ADVERTISEMENT

രാജ്യാന്തര വിപണിയിലും കേരളത്തിലും സ്വർണം റെക്കോർഡ് തകർത്ത് പുതിയ ഉയരത്തിൽ. കേരളത്തിൽ ഗ്രാമിന് ഇന്ന് 20 രൂപ ഉയർന്ന് വില 8,075 രൂപയും പവന് 160 രൂപ വർധിച്ച് 64,600 രൂപയുമായി. ഈ മാസം 20ന് രേഖപ്പെടുത്തിയ പവന് 64,560 രൂപയും ഗ്രാമിന് 8,070 രൂപയും എന്ന റെക്കോർഡാണ് തകർന്നത്.

18 കാരറ്റ് സ്വർണവിലയും ഗ്രാമിന് ഇന്ന് 15 രൂപ ഉയർന്ന് സർവകാല റെക്കോർഡായ 6,640 രൂപയായി. കനംകുറഞ്ഞതും (ലൈറ്റ്‍വെയ്റ്റ്) വജ്രം ഉൾപ്പെടെ കല്ലുകൾ പതിപ്പിച്ചതുമായ ആഭരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്നതാണ് 18 കാരറ്റ് സ്വർണം. 

Image : Shutterstock/AI
Image : Shutterstock/AI

22 കാരറ്റുമായി താരതമ്യം ചെയ്യുമ്പോൾ ഗ്രാമിന് 1,400 രൂപയിലധികം കുറവുണ്ടെന്നതിനാൽ 18 കാരറ്റിൽ തീർത്ത ആഭരണങ്ങൾക്ക് സമീപകാലത്ത് കേരളത്തിൽ പ്രിയമേറിയിരുന്നു. എന്നാൽ, അതിനും വില കുത്തനെ കൂടുകയാണെന്നത് ഉപഭോക്താക്കൾക്ക് നിരാശയാവുകയാണ്. വെള്ളിവില മാറ്റമില്ലാതെ ഗ്രാമിന് 107 രൂപയിൽ‌ തുടരുന്നു.

റെക്കോർഡ് പുതുക്കി രാജ്യാന്തര വിപണി

രാജ്യാന്തര സ്വർണവിലയും പുതിയ ഉയരത്തിലെത്തി. കഴിഞ്ഞവാരം കുറിച്ച ഔൺസിന് 2,954 ഡോളറിൽ നിന്ന് 2,920 ഡോളർ നിലവാരത്തിലേക്ക് താഴ്ന്നിരുന്നെങ്കിലും ഇന്നലെ 2,956 ഡോളറിലേക്ക് കയറി. ഇതോടൊപ്പം ഡോളർ മെച്ചപ്പെടുകയും രൂപ ഇന്ന് ഡോളറിനെതിരെ 16 പൈസ താഴ്ന്ന് 86.88ൽ വ്യാപാരം ആരംഭിക്കുകയും ചെയ്തതോടെ ഇന്ത്യയിലും വില കുതിക്കുകയായിരുന്നു. രൂപ തളരുമ്പോൾ ഇറക്കുമതിച്ചെലവ് കൂടുകയും അത് സ്വർണവിലയിൽ പ്രതിഫലിക്കുകയും ചെയ്യും.

ട്രംപാണ് യഥാർഥ വില്ലൻ!

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തൊടുത്തുവിട്ട താരിഫ് ആയുധം, ആഗോളതലത്തിൽ വ്യാപാരയുദ്ധത്തിന് കളമൊരുക്കിയതോടെ സ്വർണത്തിനു ലഭിക്കുന്ന ‘സുരക്ഷിത നിക്ഷേപം’ എന്ന പെരുമയാണ് സ്വർണവില കൂടാൻ മുഖ്യ കാരണം.

