പുഴയിൽ പൊലിഞ്ഞത് 2 ജീവനുകൾ: നടുങ്ങി വെൺമണി ഗ്രാമം

Mail This Article
വെൺമണി ∙ ബന്ധുക്കളായ യുവാക്കളുടെ ജീവൻ അച്ചൻകോവിലാറിന്റെ ആഴങ്ങളിൽ പൊലിഞ്ഞതിന്റെ നടുക്കത്തിൽ നിന്നു മോചിതയായിട്ടില്ല വെൺമണി ഗ്രാമം. ഇന്നലെ വൈകിട്ട് 2 പേരെ നദിയിൽ കാണാതായെന്ന വാർത്ത പരന്നതോടെ നാടൊന്നാകെ ശാർങക്കാവ് കടവിലെത്തി. അടുത്ത കാലത്തൊന്നും പ്രദേശത്ത് ഇത്തരത്തിൽ അപകടമുണ്ടായിട്ടില്ലെന്നു നാട്ടുകാർ പറയുന്നു.
കടവിന് ഏതാനും മീറ്ററുകൾ അകലെ ബന്ധുവീട്ടിൽ വിരുന്നിനെത്തിയതാണു രാകേഷും വിഷ്ണുവും. കുളിക്കുന്നതിനിടെ നദിയിൽ താഴ്ന്നുപോയി. ഇരുവരെയും കണ്ടെത്താൻ നാട്ടുകാരുടെ നേതൃത്വത്തിൽ ശ്രമം തുടങ്ങി. വിവര അറിഞ്ഞ് അഗ്നിരക്ഷാസേനയും മന്ത്രി സജി ചെറിയാനും സ്ഥലത്തെത്തി. കാണാതായതിനു സമീപത്തു നിന്ന് ആറേകാലോടെ ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തി.
ഇരുകുടുംബങ്ങൾക്കും ആശ്രയമായിരുന്ന യുവാക്കൾക്കുണ്ടായ ദുരന്തം നാടിനെ കണ്ണീരിലാക്കി. സ്വകാര്യ ധനകാര്യസ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു രാകേഷ്. സ്വകാര്യ ടെലികോം കമ്പനി ടെക്നിഷ്യനായിരുന്ന വിഷ്ണുവിന്റെ അച്ഛൻ മണിക്കുട്ടൻ ഉത്സവസ്ഥലത്തുണ്ടായ അപകടത്തെ തുടർന്നു നട്ടെല്ലിനു സാരമായി പരുക്കേറ്റ് വർഷങ്ങളായി ചികിത്സയിലാണ്.