ഉപയോഗശൂന്യമായ വസ്തുകൾ കൊണ്ട് ഡ്രോൺ നിർമിച്ച് കുട്ടി; അഭിന്ദനവുമായി ആലപ്പുഴ കലക്ടർ

Mail This Article
ആലപ്പുഴ കലക്ടറായി ചുമതലയേറ്റ അന്നു തന്നെ കുട്ടികൾക്കായി ആദ്യ ഉത്തരവിറക്കി കുട്ടികൾക്കിടയിൽ ഒരുപോലെ താരമായതാണ് വി ആര്‍ കൃഷ്ണ തേജ ഐഎഎസ്. കുട്ടികളുടെ 'കലക്ടര്‍ മാമ'നായ ഇദ്ദേഹം കഴിഞ്ഞ ദിവസം പങ്കുവച്ച ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളും ഏറ്റെടുത്തിരിക്കുകയാണ്. ഉപയോഗശൂന്യമായ വസ്തുകൾ ഉപയോഗിച്ച് ഡ്രോൺ നിർമിച്ച ഒരു കുട്ടിയെ കുറിച്ചുള്ള വിശേഷമാണ് കലക്ടര്‍ പങ്കുവച്ചിരിക്കുന്നത്.
ആലപ്പുഴ കലക്ടർ വി ആര്‍ കൃഷ്ണ തേജ ഐഎഎസ്. പങ്കുവച്ച കുറിപ്പ്
ഉപയോഗശൂന്യമായ വസ്തുക്കളും മൊബൈൽ ക്യാമറയും ഉപയോഗിച്ച് ഡ്രോൺ നിർമിച്ച കൊച്ചു മിടുക്കൻ മുഹമ്മദ് ഇൻസാഫ് കഴിഞ്ഞ ദിവസം ക്യാമ്പ് ഹൗസിലെത്തി എന്നെ സന്ദർശിച്ചു. മൂന്ന് തവണ പരാജയപ്പെട്ട ശേഷം നാലാം തവണയാണ് ഇൻസാഫ് നിർമിച്ച ഡ്രോൺ പറന്നുയർന്നത്.
തോൽവികളിൽ പതറാതെ തുടർച്ചയായി കഠിനാധ്വാനം ചെയ്താൽ വിജയത്തിലേക്ക് എത്തുമെന്ന സന്ദേശം കൂടിയാണ് ഈ മിടുക്കൻ നൽകുന്നത്. അലൂമിനിയം ഫ്രെയിം, ഉപയോഗശൂന്യമായ പേന, സി.ഡി., കുപ്പിയുടെ അടപ്പ്, ഐസ് ക്രീം സ്റ്റിക്ക്, തുടങ്ങിയവ ഉപയോഗിച്ചാണ് ഡ്രോൺ നിർമിച്ചിരിക്കുന്നത്. 90 കിലോമീറ്റർ വരെ വേഗത്തിൽ 600മീറ്റർ ചുറ്റളവിൽ വരെ പറക്കാൻ ഈ ഡ്രോണിന് സാധിക്കും.
കാക്കാഴം ഗവൺമെൻറ് ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ ഇൻസാഫ് നീർക്കുന്നം ഇനായത്ത് മൻസിലിൽ അൻസിലിൻറേയും സുൽഫിയയുടേയും മകനാണ്. നുസ്ഹ ഫാത്തിമ സഹോദരിയാണ്.
പ്രിയപ്പെട്ട കുട്ടികളെ, ഇൻസാഫിനെ പോലെ നിങ്ങൾക്ക് എല്ലാവർക്കും നിങ്ങളുടെ ഇഷ്ട മേഖലകളിൽ മികവ് തെളിയിക്കാൻ സാധിക്കട്ടേയെന്ന് ആശംസിക്കുന്നു.
English Summary : Alappuzha collector Krishna Teja share post about boy made drone