ADVERTISEMENT

ആലപ്പുഴ ∙ ജില്ലയുടെ കോവിഡ് 19 പ്രതിരോധത്തിന്റെ കൺട്രോൾ ഇവിടെയാണ്, കലക്ടറേറ്റിലെ കോൺഫറൻസ് ഹാളിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂം. ആദ്യം ഡിഎംഒ ഓഫിസിലും പിന്നീട് കലക്ടറേറ്റിലും ആരംഭിച്ച കൺട്രോൾ റൂമുകൾ ഒരുമിച്ചാണു ജില്ലയിൽ നിന്നു കൊറോണയെ തല്ലിയോടിക്കുന്നത്. പല സംഘങ്ങളായി തിരിഞ്ഞാണു കൺട്രോൾ റൂമിന്റെ പ്രവർത്തനം. വരുന്ന കോളുകൾ സ്വീകരിക്കാനും. വിവിധ ആവശ്യങ്ങൾക്കായും നിരീക്ഷണത്തിലുള്ളവരെ ബന്ധപ്പെടാനും സാങ്കേതിക വിദ്യയുടെ സഹായമുണ്ട്. 

∙ കോൾ സെന്റർ പൊളിയാണ്

24 മണിക്കൂറും വിളിക്കാവുന്ന കൺട്രോൾ റൂം നമ്പറിനും ഫോണിനും മുന്നിലിരിക്കുന്നവർക്കും ഉറക്കമില്ല. ഇപ്പോൾ സ്ഥിതി ശാന്തമാണെങ്കിലും ഫോണിനു വിശ്രമമില്ല. എല്ലാ കോളുകളും അവർ നൽകുന്ന ചെറു വിവരങ്ങൾ പോലും കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്. പൊലീസ്, ആരോഗ്യ പ്രവർത്തകർ, വോളന്റിയ്ഴ്സ് എന്നിവരാണു ഫോൺ എടുക്കുക. ഡോക്ടർ ഓൺലൈൻ സേവനവും ഇവിടെ നിന്നാണു ലഭ്യമാക്കുന്നത്. മെഡിക്കൽ കോളജിലെ ഡോക്ടർമാരിലേക്കു ഫോൺ ബന്ധിപ്പിച്ചു നൽകും.

∙ ഒരു ദിവസം, 1500 ഫോൺ കോൾ

രണ്ടാം സംഘം ഫോൺ ചെയ്യുന്ന യന്ത്രങ്ങളാണ്. ക്വാറന്റീനിൽ ഉള്ളവരുടെ ആരോഗ്യ സ്ഥിതി പരിശോധിക്കാൻ ഓട്ടമാറ്റിക് ഫോൺ വിളി സംവിധാനമുണ്ടെങ്കിലും ഇവരുടെ പണി കുറയുന്നില്ല. വിളിക്കുമ്പോൾ പലരും തെറ്റായ അക്കങ്ങളാണ് അമർത്തുന്നത്. ഇവ കൃത്യമായി കംപ്യൂട്ടറിൽ രേഖപ്പെടുത്തും.  വിവരങ്ങൾ സ്ഥിരീകരിക്കുന്നത് ഈ രണ്ടാം സംഘമാണ്. 1500 ഫോൺ കോളെങ്കിലും ഒരു ദിവസംവേണ്ടി വരും. 

∙ സോൺ തിരിച്ചു പ്രതിരോധത്തിന് ആപ്പ് 

ബെംഗളൂരു കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയുടെ സഹായത്തോടെയാണു കൺട്രോൾ റൂമിനും കോവിഡ് പ്രതിരോധത്തിനും സാങ്കേതിക സംവിധാനങ്ങൾ. മലയാളികളാണു കമ്പനിയുടെ പിന്നിൽ. സൗജന്യമായാണ് ഇവർ ജില്ലാ ഭരണകൂടത്തിനൊപ്പം നിൽക്കുന്നത്. അഥവാ ഇനി ഒരു കോവിഡ് വ്യാപനം ഉണ്ടായാൽ പ്രതിരോധിക്കാൻ വേണ്ട നീക്കങ്ങൾ നടത്താൻ ഓൺലൈനായും കഴിയും.

