ചിൽഡ്രൻസ് ഹോമിലെ ആ ഭംഗിയുള്ള കാഴ്ച കണ്ട് മനസ്സു നിറഞ്ഞ് കലക്ടർ

Mail This Article
കലക്ടറായി ആലപ്പുഴയിൽ ചുമതലയേറ്റ അന്നു മുതൽ മുതിർന്നവർക്കിടയിലും കുട്ടികൾക്കിടയിലും ഒരേ പോലെ താരമാണ് വി ആര്‍ കൃഷ്ണ തേജ ഐഎഎസ്. അദ്ദേഹത്തിന്റെ ആദ്യ ഉത്തരവ് തന്നെ കുട്ടികൾക്കു വേണ്ടിയായിരുന്നു., കുട്ടികൾക്കിടയിൽ 'കലക്ടര്‍ മാമ'നെന്ന് അറിയപ്പെടുന്ന ഇദ്ദേഹം സമൂഹമാധ്യമപേജിലൂടെ കുട്ടികൾക്കായി നിരവധി പോസ്റ്റുകൾ പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം നൂറനാട് ചിൽഡ്രൻസ് ഹോമം സന്ദർശിച്ച വിശേഷമാണ് കലക്ടർ ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്.
കലക്ടറുടെ കുറിപ്പ്
ഇത്ര ഭംഗിയായി ചെരുപ്പുകൾ അടുക്കി വെച്ചത് കണ്ടപ്പോ നിങ്ങളിൽ പലർക്കും ആശ്ചര്യം തോന്നിയോ.. ഇതേ വികാരമായിരുന്നു ഇത് കണ്ടപ്പോൾ എനിക്കും ഉണ്ടായത്.
ഇത് നൂറനാട് ചിൽഡ്രൻസ് ഹോമിലെ കുട്ടികളുടെ ചെരുപ്പുകളാണ്. അപ്രതീക്ഷിതമായാണ് ഇന്ന് ഞാൻ അവിടം സന്ദർശിച്ചത്. കയറിചെന്നപാടെ ഞാൻ കണ്ട മനോഹരമായ കാഴ്ചയാണിത്.
എത്ര ഭംഗി ആയാണല്ലേ അവർ ഇത് അടുക്കി വെച്ചിരിക്കുന്നത്. ഞാൻ അവിടെ എത്തുമെന്ന് അറിഞ്ഞല്ല കേട്ടോ ഇവർ ഇതൊക്കെയും ചെയ്തത്.
ഇത് മാത്രമല്ല, അവരുടെ കിടക്ക, വിരിപ്പ്, മേശ, വസ്ത്രങ്ങൾ ഒക്കെയും വളരെ വൃത്തിയോടെയും ഭംഗിയോടെയുമാണ് ഈ കുഞ്ഞുങ്ങൾ സൂക്ഷിച്ചിരിക്കുന്നത്.
ഒരുപാട് വിവരവും വിവേകും ഉണ്ടെന്ന് പറയുന്ന നമ്മളിൽ പലരും ഇതൊന്നും പലപ്പോഴും കൃത്യമായി ചെയ്യാറില്ല അല്ലെ....!! അവിടെയാണ് എന്റെയീ കുഞ്ഞ് മക്കൾ വ്യത്യസ്ഥർ ആകുന്നത്.
ഈ കുഞ്ഞ് മക്കൾ എല്ലാവരും ഭാവിയിൽ മിടുക്കരാകുമെന്നതിൽ എനിക്ക് യാതൊരു സംശയവുമില്ല. എന്റെ മനസ് നിറഞ്ഞാണ് അവിടെ നിന്നും മടങ്ങിയത്.
ഈ കുഞ്ഞുങ്ങൾക്ക് എല്ലാവിധ സൗകര്യങ്ങളും ഉറപ്പാക്കുകയും ഈ സ്ഥാപനത്തെ നല്ല രീതിയിൽ മുന്നോട്ട് കൊണ്ട് പോവുകയും ചെയ്യുന്ന ജനപ്രതിനിധികൾ, ശിശു സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ, പ്രത്യേകിച്ച് ഇവിടുത്തെ സൂപ്രണ്ട് എന്നിവർക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
Content Summary : Alappuzha collector Krishna Teja's heart touching post on children's home