ജില്ലയിൽ 8 വില്ലേജ് ഓഫിസുകൾ കൂടി സ്മാർട്ടാക്കും: മന്ത്രി

Mail This Article
ആലപ്പുഴ∙ ജില്ലയിലെ എട്ട് വില്ലേജ് ഓഫിസുകൾ കൂടി സ്മാർട്ട് ഓഫിസുകളാക്കുമെന്നു മന്ത്രി കെ. രാജൻ. അരൂർ, പാതിരപ്പള്ളി, വീയപുരം, പുറക്കാട്, ആറാട്ടുപുഴ, നൂറനാട്, പെരിങ്ങാല, മാന്നാർ വില്ലേജ് ഓഫിസുകളാണ് സ്മാർട്ടാകുക. ഓരോ വില്ലേജ് ഓഫിസിനും 45 ലക്ഷം രൂപ വീതം അനുവദിച്ചു. നവീകരിച്ച കലക്ടറേറ്റ് കോൺഫറൻസ് ഹാളിന്റെയും ഓഫിസിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കലക്ടറുടെ പരാതി പരിഹാര പോർട്ടലായ ‘സ്നേഹപൂർവം’ പോർട്ടലും മന്ത്രി ഉദ്ഘാടനം ചെയ്തു.
10 രാജ്യങ്ങളിൽ താമസിക്കുന്ന പ്രവാസികൾക്ക് കേരളത്തിലുള്ള അവരുടെ ഭൂമിയുടെ പോക്കുവരവും തരംമാറ്റവും ഓൺലൈനായി ചെയ്യാനുള്ള സംവിധാനം നടത്തിക്കൊണ്ടിരിക്കുകയാണെന്നു മന്ത്രി പറഞ്ഞു. അനധികൃതമായ മണ്ണിട്ട് നികത്തിയ പാടങ്ങളും തണ്ണീർത്തടങ്ങളും പഴയ സ്ഥിതിയിലാക്കാൻ കലക്ടർമാർക്ക് 2 കോടി രൂപ റിവോൾവിങ് ഫണ്ട് അനുവദിക്കുന്ന കാര്യം പരിഗണനയിലുണ്ട്. മന്ത്രി പി. പ്രസാദ് അധ്യക്ഷത വഹിച്ചു. എംഎൽഎമാരായ എച്ച്.സലാം, പി. പി.ചിത്തരഞ്ജൻ, കലക്ടർ അലക്സ് വർഗീസ്, എഡിഎം ആശാ സി.ഏബ്രഹാം, സബ് കലക്ടർ സമീർ കിഷൻ എന്നിവർ പ്രസംഗിച്ചു.