പുഞ്ചക്കൃഷി വിളവെടുപ്പ്: 45922.62 ടൺ നെല്ല് സംഭരിച്ചു
Mail This Article
എടത്വ ∙ നെൽക്കൃഷിയിലെ കിഴിവ് അടക്കം ഒട്ടേറെ പ്രശ്നങ്ങൾ ഉള്ളപ്പോഴും കൊയ്ത്ത് 57 ശതമാനം പിന്നിട്ടു. കിഴിവു തർക്കത്തിൽ പെട്ട് പല പാടശേഖരങ്ങളിലും സംഭരണം തടസ്സപ്പെട്ടെങ്കിലും 45922.62 ടൺ നെല്ല് സംഭരിച്ചു കഴിഞ്ഞു. നിലവിൽ സംഭരണം നടത്തുന്ന മില്ലുകൾക്കു 89015.18 ടൺ നെല്ല് സംഭരിക്കാൻ സപ്ലൈകോ അനുവാദം നൽകിയിട്ടുണ്ട്. ജില്ലയിൽ നിന്നും ഇക്കുറി പുഞ്ചക്കൃഷി (രണ്ടാം വിള) വിളവെടുപ്പിൽ 128357.95 ടൺ നെല്ലാണ് പ്രതീക്ഷിക്കുന്നത്. 27000 ഹെക്ടറിലാണ് കൃഷി ചെയ്തിട്ടുള്ളത്. പതിവിനു വിപരീതമായി പുഞ്ചക്കൃഷിയുടെ നെല്ല് സംഭരിച്ച കർഷകർക്ക് പിആർഎസ് വായ്പ നൽകിത്തുടങ്ങി.
കനറാ ബാങ്ക്, എസ്ബിഐ ബാങ്ക് എന്നിവിടങ്ങളിൽ നിന്നു മാത്രമാണ് ഇക്കുറി വായ്പ പദ്ധതി നടപ്പിലാക്കുന്നത്. ഇതിനോടകം പുഞ്ച വിളവെടുത്ത കർഷകർക്ക് കനറാ ബാങ്ക് 541 കർഷകർക്കായി 4.75 കോടിയും, എസ്ബിഐ 362 കർഷകർക്കായി 3.32 കോടിയും വിതരണം ചെയ്തു കഴിഞ്ഞു. കഴിഞ്ഞ രണ്ടാം കൃഷി (ഒന്നാം വിള) വിളവെടുപ്പിൽ കർഷകർക്ക് 113.16 കോടിയും വിതരണം ചെയ്തിട്ടുണ്ട്. വെളിയനാട് വെള്ളി ശ്രാക്കൽ പാടത്ത് 87 ഏക്കറിൽ നിന്നും കൊയ്തെടുത്ത നെല്ല് 21 ദിവസമായി പാടത്തു കിടക്കുകയാണ്.
ഒരു ലോഡ് നെല്ല് സംഭരിച്ച ശേഷം മില്ലുകാർ പിന്നീട് വന്നില്ലെന്നാണു കർഷകർ പറയുന്നത്. വലിയ വാഹനം എത്താത്ത പാടശേഖരങ്ങളിലാണ് കൂടുതലും നെല്ല് കെട്ടിക്കിടക്കുന്നത്. കൊയ്ത്തു കഴിഞ്ഞ ഉടനെ നെല്ല് സംഭരിക്കാൻ എത്തുമ്പോൾ 2 കിലോ കിഴിവ് വാങ്ങി സംഭരിക്കുകയും പിന്നീട് വരാതിരിക്കുകയും ചെയ്യും. ശേഷം വില പേശി കൂടുതൽ നെല്ല് കിഴിവ് ആവശ്യപ്പെടും. അങ്ങനെ വരുമ്പോൾ 8 മുതൽ 10 കിലോ വരെ കിഴിവ് കൊടുക്കേണ്ടി വരുകയാണ്. വേനൽ മഴ ശക്തമാകുന്നതിനു മുൻപേ ഏപ്രിൽ അവസാനത്തോടെ കൊയ്ത്തും സംഭരണവും പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് കർഷകർ.