കലക്ടർ കൃഷ്ണ തേജ വീണ്ടും പറയുന്നു: ‘ഐ ആം ഫോർ ആലപ്പി’ !

Mail This Article
ആലപ്പുഴ ∙ ആന്ധ്രപ്രദേശിൽ നിന്നെത്തി ആലപ്പുഴയുടെ മനസ്സു കവർന്ന പഴയ സബ് കലക്ടർ, ജില്ലയുടെ ഭരണചക്രം തിരിക്കാൻ തിരികെയെത്തുന്നു. വൻ പ്രളയം സൃഷ്ടിച്ച പ്രതിസന്ധി ഘട്ടത്തിൽ അദ്ദേഹം തുടങ്ങിവച്ച പദ്ധതിയുടെ പേരു പോലെ കൃഷ്ണ തേജയും പറയുന്നു– ‘ഐ ആം ഫോർ ആലപ്പി’! സിവിൽ സർവീസിലെ തുടക്കക്കാരനെ സംബന്ധിച്ച് അൽപം ദീർഘമെന്നു പറയാവുന്ന കാലയളവായിരുന്നു ആലപ്പുഴയിൽ കൃഷ്ണ തേജയുടെ സബ് കലക്ടർ കാലം.
ഏകദേശം 3 വർഷം. അതിനിടയിലായിരുന്നു 2018 ഓഗസ്റ്റിലെ മഹാപ്രളയം ആലപ്പുഴയെയും കുട്ടനാടിനെയും തകർത്തത്. തുടക്കക്കാരനെന്ന നിലയിൽ മാറി നിന്ന് എല്ലാം കണ്ടു മനസ്സിലാക്കാവുന്ന കാലത്ത് കൃഷ്ണ തേജ മുൻകൈയെടുത്ത് നാടിനു വേണ്ടി രംഗത്തിറങ്ങി. പ്രളയകാലത്തു ലഭിക്കുന്ന സഹായം പ്രളയശേഷം ജീവിതത്തിലേക്കു തിരിച്ചുവരാൻ നാട്ടുകാർക്കു തുടർന്നും ലഭിക്കണമെന്നായിരുന്നു കൃഷ്ണ തേജയുടെ ആശയം. 2018 സെപ്റ്റംബർ 5 ന് ആരംഭിച്ച ഐ ആം ഫോർ ആലപ്പി എന്ന പദ്ധതിയിൽ, പ്രളയത്തിൽ തകർന്ന സർക്കാർ കെട്ടിടം നവീകരിക്കാൻ സഹായം ആവശ്യപ്പെട്ടായിരുന്നു തുടക്കം.
ആറു മണിക്കൂറിനുള്ളിൽ ആദ്യത്തെ സ്പോൺസറെത്തി. പിന്നീട് സാധാരണക്കാരുടെ ഉപജീവനത്തിന് കന്നുകാലികൾ, വിദ്യാർഥികൾക്കു പഠനോപകരണങ്ങൾ ഉൾപ്പെടുന്ന കിറ്റ്, സ്കൂളുകളിലെ അടിസ്ഥാന സൗകര്യം, തകർന്ന വീടുകളുടെയും സർക്കാർ കെട്ടിടങ്ങളുടെയും നവീകരണം, വീട്ടുപകരണങ്ങൾ, മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെ വ്യത്യസ്ത തൊഴിലുകൾ ചെയ്യുന്നവർക്കുള്ള തൊഴിലുപകരണങ്ങൾ, ഭിന്നശേഷിക്കാർക്ക് വീൽ ചെയറുകളും കൃത്രിമ അവയവങ്ങളും ഉൾപ്പെടെ കോടിക്കണക്കിനു രൂപയുടെ സഹായങ്ങളാണ് ലോകത്തെമ്പാടും നിന്ന് ആലപ്പുഴയിലേക്ക് മറ്റൊരു പ്രളയമായെത്തിയത്. വീണ്ടും ഒരു മഴക്കാലത്ത് കൃഷ്ണ തേജ മടങ്ങിയെത്തുമ്പോൾ തുടങ്ങിവച്ച പദ്ധതികളുടെ പൂർത്തീകരണവും പുത്തൻ ആശയങ്ങളും നടപ്പാകുമെന്ന പ്രതീക്ഷയിലാണ് ആലപ്പുഴക്കാർ.