ഭൂമിക്കടിയിലെ പൈപ്പിൽ നിന്ന് അടുക്കളയിലെ അടുപ്പിലേക്ക്; വാതകം തീരില്ല, പാചകം മുടങ്ങില്ല, ഉപഭോഗം മീറ്ററിലറിയാം

Mail This Article
ആലപ്പുഴ∙ പാചകത്തിനിടെ പെട്ടെന്നു ഗ്യാസ് തീർന്നാലെന്തു ചെയ്യും? സിലിണ്ടർ മാറ്റി പുതിയതു വയ്ക്കണം. വേറെ സിലിണ്ടർ സ്റ്റോക്കിലെങ്കിലോ? പെട്ടതു തന്നെ. പൈപ്പിലൂടെ വെള്ളം വരുന്നതു പോലെ പോലെ പാചകവാതകവും വീടുകളിലേക്ക് എത്തിയാലോ. പിന്നെ ‘നോ ടെൻഷൻ’.
ജില്ലയുടെ വടക്കൻ മേഖലയിലെ പല വീടുകളിലും ഇപ്പോൾ പാചകവാതകം തീരുമെന്ന ടെൻഷനില്ല. സിറ്റി ഗ്യാസ് പദ്ധതിയിൽ ജില്ലയിലെ 10,396 വീടുകളിലേക്കു പൈപ്പ്ഡ് നാച്വറൽ ഗ്യാസ് (പിഎൻജി) എത്തിത്തുടങ്ങി. ഭൂമിക്കടിയിൽ സ്ഥാപിക്കുന്ന കുഴലുകളിലൂടെ പ്ലാന്റിൽ നിന്നു വീട്ടിലെ സ്റ്റൗവിലേക്ക് പാചകവാചകം എത്തിക്കുന്നതാണു പദ്ധതി.
ഉപഭോഗം മീറ്ററിലറിയാം, ബിൽ എല്ലാ മാസവും
ഗ്യാസ് ഉപഭോഗം അളക്കാൻ ജല അതോറിറ്റി മീറ്റർ പോലെയുള്ള മീറ്ററുണ്ടാകും. ഉപഭോഗത്തിനനുസരിച്ച് ഓരോ മാസവും ബിൽ അടയ്ക്കണം. എൽപിജിയെക്കാൾ വിലക്കുറവ്, സിലിണ്ടർ സൂക്ഷിക്കേണ്ട, അപകട സാധ്യതയില്ല, മലിനീകരണവും കുറവ്
ഭൂമിക്കടിയിലെ പൈപ്പിൽ നിന്ന് അടുക്കളയിലെ അടുപ്പിലേക്ക്
സിറ്റി ഗ്യാസ് പദ്ധതിയുടെ പ്രധാന പൈപ്പ് ദേശീയപാത 66, പ്രധാന പിഡബ്ല്യുഡി റോഡുകൾ എന്നിവയുടെ അരികിലൂടെയാണു കടന്നു പോകുക. 1.2 മീറ്ററിലധികം താഴ്ചയിലാകും പൈപ്പുകൾ. തുരുമ്പിക്കലിനെയും ലീക്കേജിനെയും അതിജീവിക്കാൻ കഴിയുന്ന കാർബൺ സ്റ്റീൽ പോളി എത്തിലിൻ പൈപ്പാണു പ്രധാന കണക്‌ഷന് ഉപയോഗിക്കുന്നത്. ചെറു റോഡുകളിലൂടെ വീടുകളിലേക്ക് പ്ലാസ്റ്റിക് പൈപ്പുകൾ (മീഡിയം ഡെൻസിറ്റി പോളി എത്തിലിൻ) സ്ഥാപിക്കും. വീടിനുള്ളിൽ ജിഐ (ഗാൽവനൈസ്ഡ് അയൺ) പൈപ്പുകളാണ് ഉപയോഗിക്കുക.
