കനത്തമഴ; വെള്ളക്കെട്ട് രൂക്ഷം

Mail This Article
മാന്നാർ ∙ പതിവിലും വ്യത്യസ്തമായി ഇന്നലെ അപ്പർകുട്ടനാട്ടിൽ കനത്തമഴയാണ് പെയ്തത്, ഓടകൾ കവിഞ്ഞു റോഡുകൾ തോടായി മാറി. മാന്നാർ തൃക്കുരട്ടി മഹാദേവർ ക്ഷേത്രത്തിന്റെ കിഴക്ക് വശം കുരട്ടിക്കാട് ഭാഗത്തോട്ടുള്ള റോഡിൽ കലുങ്ക് കഴിഞ്ഞുള്ള ഭാഗത്തെ വെള്ളക്കെട്ടാണ് യാത്രക്കാരെയും കടക്കാരെയും വലച്ചു ദുരിതത്തിലാക്കിയത്. ഇവിടത്തെ ഓടകൾ കരവിഞ്ഞതോടെയാണ് റോഡിൽ ഒരടിയോളം വെള്ളക്കെട്ടു രൂപപ്പെട്ടത്. ആർക്കും നടന്നു പോലും പോകാൻ കഴിയാത്ത വിധമായിരുന്നു വെള്ളക്കെട്ട്. വാഹനങ്ങൾ പോകുമ്പോൾ തൊട്ടടുത്തുള്ള കടകളിലേക്ക് വെള്ളം ഇരച്ചു കയറിയതു കടക്കാർക്കു ബുദ്ധിമുട്ടായി.
നിലത്തിരുന്ന പലചരക്കു സാധനങ്ങളെല്ലാം നനഞ്ഞു. സംസ്ഥാന പാതയിലെ പോസ്റ്റ് ഓഫിസ് ജംക്‌ഷൻ, പന്നായിക്കടവ് ഭാഗം, പഞ്ചായത്തു ജംക്‌ഷൻ, കോയിക്കൽ ജംക്‌ഷൻ, കുരട്ടിക്കാട് ധർമ ശാസ്താ ക്ഷേത്ര ജംക്‌ഷൻ, കുരട്ടിക്കാട് പൈനുമൂട് ജംക്‌ഷൻ, ബുധനൂർ ഹൈസ്കൂൾ ജംക്‌ഷൻ എന്നിവിടങ്ങളിലും വെള്ളക്കെട്ടു രൂപപ്പെട്ടത് ഗതാഗതത്തെ ബാധിച്ചു. എങ്ങും ഓട നവീകരണം നടക്കാത്തതാണ് വെള്ളക്കെട്ടു രൂപപ്പെടാൻ കാരണം.