പരുമലക്കടവിൽ ഗതാഗതക്കുരുക്ക്

Mail This Article
മാന്നാർ ∙ ഗതാഗതക്കുരുക്കിൽ വലഞ്ഞു സംസ്ഥാന പാതയിലെ പരുമലക്കടവും പരിസരവും. ഒരു വലിയ വാഹനം ദിശ മാറി പാർക്ക് ചെയ്താലോ രണ്ടു വലിയ വാഹനങ്ങൾ കിടന്നാലോ പരുമലക്കടവിൽ ഗതാഗതക്കുരുക്ക് പതിവാണ് . ഇവിടെയുള്ള സിഗ്നൽ ലൈറ്റിനു കിഴക്കു ഭാഗത്ത് മാവേലിക്കര ഭാഗത്തേക്കു പോകുന്ന സ്വകാര്യ ബസുകളുടെ പാർക്കിങ്ങാണ് ഏറെ പ്രശ്നങ്ങളുണ്ടാക്കുന്നത്. പച്ച സിഗ്നൽ തെളിഞ്ഞാൽ പോലും ഈ ബസുകൾ കാരണം മറ്റു വാഹനങ്ങൾക്കു പോകാൻ കഴിയാത്ത സ്ഥിതിയാണ്.
കടകളിൽ സാധനങ്ങളിറക്കുകയോ കയറ്റുകയോ ചെയ്താലുണ്ടാകുന്ന വാഹനക്കുരുക്കും ഇവിടെ പതിവാണ്. സിഗ്നൽ ലൈറ്റിനു സമീപത്തെ ബസ് സ്റ്റോപ്പ് ഒഴിവാക്കിയാൽ കുറെ പ്രശ്നങ്ങൾക്കു പരിഹാരമാകും. സിഗ്നൽ വന്നതോടെ പൊലീസ് ഇവിടെ നിയന്ത്രണത്തിനില്ലാത്തതും പ്രശ്നമായിട്ടുണ്ട്. പരുമലക്കടവിൽ ഇതു പതിവായതായി യാത്രക്കാരും വ്യാപാരികളും പറഞ്ഞു. തിരക്കു കൂടുതലുള്ള രാവിലെയും വൈകിട്ടും പരുമലക്കടവിൽ പൊലീസിന്റെ സേവനം വേണമെന്നാണ് പൊതുവെയുള്ള ആവശ്യം.