സുരക്ഷ ഉറപ്പാക്കും
പൈപ്പ് ശൃംഖലയിൽ ഓരോ 3 കിലോമീറ്ററിലും ഗ്യാസ് വിതരണം പൂർണമായും തടസപ്പെടുത്താനാകുന്ന വാൽവ് ഉണ്ടാകും. ഏതെങ്കിലും തരത്തിൽ ലീക്കേജ് ഉണ്ടായാൽ ഈ വാൽവ് അടച്ചു ചോർച്ച തടയാം. അതിനു പുറമേ, ഓരോ 15 കിലോമീറ്ററിലും വിദൂരമായി നിയന്ത്രിക്കാവുന്ന വാൽവുകളുമുണ്ടാകും.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local
ആദ്യഘട്ടത്തിൽ 10,396;വരും കൂടുതൽ കണക്‌ഷൻ
വയലാർ പഞ്ചായത്തിലും ചേർത്തല നഗരസഭയിലെ 11 വാർഡുകളിലുമായി ജില്ലയിൽ ഇതുവരെ 10,396 വീടുകളിലേക്ക് പൈപ്പ് ലൈൻ എത്തിച്ചു. തണ്ണീർമുക്കം, കഞ്ഞിക്കുഴി, മണ്ണഞ്ചേരി, മുഹമ്മ, കടക്കരപ്പള്ളി, ചേർത്തല തെക്ക്, മാരാരിക്കുളം വടക്ക്, മാരാരിക്കുളം തെക്ക്, ആര്യാട് പഞ്ചായത്തുകളിലേക്കും ഈ വർഷം പൈപ്പ് ലൈൻ വ്യാപിപ്പിക്കും. ചേർത്തലയ്ക്കു തെക്കു നിന്നു കലവൂർ വരെ പൈപ്പ് സ്ഥാപിച്ചിട്ടുണ്ട്
ആലപ്പുഴയിൽ ഭൂമിക്കടിയിൽ സ്ഥാപിക്കാനായി പൈപ്പുകൾ ഇറക്കി. നവംബറിനകം ചേർത്തല നഗരത്തിൽ മൂന്നു കിലോമീറ്ററോളം പൈപ്പിടൽ പൂർത്തിയാക്കും. 2024 ഏപ്രിലോടെ അമ്പലപ്പുഴ വരെ പിഎൻജി എത്തും.
പ്ലാന്റ് തങ്കിക്കവലയിലും ചവറയിലും
ചേർത്തല തങ്കിക്കവലയിലെ സിഎൻജി പ്ലാന്റിൽ നിന്നാണു ജില്ലയിൽ പാചകവാതകം വിതരണം ചെയ്യുന്നത്. കളമശേരിയിലെ പ്ലാന്റിൽ നിന്നു കണ്ടെയ്നറിൽ ദ്രാവകമായി കംപ്രസ്ഡ് നാച്വറൽ ഗ്യാസ് (സിഎൻജി) തങ്കിയിൽ എത്തിച്ചു പിഎൻജി ആക്കി പൈപ്പിലൂടെ വിതരണം ചെയ്യുകയാണ്. കായംകുളം, നൂറനാട് മേഖലയെ കൊല്ലം ചവറയിലെ പ്ലാന്റുമായി ബന്ധിപ്പിച്ചാകും കണക്‌ഷൻ നൽകുക. അടുത്ത ഘട്ടത്തിൽ തങ്കിക്കവല, ചവറ, ആറ്റിങ്ങൽ എന്നിവിടങ്ങളെ ബന്ധിപ്പിച്ച് ഒറ്റ ശൃംഖലയാക്കും. സിഎൻജി വിതരണം ചെയ്യുന്നതിനു ജില്ലയിൽ 14 ഒൗട്ട്‌ലെറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. വാഹനങ്ങൾ സിഎൻജിയിലേക്കു മാറ്റുന്നതിനുള്ള ക്രമീകരണങ്ങളും ചെയ്യുന്നുണ്ട്.
∙ പെട്രോളിയം ആൻഡ് നാച്വറൽ ഗ്യാസ് റഗുലേറ്ററി ബോർഡിന്റെ (പിഎൻജിആർബി) നേതൃത്വത്തിൽ അറ്റ്ലാന്റിക് ഗൾഫ് ആൻഡ് പസിഫിക് ലിമിറ്റഡിനാണു (എജി ആൻഡ് പി) പദ്ധതിയുടെ നിർവഹണച്ചുമതല.