ADVERTISEMENT

ഇന്ത്യയിൽ ശതകോടീശ്വരിമാരുടെ എണ്ണം കൂടുന്നതായി ഫോബ്സിന്റെ റിപ്പോർട്ട്. ഒ.പി. ജിൻഡാൽ ഗ്രൂപ്പ് ചെയർപേഴ്സൺ ഇമരിറ്റസും ഹരിയാന എംഎൽഎയുമായ സാവിത്രി ജിൻഡാൽ നയിക്കുന്ന വനിതാ ശതകോടീശ്വരി പട്ടികയിൽ പുതുതായി ഇടംപിടിച്ച ഒരാൾ ഉൾപ്പെടെ 11 പേർ ഉണ്ടെന്ന് ഫോബ്സ് വ്യക്തമാക്കുന്നു. ഇന്ത്യയിലെ ഈ വർഷത്തെ ആദ്യ 100 ശതകോടീശ്വര പട്ടികയിലാണ് 11 വനിതകളുള്ളത്.

4,370 കോടി ഡോളറുമായി (3.69 ലക്ഷം കോടി രൂപ) സാവിത്രി ജിൻ‌ഡാൽ ആണ് ഒന്നാമത്. ഗോദ്റെജ് എന്റർപ്രൈസസിലെ സ്മിത കൃഷ്ണ ഗോദ്റെജ് ആണ് 1,110 കോടി ഡോളറുമായി രണ്ടാമത്. വിനോദ് റായ് ഗുപ്ത (ഹാവൽസ് ഇന്ത്യ), റെയർ എന്റർപ്രൈസസ് സാരഥിയും പ്രമുഖ ഓഹരി നിക്ഷേപകയുമായ രേഖ ജുൻജുൻവാല, രേണുക ജഗ്തിയാനി (ലാൻഡ്മാർക്ക് ഗ്രൂപ്പ്), ഏഷ്യൻ പെയിന്റ്സിന്റെ സാരഥികളായ വക്കീൽ കുടുംബം, ട്രാക്ടേഴ്സ് ആൻഡ് ഫാം എക്വിപ്മെന്റ്സിന്റെ അമാൽഗമേഷൻസ് ഗ്രൂപ്പ് കുടുംബം, അനു അഗ (തെർമാക്സ്), ഫാൽഗുനി നയ്യാർ (നൈക), കിരൺ മജുംദാർ-ഷാ (ബയോകോൺ), മഹിമ ദാത്‍ല (ബയോളജിക്കൽ ഇ) എന്നിവരാണ് യഥാക്രമം പട്ടികയിലുള്ളത്. മഹിമയാണ് 330 കോടി ഡോളറുമായി (28,000 കോടി രൂപ) പട്ടികയിൽ പുതുതായി ഇടംനേടിയത്. ഫോബ്സ് ഇന്ത്യ ടോപ് 100 സമ്പന്ന പട്ടികയിൽ 100-ാമതാണ് മഹിമ.

അംബാനി തന്നെ ഒന്നാമൻ
 

ഫോബ്സിന്റെ 2024ലെ ടോപ് 100 ശതകോടീശ്വ പട്ടികയിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി തന്നെയാണ് ഒന്നാംസ്ഥാനത്ത്; ആസ്തി 11,950 കോടി ഡോളർ (10.10 ലക്ഷം കോടി രൂപ). അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയാണ് രണ്ടാംസ്ഥാനത്ത്. 11,600 കോടി ഡോളറിന്റെ (9.81 ലക്ഷം കോടി രൂപ) ആസ്തി അദാനിക്കുണ്ട്.

mukesh-ambani-1

സാവിത്രി ജിൻഡാൽ (4,370 കോടി ഡോളർ), എച്ച്സിഎൽ ടെക്നോളജീസ് സാരഥി ശിവ് നാടാർ (4,020 കോടി ഡോളർ), സൺ ഫാർമ മേധാവി ദിലീപ് സാങ്‍വി (3,240 കോടി ഡോളർ), അവന്യൂ സൂപ്പർമാർട്സ് മേധാവി രാധാകിഷൻ ദമാനി (3,150 കോടി ഡോളർ‌), ഭാരതി എയർടെൽ സാരഥി സുനിൽ മിത്തൽ (3,070 കോട ഡോളർ) എന്നിവരാണ് യഥാക്രമം 7 വരെ സ്ഥാനങ്ങളിൽ. ആദിത്യ ബിർള ഗ്രൂപ്പ് മേധാവി കുമാർ മംഗളം ബിർളയാണ് എട്ടാമത് (2,480 കോടി ഡോളർ). സെറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി സൈറസ് പൂനാവാല (2,450 കോടി ഡോളർ), ബജാജ് ഓട്ടോയുടെ പ്രൊമോട്ടർമാരായ ബജാജ് കുടുംബം (2,340 കോടി ഡോളർ) എന്നിവരാണ് യഥാക്രമം 9, 10 സ്ഥാനങ്ങളിൽ.

ആസ്തി കൂടുതൽ വാരിക്കൂട്ടിയത് അദാനി
 

ഹിൻഡൻബർഗിന്റെ ഉൾപ്പെടെ ആരോപണങ്ങൾ നേരിട്ടെങ്കിലും അവയെല്ലാം തരണം ചെയ്ത അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയാണ് 2024ലെ പട്ടികപ്രകാരം ഏറ്റവുമധികം ആസ്തി വർധിപ്പിച്ചതെന്ന് ഫോബ്സ് വ്യക്തമാക്കുന്നു. ഈവർഷം 4,800 കോടി ഡോളറാണ് (4.06 ലക്ഷം കോടി രൂപ) അദാനിയുടെ ആസ്തിയിലെ വർധന.

