മരണാനന്തര ചടങ്ങുകൾ നടത്താൻ പോലും വെള്ളമില്ലാത്ത അവസ്ഥ; രണ്ടു മാസം കൂടുമ്പോൾ കൃത്യമായി ബിൽ കിട്ടും!

Mail This Article
ആലപ്പുഴ∙ ‘ഒരാഴ്ച മുൻപാണ് ഭർത്താവിന്റെ അമ്മ മരിച്ചത്. മരണാനന്തര ചടങ്ങുകൾ നടത്താൻ പോലും വെള്ളമില്ലായിരുന്നു. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസമാണ് പൈപ്പിൽ വെള്ളമെത്തുന്നത്. രണ്ടോ മൂന്നോ കുടം നിറയ്ക്കുമ്പോഴേക്കും അതും തീരും’ – പള്ളാത്തുരുത്തി ആറ്റുതീരത്ത് വച്ചു മിനി സാബു പറയുമ്പോൾ വെള്ളം തേടി തോണിയിൽ അക്കരയ്ക്കു പോയവർ നിരാശരായി മടങ്ങി വരുന്നുണ്ടായിരുന്നു.പള്ളാത്തുരുത്തി വലിയപറമ്പിൽ പാലത്തിന്റെ വടക്കുള്ള പത്തു കുടുംബങ്ങൾക്കു വെള്ളമാണ് ഏറ്റവും വലിയ ജീവിതപ്രശ്നം. മഴക്കാലത്ത് മുറ്റത്തു മുട്ടൊപ്പം വെള്ളമെത്തും. എന്നാൽ കുടിക്കാൻ ഒരു കാലത്തും വെള്ളമുണ്ടാകില്ല. രണ്ടാമത്തെ പ്രശ്നം വഴിയാണ്.
3 കിലോമീറ്ററോളം നടവഴി മാത്രം. ഇരുചക്ര വാഹനമോടിക്കുന്നതു പോലും ദുഷ്കരം. അതുകൊണ്ട് ടാങ്കറിൽ വെള്ളമെത്തിക്കാനും കഴിയില്ല. ആറ്റിനക്കരെ ഒരു പൊതുടാപ്പുണ്ട്. അതിലും വെള്ളമെത്തുന്നതു വല്ലപ്പോഴും മാത്രം. തോണിയുമായി അക്കരെ കടന്നാലും നിരാശയാണ്.10 വീടുകളിൽ ഒരിടത്തും കിണറില്ല. ജല അതോറിറ്റിയുടെ കണക്‌ഷൻ മാത്രമാണ് ആശ്രയം. അഞ്ചു വർഷം മുൻപു പുതിയ പൈപ്പ് ലൈൻ സ്ഥാപിച്ചെങ്കിലും വെള്ളമെത്തുന്നതു പഴയതു പോലെ തന്നെ. ‘‘ആഴ്ചയിൽ രണ്ടു ദിവസമാണ് വെള്ളമെത്തുന്നത്. രാവിലെ 8 ന് പൈപ്പ് തുറക്കുമ്പോൾ കുറച്ച് വെള്ളം വരും. എല്ലാ കുടത്തിലും നിറയുന്നതിനു മുൻപു തീരും.ജല അതോറിറ്റിയിൽ വിളിച്ചാൽ പൈപ്പിൽ അറ്റകുറ്റപ്പണിയുണ്ട് എന്നാണു സ്ഥിരം മറുപടി.
