വിളവെടുത്തിട്ട് 18 ദിവസം ; രാപകൽ നെല്ലിന് കാവൽ

Mail This Article
കുട്ടനാട് ∙ വിളവെടുത്തിട്ട് 18 ദിവസം, നെല്ല് സംഭരണം നടക്കുന്നില്ല .കർഷകർ ദുരിതത്തിൽ. മുട്ടാർ കൃഷിഭവൻ പരിധിയിലെ പള്ളിക്കടവ് ളായിക്കരി പാടശേഖരത്തിലെ കർഷകരാണു നെല്ല് വിൽക്കാൻ സാധിക്കാതെ രാപകൽ കാവൽ നിൽക്കുന്നത്. മിത്രക്കരി സെന്റ് സേവ്യേഴ്സ് പള്ളിയുടെ ഉടമസ്ഥതയിലുള്ള 8 ഏക്കർ കൃഷിയിടത്തിലെ നെല്ല് മഴയിൽ നശിക്കാതിരിക്കാൻ പള്ളിയുടെ പാരിഷ് ഹാളിലേക്കു മാറ്റിയതിനാൽ മറ്റു പരിപാടികൾ പാരിഷ് ഹാളിൽ നടത്താൻ സാധിക്കുന്നില്ല.
17 ഏക്കർ വിസ്തൃതിയുള്ള പാടശേഖരത്തിൽ 12 കർഷകരാണുള്ളത്. മുൻ വർഷങ്ങളിൽ വിളവെടുത്താൻ ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ നെല്ല് സംഭരിക്കുമായിരുന്നു. ഇത്തവണ വിളവെടുപ്പു കഴിഞ്ഞ് 3 ആഴ്ചയായിട്ടും നെല്ല് സംഭരിക്കാൻ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. എംഎൽഎ, പാഡി ഉദ്യോഗസ്ഥരോടും കലക്ടറേറ്റിലും പരാതി പറഞ്ഞിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. മില്ലുകാർ നെല്ല് വന്നു നോക്കുന്നതല്ലാതെ കിഴിവിനെക്കുറിച്ചോ സംഭരണത്തെക്കുറിച്ചോ യാതൊന്നും സംസാരിക്കാതെ തിരിച്ചു പോവുകയാണ്.
വേനൽ മഴയിൽ നിന്നു നെല്ല് സംരക്ഷിക്കാൻ വളരെയേറെ ബുദ്ധിമുട്ടാണു കർഷകർക്ക് ഉണ്ടാകുന്നത്. പാടശേഖരത്തിന്റെ വിവിധ ഭാഗങ്ങളിലായി നെല്ല് കൂട്ടിയിട്ടിരിക്കുകയാണു . വെയിൽ തെളിയുമ്പോൾ, മൂടിയിട്ട നെല്ലിലെ പടുത മാറ്റി വെയിൽ കൊള്ളിച്ചാണു സംരക്ഷിക്കുന്നത്. അതു കർഷകരുടെ സമയ നഷ്ടത്തിനൊപ്പം സാമ്പത്തിക നഷ്ടവും വരുത്തി വയ്ക്കുന്നു. പള്ളിയുടെ ഉടമസ്ഥതയിലുള്ള നെല്ല് പാരിഷ് ഹാളിലേക്കു നീക്കിയതിനു മാത്രം 20,000 രൂപ ചെലവായി .