Chairman and founder of Adani Group, Gautam Adani at Taj Hotel Thiruvananthapuram. 17/08/2015
Chairman and founder of Adani Group, Gautam Adani at Taj Hotel Thiruvananthapuram. 17/08/2015

2,750 കോടി ഡോളറിന്റെ വർധനയുമായി മുകേഷ് അംബാനിയാണ് രണ്ടാമത്. മൂന്നാമതുള്ള സാവിത്രി ജിൻഡാലിന്റെ ആസ്തി 1,970 കോടി ഡോളർ ഉയർന്നു. 1,390 കോടി ഡോളറുമായി സുനിൽ മിത്തൽ, 1,340 കോടി ഡോളറുമായി ദിലീപ് സാങ്‍‍വി എന്നിവരാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ. ആസ്തിയിൽ ഏറ്റവും കുറവ് നേരിട്ടത് ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ് ആണ് (103 കോടി ഡോളർ).

ടി.എസ്. കല്യാണരാമന്റെ നേട്ടം
 

റിയൽ എസ്റ്റേറ്റ് കമ്പനിയായ പ്രസ്റ്റീജ് എസ്റ്റേറ്റ്സിന്റെ പ്രൊമോട്ടർമാരായ ഇർഫാൻ റസാക്കും കുടുംബവും 2014ന് ശേഷം വീണ്ടും ഫോബ്സ് ഇന്ത്യ-2024 ശതകോടീശ്വര പട്ടികയിൽ ഇടംപിടിച്ചു. 600 കോടി ഡോളറാണ് ആസ്തി. വീണ്ടും പട്ടികയിൽ ഇടംപിടിച്ചവരിൽ കല്യാൺ ജ്വല്ലേഴ്സ് മേധാവി ടി.എസ്. കല്യാണരാമനുമുണ്ട്. 538 കോടി ഡോളറാണ് (45,500 കോടി രൂപ) ആസ്തി.

TS Kalyanaraman (Managing Director, Kalyan Jewellers). Image : Kalyan Jewellers Website.
TS Kalyanaraman (Managing Director, Kalyan Jewellers). Image : Kalyan Jewellers Website.

സോളർ ഇൻഡസ്ട്രീസ് ഇന്ത്യയുടെ സത്യനാരായൺ നുവൽ, ഇൻഫോ എഡ്ജ് ഇന്ത്യയുടെ സഞ്ജീവ് ബിഖ്ചന്ദാനി, ജിഎംആർ എയർപോർട്സ് ഇൻഫ്രാസ്ട്രക്ചറിന്റെ ജി.എം. റാവു എന്നിവരാണ് വീണ്ടും പട്ടികയിൽ ഇടംകണ്ടെത്തിയ മറ്റുള്ളവർ. യുഎസ്‍വിയുടെ ലീന തിവാരി, ബുർജീൽ ഹോൾഡിങ്സ് സാരഥിയും മലയാളിയുമായ ഷംസീർ വയലിൽ, മണിപ്പാൽ ഗ്രൂപ്പ് മേധാവി രഞ്ജൻ പൈ എന്നിവർ ഉൾപ്പെടെ 10 പേർ 2024ൽ ഫോബ്സ് ശതകോടീശ്വര പട്ടികയിൽ നിന്ന് പുറത്തായി.

കുട്ടി ശതകോടീശ്വരൻ നിഖിൽ
 

സുനിൽ മിത്തൽ, ബജാജ് കുടുംബം എന്നിവർ 2024ൽ ടോപ് 10ലേക്ക് റാങ്ക് ഉയർത്തി. അശോക് ലെയ്‍ലാൻഡ് പ്രൊമോട്ടർമാരായ ഹിന്ദുജ കുടുംബം, ഷാപുർജി പലോൺജി ഗ്രൂപ്പ് സാരഥികളായ ഷാപുർജി മിസ്ത്രി കുടുംബം എന്നിവർ ടോപ് 10ൽ നിന്ന് പുറത്തായി.

Nikhil-kamath-fb
Nikhil Kamath

ഫോബ്സ് ഇന്ത്യ 2024 ടോപ് 100 ശതകോടീശ്വര പട്ടികയിലെ ഏറ്റവും പ്രായംകുറഞ്ഞയാൾ സീറോദ സ്ഥാപകൻ നിഖിൽ കാമത്ത് ആണ്. 38കാരൻ നിഖിലിന്റെ ആസ്തി 840 കോടി ഡോളർ (70,200 കോടി രൂപ). 33-ാം റാങ്കാണ് അദ്ദേഹത്തിനുള്ളത്. ഡിഎൽഎഫിന്റെ കുശൽ പാൽ സിങ് ആണ് ഏറ്റവും പ്രായംകൂടിയ കോടീശ്വരൻ. വയസ് 93. പട്ടികയിൽ 12-ാമതുള്ള അദ്ദേഹത്തിന്റെ ആസ്തി 2,050 കോടി ഡോളർ (1.73 ലക്ഷം കോടി രൂപ). 93 വയസുള്ള ബേണുഗോപാൽ ബംഗുർ (ശ്രീ സിമന്റ്), ലച്മൻദാസ് മിത്തൽ (സോനാലിക ഗ്രൂപ്പ്) എന്നിവരും പട്ടികയിലുണ്ട്. യഥാക്രമം 40, 54 റാങ്കുകളിലാണ് ഇവർ.

കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com