ഡോണൾഡ് ട്രംപ് (Photo by ROBERTO SCHMIDT / AFP)
ഡോണൾഡ് ട്രംപ് (Photo by ROBERTO SCHMIDT / AFP)

കഴിഞ്ഞയാഴ്ച മാത്രം 500 കോടി ഡോളർ (ഏകദേശം 43,400 കോടി രൂപ) മതിക്കുന്ന 52.4 മെട്രിക് ടൺ സ്വർണമാണ് ഗോൾഡ് ഇടിഎഫ് നിക്ഷേപങ്ങളിലേക്ക് ഒഴുകിയതെന്നും ഇത് 2022 മാർച്ചിനു ശേഷമുള്ള ഏറ്റവും വലിയ നിക്ഷേപമാണെന്നും വേൾഡ് ഗോൾഡ് കൗൺസിൽ വ്യക്തമാക്കി. ഫലത്തിൽ സ്വർണത്തിന് ഡിമാൻഡ് കൂടിത്തുടങ്ങിയതോടെ വിലയും കുതിപ്പിന്റെ ട്രാക്കിലായി.

Image : shutterstock/India Picture
Image : shutterstock/India Picture

ട്രംപിന്റെ ബിസിനസ് നയങ്ങൾ, ഗവൺമെന്റിന്റെ ചെലവ് വെട്ടിക്കുറയ്ക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനം എന്നിവമൂലം കടപ്പത്ര ആദായനിരക്ക് (യുഎസ് ട്രഷറി ബോണ്ട് യീൽഡ്) താഴുന്നതും സ്വർണത്തിനാണ് നേട്ടമാകുന്നത്.

ദുബായിൽ സ്വർണത്തിന് ഇന്ന് വില വർധന. Image Credits: Vinayak Jagtap/Istockphoto.com
Image Credits: Vinayak Jagtap/Istockphoto.com

ബോണ്ടിൽ നിക്ഷേപമിട്ടാൽ മെച്ചപ്പെട്ട ലാഭം കിട്ടില്ലെന്നതിനാൽ സ്വർണത്തിലേക്ക് ചുവടുമാറ്റുകയാണ് നിക്ഷേപകർ. അതാണ്, ഗോൾഡ് ഇടിഎഫിനു നേട്ടമാകുന്നത്. ഓഹരി, കടപ്പത്ര നിക്ഷേപസാഹചര്യം അനുകൂലമാകും വരെ സ്വർണനിക്ഷേപ പദ്ധതികളിലേക്കാകും പണമൊഴുകുക.

ജിഎസ്ടിയും പണിക്കൂലിയും ചേർന്നാൽ

മൂന്നു ശതമാനം ജിഎസ്ടി, 53.10 രൂപ ഹോൾമാർക്ക് ചാർജ്, പണിക്കൂലി (മിനിമം 5% കണക്കാക്കിയാൽ) എന്നിവ ചേർന്നാൽ ഇന്നു കേരളത്തിൽ ഒരു പവൻ ആഭരണം വാങ്ങാൻ 69,920 രൂപ നൽകണം. 70,000 രൂപയിൽ നിന്ന് 80 രൂപയുടെ മാത്രം അകലം.

Gold-Loan

ഒരു ഗ്രാം സ്വർണാഭരണത്തിന് 8,740 രൂപയാണ് ഇന്ന് നൽകേണ്ടത്. ഇതു സ്വർണാഭരണം വാങ്ങാവുന്ന ഏറ്റവും കുറഞ്ഞവില മാത്രമാണ്. പണിക്കൂലി ഓരോ ജ്വല്ലറിയിലും ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ബ്രാൻഡഡ് ആഭരണങ്ങൾക്ക് പണിക്കൂലി 30% വരെയൊക്കെ ആകാം. അങ്ങനെയെങ്കിൽ വാങ്ങൽവില ഇതിലും കൂടുതലായിരിക്കും.

കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

English Summary:

Kerala Gold Price: Gold rate hits all-time high in Kerala, silver unchanged

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com