മഹാശനിമാറ്റം 2025; ഈ നാളുകാർക്ക് വൻ മാറ്റങ്ങളുടെ കാലം, സമ്പൂർണഫലം ഒറ്റനോട്ടത്തിൽ

Mail This Article
2025 മാർച്ച് 29 ന് ശനി കുംഭം രാശിയിൽ നിന്ന് മീനം രാശിയിലേക്ക് മാറും. ഉദ്ദേശം രണ്ടര വർഷം ശനി മീനത്തിൽ സഞ്ചരിക്കുന്നു. ഈ കാലയലയളവിൽ ഓരോ നാളുകാർക്കും അനുഭവത്തിൽ വരാനിടയുള്ള ഫലങ്ങൾ
മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്): മേടം രാശിക്കാരുടെ രാശിനാഥൻ ചൊവ്വയാണ്. അതിനാൽ ചൊവ്വയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ ശനിയുടെ ദോഷഫലങ്ങൾ അനുഭവിക്കുന്നതിൽ നിന്നും രക്ഷനേടാൻ സാധിക്കും. വാക്കുകളും പ്രവൃത്തികളും സൂക്ഷിക്കുക. എടുത്തുചാടിയുള്ള തീരുമാനങ്ങൾ ഒഴിവാക്കുക. ഔദ്യോഗിക മേഖലകളില്‍ ഉന്നത സ്ഥാനമാനങ്ങൾ വഹിക്കുന്നവര്‍ വളരെയധികം ശ്രദ്ധിക്കണം.
ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്): കുടുംബക്കാര്യങ്ങളിൽ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പ്രണയിതാക്കൾക്കും പലവിധ ക്ലേശങ്ങൾ അനുഭവപ്പെടാം. കുടുംബാംഗങ്ങളുമായി നിസ്സാര കാര്യങ്ങളിൽ കലഹങ്ങളുണ്ടാകാതെ സൂക്ഷിക്കുക.
മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്): കണ്ടകശ്ശനിയുടെ അപഹാരമുള്ളതിനാൽ എല്ലാ കാര്യങ്ങളും വളരെ ശ്രദ്ധയോടെ ചെയ്യുക. പല കാര്യങ്ങളില്‍ നിന്നും ഉൾവലിയുന്ന പ്രവണത കാണുന്നു. കർമരംഗങ്ങളിൽ വേണ്ട വിധം പ്രവർത്തിക്കാൻ സാധിക്കാതെ വരാം. ചെറിയ കാര്യങ്ങൾ വലുതാക്കി പ്രശ്നങ്ങളിലേക്കു പോകാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക. മാനഹാനിക്കും സാധ്യത കാണുന്നു.
കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): ഈ കൂറുകാരുടെ രാശി നാഥൻ ചന്ദ്രനാണ്. മനസ്സിനെ ഏകാഗ്രമാക്കി നിർത്താൻ ശ്രമിക്കുക. ശുഭകാര്യങ്ങളിൽ മാത്രം ശ്രദ്ധിച്ച് മുന്നോട്ടു പോകുവാൻ ശ്രദ്ധിക്കുക. ഉത്തമ സുഹൃദ്ബന്ധങ്ങൾ തിരഞ്ഞെടുക്കുന്നതു വഴി നല്ല ഫലങ്ങൾ വന്നു ചേരാം.
ചിങ്ങം(മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്): ചിങ്ങക്കൂറുകാരുടെ രാശിനാഥൻ സൂര്യനാണ്. തൊഴിൽപരമായ അഭിവൃദ്ധി വന്നു ചേരും. ഏറ്റെടുക്കുന്ന പ്രവൃത്തികൾ വളരെ കൃത്യതയോടു കൂടി ചെയ്തു തീർക്കുന്നതു വഴി എല്ലാ കാര്യങ്ങളിലും അനുകൂലമായ വിജയംകൈവരിക്കും.
കന്നി(ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്): കണ്ടകശനിയുടെ അപഹാരമുള്ളതിനാൽ എല്ലാ കാര്യങ്ങളും വളരെ ശ്രദ്ധയോടെ ചെയ്യുക. കുടുംബാംഗങ്ങളുമായി അഭിപ്രായ വ്യത്യാസങ്ങൾ വന്നു ചേരാനുള്ള സാഹചര്യം കാണുന്നു. വേണ്ടസമയത്ത് കാര്യങ്ങൾ കൃത്യമായി അവതരിപ്പിക്കാൻ കഴിയാതെ വരാം. പഠനത്തിൽ ശ്രദ്ധ കുറയാം.
തുലാം (ചിത്തിര രണ്ടാംപകുതിഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്) : വിവാഹത്തിന് കാലതാമസം നേരിടാം. മാതാപിതാക്കളുമായി കലഹത്തിന് സാധ്യത. എല്ലാ കാര്യങ്ങളും വളരെ ശ്രദ്ധയോടും സൂക്ഷ്മതയോടും കൂടി ചെയ്യുന്നതു വഴി എല്ലാ പ്രതിസന്ധികളും തരണം ചെയ്യാൻ സാധിക്കും.
വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്) : എല്ലാ കാര്യങ്ങളിലുമുള്ള എടുത്തുചാട്ടം ഒഴിവാക്കുക. കുടുംബത്തോടൊപ്പം ചെയ്യുന്ന പ്രവൃത്തികളിൽ വിജയം കൈവരിക്കാൻ സാധിക്കും. കഠിനാധ്വാനം ചെയ്യുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാം.
ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്): കണ്ടകശ്ശ നിയുടെ അപഹാരമുള്ളതിനാൽ എല്ലാ കാര്യങ്ങളും വളരെ ശ്രദ്ധയോടെ ചെയ്യുക. ഈശ്വരപ്രാർഥന നടത്തുക. എല്ലാ കാര്യങ്ങളിലും അലസത വന്നു ചേരാം. കുറ്റങ്ങളും കുറവുകളും മനസ്സിലാക്കി ജീവിക്കുന്നതു വഴി അനുകൂലമായ വിജയം ൈകവരിക്കുവാൻ സാധിക്കും.
മകരം(ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്): മറ്റുള്ളവരെ സഹായിക്കുന്നതു വഴി അബദ്ധങ്ങളിൽ ചെന്നു ചാടാനുള്ള സാധ്യത കാണുന്നു. അത്യാഗ്രഹം ഒഴിവാക്കുക. മുൻപിൻ ആലോചിക്കാതെ ചെയ്യുന്ന പ്രവൃത്തികളിൽ നിന്ന് പരാജയം വന്നു ചേരാം.
കുംഭം (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്): കുടുംബത്തിൽ സ്വസ്ഥതക്കുറവ്. നിസ്സാരകാര്യങ്ങൾക്കു പോലും മറ്റുള്ളവരുമായി കലഹിക്കും. ദമ്പതികൾ പരസ്പരം വിട്ടുവീഴ്ചകൾ ചെയ്ത് മുന്നോട്ടു പോകേണ്ടതാണ്.
മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി) :ഏതൊരു കാര്യവും സാത്വിക മനോഭാവത്തോടു കൂടി ചെയ്യുന്നത് ഗുണകരമായിത്തീരുന്നതാണ്. മറ്റുള്ളവരുടെ പ്രയാസങ്ങൾ മനസ്സിലാക്കി അവരെ സഹായിക്കുന്നതു വഴി ആശ്വാസത്തിനു യോഗം കാണുന്നു.