിക്കും. സങ്കൽപത്തിനനുസരിച്ച് ഉയരുവാൻ പുത്രന് അവസരം ലഭിച്ചതിനാൽ ആശ്വാസം തോന്നും. അനുഭവജ്ഞാനമുള്ളവരുടെ നിർദേശത്താൽ ഭൂമിക്രയവിക്രയങ്ങളിൽ പണം മുടക്കും. പരസ്പരവിശ്വാസം നഷ്ടപ്പെട്ടതിനാൽ കൂട്ടുകച്ചവടത്തിൽ നിന്നു പിന്മാറും.

ഇടവം:

സഹപ്രവർത്തകരുടെ സ്വകാര്യ ആവശ്യങ്ങൾക്കു സാമ്പത്തികസഹായം ചെയ്യും. ആരോഗ്യം തൃപ്തികരമായിരിക്കും. ഉദ്ദേശിച്ച വിഷയത്തിൽ തുടർന്നു പഠിക്കുവാൻ സാധിക്കും. വാക്കും പ്രവൃത്തിയും ഫലപ്രദമാകും. ജനസ്വാധീനം കൂടും. അവിസ്മരണീയ മുഹൂർത്തങ്ങൾ അനശ്വരമാക്കുവാൻ അവസരമുണ്ടാകും. സാംക്രമികരോഗത്തിനെതിരെ ജാഗ്രത വേണം.

മിഥുനം:

അപര്യാപ്തതകൾക്ക് അനുസരിച്ചു ജീവിക്കാൻ ശീലിക്കും. കാര്യഗൗരവക്കുറവിനാൽ മാതാപിതാക്കളിൽ നിന്നു ശകാരം കേൾക്കുവാനിടവരും. പഠിച്ച വിഷയങ്ങൾ എല്ലാം അറിയാമെങ്കിലും ആവശ്യമുള്ള സമയത്ത് അവതരിപ്പിക്കുവാൻ സാധിച്ചെന്നു വരില്ല. നിഷേധാത്മകമായ മേലധികാരിയുടെ സംസാരശൈലി മനോവിഷമത്തിനു വഴിയൊരുക്കും.

കർക്കടകം:

ഉദ്യോഗം നഷ്ടപ്പെടുമെങ്കിലും ഈശ്വരപ്രാർഥനകളാലും പ്രവൃത്തിയിലുള്ള ആത്മാർഥത മൂലവും മറ്റൊന്നു ലഭിക്കും. പ്രവർത്തനരഹിതമായ വ്യവസായം ഒഴിവാക്കി ഭൂമിക്രയവിക്രയങ്ങളിൽ പണം മുടക്കും. സുഹൃത്തിന്റെ നിർദേശം സ്വീകരിച്ചു പ്രവർത്തിച്ചാൽ വൻസാമ്പത്തികനഷ്ടത്തിൽ നിന്നു രക്ഷപ്പെടും. ആഗ്രഹിച്ച സ്ഥലത്തേക്ക് ഉദ്യോഗമാറ്റമുണ്ടാകുമെങ്കിലും ചുമതലകളും യാത്രാക്ലേശവും കൂടും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com