പ്രാദേശികമായി അസുഖബാധ റിപ്പോർട്ട് ചെയ്താൽ, കലക്ടർ, ജില്ലാ പൊലീസ് മേധാവി, എന്നിവർക്ക് ഈ ആപ്ലിക്കേഷൻ ഉപയോഗിച്ച് ഉദ്യോഗസ്ഥർക്കു വേണ്ട നിർദേശങ്ങൾ നൽകാം. പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് റോഡുകൾ തടയും. ഒരു റോഡ് വഴി മാത്രമാകും പ്രവേശനം. ഇവിടെ കൃത്യമായ പരിശോധന. വേണ്ട നിർദേശങ്ങൾ നൽകിയാൽ ആപ്ലിക്കേഷൻ തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കു സന്ദേശം അയക്കും. 

∙ എന്തും ‌ലഭ്യം

സന്ദേശമയക്കാൻ 3 തരം സംവിധാനം ഇതിലുണ്ട്. ആദ്യത്തേത് കലക്ടർ, എസ്പി അടക്കം ഉന്നത ഉദ്യോഗസ്ഥർ, രണ്ടാം ഘട്ടം ഡോക്ടർമാർ ആശുപത്രികൾ അടക്കം ആരോഗ്യ മേഖല, മൂന്നാം ഘട്ടം ആശാ വർക്കപർമാർ ഉൾപ്പെടെ പൊതുജനങ്ങളോടു നേരിട്ട് ഇടപെടുന്നവർ. സ്ഥിതിയുടെ ഗൗരവം അനുസരിച്ച് ഇതിലേതൊക്കെ സംഘത്തിന് സന്ദേശമയക്കണം എന്നു തീരുമാനിക്കാം. ഒരു ആശുപത്രിയിൽ ഐസലേഷൻ ബെഡുകൾ തീർന്നാൽ തനിയെ തൊട്ടടുത്ത ആശുപത്രി ഏതെന്നു വിവരം നൽകും. 

വേണം ജാഗ്രത -ഡോ.ബി.പത്മകുമാർ, പ്രഫസർ, ജനറൽ മെഡിസിൻ, ആലപ്പുഴ മെഡിക്കൽ കോളജ്

ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകുന്ന സാഹചര്യത്തിൽ രോഗവ്യാപന സാധ്യത ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം:

∙ സ്ഥാപനങ്ങളിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും ഹാൻഡ് സ‍ാനിറ്റൈസർ ഉപയോഗിച്ചു കൈകൾ വൃത്തിയാക്കണം. 

∙ നിർബന്ധമായി കോട്ടൻ മാസ്ക് ധരിക്കണം. ആറു മണിക്കൂർ ഇടവിട്ട് മാസ്ക് മാറ്റണം.

∙ പകർച്ച രോഗങ്ങളായ പനി, ജലദോഷം, തുമ്മൽ തുടങ്ങിയവ ഉള്ളവർ യാത്ര ഒഴിവാക്കി വീട്ടിൽ കഴിയണം. ഇത്തരം രോഗലക്ഷണങ്ങളുള്ളവരെ സ്ഥാപനങ്ങള‍ിൽ കയറ്റാതിരിക്കാൻ സ്ഥാപന ഉടമകൾ ശ്രദ്ധിക്കണം.

∙ പ്രമേഹം, ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞവർ, ക്യാൻസർ രോഗമുള്ളർ, വയോധികർ തുടങ്ങിയ പ്രതിരോധ ശേഷി കുറഞ്ഞവർ വീട്ടിൽത്തന്നെ കഴിയണം.

∙ കൂട്ടംകൂടാൻ ശ്രമിക്കരുത്. സാമൂഹിക അകലം നിർബന്ധമായി പാലിക്കണം.

∙ കാറുകളിലും മറ്റും സഞ്ചരിക്കുമ്പോൾ ഒന്നിലധികം പേരുണ്ടെങ്കിൽ എസി ഒഴിവാക്കി ഗ്ലാസ് താഴ്ത്തി യാത്ര ചെയ്യുന്നതാണ് നല്ലത്.

∙ സ്ഥാപനങ്ങളിൽ എസി ഉപയോഗിക്കാതെ ജനാലകളും വാതിലുകളും തുറന്നിടുക.

∙ പ്രായമുള്ളവർ പരമാവധി വീട്ടിലെ ഒരു മുറിയിൽ തന്നെ കഴിയുക. പുറത്തു പോയിവരുന്നവർ പ്രായമായവരുമായി അടുത്തിടപഴകരുത്.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com