കരകയറ്റത്തിൽ റബർ; റെക്കോർഡ് പഴങ്കഥയാക്കി വെളിച്ചെണ്ണ വില, കേരളത്തിലെ ഇന്നത്തെ അങ്ങാടി വില നോക്കാം

Mail This Article
റബർ കർഷകർക്ക് ആശ്വാസം സമ്മാനിച്ച് വില അനുദിനം കയറിത്തുടങ്ങി. കോട്ടയത്ത് ആർഎസ്എസ്-4ന് വില കിലോയ്ക്ക് ഇരട്ട സെഞ്ചറിയിലേക്ക് അടുത്തു. രാജ്യാന്തരവിലയും ഉയരുകയാണ്. കാലാവസ്ഥ മെച്ചപ്പെടുമെന്നും ടാപ്പിങ് വരുംദിവസങ്ങളിൽ ഉഷാറാക്കാനാകുമെന്ന പ്രതീക്ഷയിലുമാണ് കർഷകർ.

കൊച്ചിയിൽ വെളിച്ചെണ്ണ വില ഓരോ ദിവസവും റെക്കോർഡ് തകർക്കുകയാണ്. തേങ്ങ ഉൽപാദനം കുറഞ്ഞതോടെ, കൊപ്രാക്ഷാമം രൂക്ഷമായി. പുറമെ, വെളിച്ചെണ്ണയ്ക്ക് മികച്ച ഡിമാൻഡുണ്ടെന്നതും വില കൂടാനിടയാക്കുന്നു. ക്വിന്റലിന് 300 രൂപ കൂടി ഉയർന്നു.

കൊച്ചിയിൽ കുരുമുളക് വിലയും തകർപ്പൻ ഫോമിൽ. മികച്ച ഡിമാൻഡ് തന്നെയാണ് ‘കറുത്തപൊന്നിനും’ നേട്ടം. വിലയിൽ 100 രൂപ കൂടി വർധിച്ചു. കൽപ്പറ്റ വിപണിയിൽ കാപ്പിക്കുരു, ഇഞ്ചി വിലകൾക്ക് മാറ്റമില്ല. കട്ടപ്പന വിപണിയിൽ കൊക്കോ വില ഇടിവിൽ തന്നെ. കൊക്കോയ്ക്ക് വില 100 രൂപയ്ക്ക് താഴെയായി. കൊക്കോ ഉണക്കയും കനത്ത വിലത്തകർച്ച നേരിട്ടു.

ആഗ്രഹിച്ച മഴ ലഭിക്കുന്നത് ഏലം കർഷകർക്ക് സന്തോഷവൃഷ്ടിയാവുകയാണ്. കൊടുംവരൾച്ച സൃഷ്ടിച്ച ഉൽപാദനത്തകർച്ചയുടെ കണ്ണീർക്കാലം അവസാനിപ്പിക്കാൻ മഴയ്ക്കു കഴിയും. അതേസമയം, മികച്ച ഡിമാൻഡ് ഉണ്ടായിട്ടും വില ഇടിയുന്നതിന്റെ ആശങ്ക നിലനിൽക്കുന്നു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business