മക്കൾക്ക് ഗെയിം അഡിക്ഷനുണ്ടോ?; ഹാപ്പി ഹോർമോൺ കൂട്ടാനുള്ള ടാസ്കുകൾ നൽകാം
Mail This Article
കോവിഡ് നാളുകൾ കഴിഞ്ഞെങ്കിലും അതു കുട്ടികളിൽ സൃഷ്ടിച്ച ശീലങ്ങൾ മാറിയിട്ടില്ല. മൊബൈൽ ഫോൺ ഉപയോഗം കൂടിയതാണ് അതിൽ പ്രധാനപ്പെട്ടത്. കോവിഡ് കാലത്ത് ക്ലാസുകളെല്ലാം ഓൺലൈനായതോടെ മൊബൈൽ ഉപയോഗം കുട്ടികളിൽ ഒഴിവാക്കാൻ കഴിയാതായി. അതുവരെ ഫോൺ നോക്കരുതെന്നു പറഞ്ഞിരുന്ന മാതാപിതാക്കൾ കുട്ടികൾക്കു നല്ല മൊബൈൽ ഫോൺ വാങ്ങിക്കൊടുത്തു. ഇതോടെ മൊബൈൽ ഫോണിനോടുള്ള അഡിക്‌ഷനും ചില കുട്ടികളിലുണ്ടായി. രാത്രി ഉറക്കമൊഴിച്ചു മൊബൈൽ ഫോണിൽ മണിക്കൂറുകളോളം ചെലവഴിക്കുന്ന വിദ്യാർഥികളുണ്ട്. ഇതുമൂലം അവരുടെ പഠനത്തെയുൾപ്പെടെ ബാധിക്കുന്നു. അൽപനേരം മൊബൈൽ ഫോണിൽ ചെലവഴിക്കുന്നതുകൊണ്ടു കുഴപ്പമില്ലെങ്കിലും അതു പഠനത്തെ ബാധിക്കുന്ന തരത്തിലാകാതിരിക്കാൻ മാതാപിതാക്കൾ പ്രത്യേകം കരുതലെടുക്കണമെന്നു കോഴിക്കോട് ഗവ. മാനസികാരോഗ്യ കേന്ദ്രത്തിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. പി.ടി. സന്ദീഷ് പറയുന്നു.
സ്ക്രീൻ ടൈം മറക്കരുത്
2 വയസ്സിൽ താഴെയുള്ള കുട്ടികൾക്കു സ്മാർട് ഫോണുകൾ നൽകരുത്. 2 മുതൽ 5 വയസ്സുവരെയുള്ള കുട്ടികൾക്കു സ്ക്രീൻ ടൈം ദിവസം ഒരു മണിക്കൂറിൽ കൂടരുത്. ‘അവനു മൊബൈൽ ഫോണിലെ എല്ലാ കാര്യങ്ങളുമറിയാം’– കുട്ടികളെക്കുറിച്ചു ചില മാതാപിതാക്കളെങ്കിലും പറയാറുണ്ട്. അതൊരു നല്ല ശീലമല്ല. കുട്ടികളിൽ ആ ശീലം രൂപപ്പെടാതിരിക്കാനുള്ള ഉത്തരവാദിത്തം മാതാപിതാക്കൾക്കു തന്നെയാണ്.
ഹാപ്പി ഹോർമോണും ചില കളികളും
സ്മാർട്ഫോണിൽ ചില ഗെയിമുകളും മറ്റും കളിക്കുമ്പോൾ നമ്മുടെ തലച്ചോറിൽ ഹാപ്പി ഹോർമോണിന്റെ (ഡോപമിൻ) ഉൽപാദനം വേഗത്തിലാകും. ഇതു നമുക്ക് ആവേശവും സന്തോഷവും നൽകും. ചില മൊബൈൽ ഗെയിമുകൾ ശ്രദ്ധിച്ചാൽ മതി. നമുക്കു ചില ടാസ്കുകളും അതിൽ വിജയിച്ചാൽ സമ്മാനങ്ങളും നൽകുന്നതാണ് അവയുടെ പൊതു രീതി. അതാണു കുട്ടികളെ സ്ഥിരമായി ഗെയിം കളിക്കാൻ പ്രേരിപ്പിക്കുന്നത്. ഒടുവിൽ അവർ ഗെയിമുകൾക്ക് അടിമപ്പെടുന്നതും. കുട്ടികൾ ജീവിതത്തിൽ ചെയ്യുന്ന കാര്യങ്ങൾക്ക് അതേ പ്രോത്സാഹനം അച്ഛനമ്മമാർ നൽകണം അതുവഴി അവരുടെ ശ്രദ്ധ മാറ്റിയെടുക്കണം.
മുതിർന്നവർ ശ്രദ്ധിക്കേണ്ടത്
കുട്ടികളുടെ ഡിജിറ്റൽ അഡിക്‌ഷൻ കുറക്കണമെങ്കിൽ ആദ്യം തിരുത്തി തുടങ്ങേണ്ടത് മുതിർന്നവരാണ്. കൂടുതൽ സമയം മുതിർന്നവർ മൊബൈലിൽ ചെലവഴിക്കുന്നതിന്റെ ബാക്കിയായാണ് കുട്ടികളും അതേ വഴി പോകുന്നത്. തനിക്ക് ഡിജിറ്റൽ ആസക്തിയുണ്ട് എന്നത് തിരിച്ചറിയുക എന്നതാണ് ഏറ്റവും പ്രധാനം സമൂഹവുമായി ഇടപെടാതിരിക്കുക, ജോലിക്കാര്യങ്ങളിൽ ആശ്രദ്ധ, വീട്ടുകാരോടുപോലും മിണ്ടാതിരിക്കുക എന്നിവ ലക്ഷണങ്ങളാണ്. ആവശ്യത്തിന് ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ദിവസം ഒരു മണിക്കൂറെങ്കിലും ‘ഡിജിറ്റൽ ഡീടോക്സ്’ ചെയ്യുന്നത് അഡിക്‌ഷൻ കുറയ്ക്കാനുള്ള ആദ്യപടിയാണ്. സ്ക്രീനിന് പൂർണമായും ബ്രേക്ക് കൊടുക്കുക എന്നതാണ് ഇതുകൊണ്ട് ഉദേശിക്കുന്നത്. വളരെ അത്യാവശ്യമുള്ളതല്ലാത്ത ആപ്പുകളുടെ നോട്ടിഫിക്കേഷൻ കൃത്യമായ സമയപരിധിക്കു ശേഷം ഓഫ് ചെയ്തിടാം. ഫോണിലെ ‘ഡിജിറ്റൽ വെൽബീയിങ്’ എന്ന സംവിധാനം വഴി ഓരോ ദിവസവും എത്ര സമയം വീതം ഓരോ ആപ്പിലും ചെലവഴിച്ചു എന്ന് മനസ്സിലാക്കാം. കുട്ടികളുടെയും മുതിർന്നവരുടെയും കാര്യത്തിൽ ഇത് കൃത്യമായി പരിശോധിക്കാൻ മറക്കേണ്ട.