തൃശൂരിലും കൊല്ലത്തെ കൊട്ടിയത്തും ലുലു ഡെയ്‍ലി സൂപ്പർമാർക്കറ്റ്; ഉദ്ഘാടനം ഈ മാസം
Mail This Article
പൂരനഗരിയായ തൃശൂരിലും കൊല്ലം ജില്ലയിലെ കൊട്ടിയത്തും ‘ലുലു ഡെയ്‍ലി സൂപ്പർമാർക്കറ്റുമായി’ ലുലു ഗ്രൂപ്പ്. ക്രിസ്മസിന് മുമ്പ് ഇവ പ്രവർത്തനം ആരംഭിച്ചേക്കും. ഉദ്ഘാടന തീയതി ഉടൻ പ്രഖ്യാപിക്കും. ലുലുവിന്റെ കേരളത്തിലെ അഞ്ചാമത്തെ മാൾ നാളെ കോട്ടയം മണിപ്പുഴയിൽ പ്രവർത്തനം ആരംഭിക്കുകയാണ്. ഇതിനു പിന്നാലെയാണ് കൊട്ടിയത്തും തൃശൂരിലും ലുലു ഡെയ്‍ലി സൂപ്പർമാർക്കറ്റുകളും തുറക്കുന്നത്.
കൊച്ചി, തിരുവനന്തപുരം എന്നിവയാണ് കേരളത്തിൽ ലുലുവിന്റെ വലിയ ഷോപ്പിങ് മാളുകൾ. ലുലു ഹൈപ്പർമാർക്കറ്റ്, ലുലു ഫാഷൻ, ലുലു കണക്റ്റ് എന്നിവയ്ക്ക് മുഖ്യ ഊന്നലുള്ള ‘മിനി’ മാളുകളാണ് കോഴിക്കോട്, പാലക്കാട്, കോട്ടയം എന്നിവിടങ്ങളിലേത്. കൊട്ടിയത്തും തൃശൂർ ഹൈ-ലൈറ്റ് മാളിലും ആരംഭിക്കുന്നത് ലുലു ഡെയ്‍ലി സൂപ്പർമാർക്കറ്റാണ്. തിരൂർ, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ ലുലു ഒരുക്കുന്ന മിനി മാളുകളുടെയും നിർമാണം പുരോഗമിക്കുന്നു. ഇവയുടെ ഉദ്ഘാടനം അടുത്തവർഷമുണ്ടാകും.
ലുലു ഗ്രൂപ്പിന്റെ കേരളത്തിലെ ആറാമത്തെ ലുലു ഹൈപ്പർമാർക്കറ്റാണ് നാളെ കോട്ടയത്ത് പ്രവർത്തനം തുടങ്ങുന്നത്. കൊച്ചി, തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലെ ലുലു മാളുകൾക്ക് പുറമേ കൊച്ചി കുണ്ടന്നൂരിലെ ഫോറം മാളിലുമാണ് നിലവിൽ ലുലു ഹൈപ്പർമാർക്കറ്റുകളുള്ളത്. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ സ്വദേശമായ തൃശൂർ തൃപ്രയാറിൽ വൈമാളും പ്രവർത്തിക്കുന്നുണ്ട്.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business