വെള്ളമില്ലെങ്കിലും രണ്ടു മാസം കൂടുമ്പോൾ കൃത്യമായി ബിൽ കിട്ടും’’–ആറ്റുകടവിൽ അംബുജാക്ഷി പറയുന്നു.ഈ മാസം 16നാണ് മിനിയുടെ ഭാര്യമാതാവ് ആറ്റുകടവിൽ രോഹിണി മരിച്ചത്. മരണാനന്തര ചടങ്ങുകൾക്കു വന്നവർക്കു ഭക്ഷണമുണ്ടാക്കാൻ വെള്ളമില്ലാത്തതിനാൽ ഭക്ഷണം പുറത്ത് ഏൽപ്പിക്കുകയായിരുന്നു. പൈപ്പിൽ വെള്ളമെത്താത്ത ദിവസങ്ങളിൽ വീടുകളിൽ ഭക്ഷണമുണ്ടാക്കലും പ്രതിസന്ധിയിലാണ്. ചില ദിവസങ്ങളിൽ കുടിക്കാൻ പോലും വെള്ളമുണ്ടാകില്ല.ജല അതോറിറ്റിയുടെ വിതരണ പൈപ്പ് ലൈനിലെ അവസാന പോയിന്റായതിനാൽ വായു കയറുന്നതാണ് പ്രശ്നമെന്നാണു അധികൃതരുടെ വിശദീകരണം. പാടവരമ്പിലൂടെ 3 മീറ്റർ ആഴത്തിലിട്ട പൈപ്പായതിനാൽ കൃത്യമായി പോയിന്റ് കണ്ടെത്തി കുഴിക്കുന്നതിനു തടസ്സമുണ്ടെന്നും ഇവർ പറയുന്നു.അധികൃതർ സാങ്കേതികത്വം പറഞ്ഞു കൈമലർത്തുമ്പോൾ പത്തു കുടുംബങ്ങൾ വെള്ളമില്ലാതെ നരകിക്കുകയാണ്.
നിങ്ങളുടെ നാട്ടിലുണ്ടോ ശുദ്ധജലക്ഷാമം
മനോരമയെ അറിയിക്കൂ.ജില്ലയുടെ പല ഭാഗത്തും ശുദ്ധജലക്ഷാമം രൂക്ഷമാണ്. നിങ്ങളുടെ പ്രദേശത്തും ഈ പ്രശ്നമുണ്ടോ ? ഇതു പരിഹരിക്കുന്നതിൽ അധികൃതരുടെ ഭാഗത്തു വീഴ്ചയുണ്ടോ. മലയാള മനോരമയെ അറിയിക്കൂ. ഇന്ന് രാവിലെ 11 മുതൽ 12 വരെ 9846005700 എന്ന നമ്പറിൽ വിളിക്കാം.
വെള്ളമുണ്ട് പലയിടത്തും; പക്ഷേ കിട്ടാനില്ല
ജില്ലയിലെ പല ഭാഗത്തെയും ഇപ്പോഴത്തെ ശുദ്ധജലക്ഷാമത്തിനു കാരണം വരൾച്ചയല്ല. ജല അതോറിറ്റിയുടെ വിതരണ ശൃംഖലയിലെ പ്രശ്നങ്ങളാണ്.ആലപ്പുഴ ഡിവിഷനിനു കീഴിൽ ആലപ്പുഴ നഗരസഭയിലെയും 8 പഞ്ചായത്തുകളിലുമുള്ള ആലപ്പുഴ ശുദ്ധജല വിതരണ പദ്ധതി, ചേർത്തല നഗരസഭയിലും 18 പഞ്ചായത്തുകളിലുമുള്ള ജപ്പാൻ കുടിവെള്ള പദ്ധതി എന്നിവയ്ക്ക് പമ്പയാറിലെയും മൂവാറ്റുപുഴയാറിലെയും വെള്ളം ശുദ്ധീകരിച്ചാണ് ഉപയോഗിക്കുന്നത്. പിറവത്തും കടപ്രയിലുമാണ് പമ്പിങ് സ്റ്റേഷനുകൾ. രണ്ട് നദികളിലും ആവശ്യത്തിനു വെള്ളമുണ്ട്. പക്ഷേ ദേശീയപാതയുടെ നവീകരണം, അമൃത് പദ്ധതിയിൽ പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കൽ തുടങ്ങിയവ മൂലം പൈപ്പ് ലൈനുകളിൽ ഉണ്ടാകുന്ന തകരാറാണു ജലവിതരണത്തിൽ വില്ലനാകുന്നത്.വിതരണ ശൃംഖലയിലെ സാങ്കേതിക തകരാറുകൾ യഥാസമയം പരിഹരിക്കുന്നതിൽ അധികൃതർ വീഴ്ച വരുത്തിയാൽ വേനൽ കനക്കുന്നതോടെ ശുദ്ധജലപ്രശ്നം കൂടുതൽ രൂക്ഷമാകും.