വെട്ടത്തേരി പാടത്ത് നെല്ല് സംഭരണം തുടങ്ങി

Mail This Article
മാന്നാർ ∙ കൊയ്തു തുടങ്ങിയ ചെന്നിത്തല 9 ാം ബ്ലോക്ക്‌വെട്ടത്തേരി പാടശേഖരത്തിൽ മൂന്നാം നാളായ ഇന്നലെ മുതൽ നെല്ലെടുത്തു തുടങ്ങി. വൈകിട്ടു പെയ്ത മഴ ആശങ്കയുണ്ടാക്കി. കർഷകർക്കു കിഴിവ് കൊടുക്കേണ്ടി വന്നില്ല.
വെട്ടത്തേരി പാടശേഖരത്തിൽ കഴിഞ്ഞ 31നാണ് കൊയ്തു തുടങ്ങിയത്. അന്നു മുതലുള്ള നെല്ലു കർഷകർ സുരക്ഷിതമായി മൂടിയിട്ടിരിക്കുകയായിരുന്നു. സിവിൽ സപ്ലൈസിനു വേണ്ടി നെല്ലെടുക്കുന്ന സ്വകാര്യ മില്ലുകാരുടെ ഏജന്റുമാർ പാടശേഖരത്തിലെത്തി കർഷകരുമായി ചർച്ച നടത്തി ധാരണയായ ശേഷമാണ് നെല്ലെടുപ്പു തുടങ്ങിയത്.
കഴിഞ്ഞ ദിവസങ്ങളിൽ വലിയ മഴ പെയ്യാത്തതും സഹായമായി. നെല്ലിന് ഈർപ്പമില്ലാത്ത കാരണത്താൽ ഇക്കുറി കർഷകർക്കു കിഴിവ് കൊടുക്കേണ്ടി വന്നില്ല. ഇന്നലെ ചെന്നിത്തല വെട്ടത്തേരി പാടശേഖരത്തിൽ നിന്നും 3 ലോഡ് നെല്ലാണ് എടുത്തത്. ഇന്നും കൂടുതൽ ലോറികളെത്തി കൂടുതൽ നെല്ലു കൊണ്ടു പോകുന്നതിനുള്ള സൗകര്യമൊരുക്കിയതായി പാടശേഖര സമിതി പ്രസിഡന്റ് പി.ജെ. റോമിയോ പറഞ്ഞു.
എന്നാൽ ഇന്നലെ വൈകിട്ടു പെയ്ത മഴ കർഷകരെ തെല്ലാശങ്കയിലാക്കിയെങ്കിലും കൊയ്തെടുത്ത നെല്ലെല്ലാം കൂനകളാക്കി മൂടിയിട്ടു.