ഹൈബ്രിഡ് കഞ്ചാവ്: എക്സൈസ് ഇന്റലിജൻസ് അന്വേഷണം തുടങ്ങി
Mail This Article
ആലപ്പുഴ∙ രണ്ടു കോടി രൂപയോളം വിലവരുന്ന ഹൈബ്രിഡ് കഞ്ചാവുമായി യുവതിയെയും സഹായിയെയും പിടികൂടിയ കേസിൽ എക്സൈസിന്റെ ഇന്റലിജൻസ് വിഭാഗം പ്രത്യേക അന്വേഷണം ആരംഭിച്ചു. ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചതു തായ്‌ലൻഡിൽ നിന്നാണെന്നു പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരുന്നു. വിമാനത്താവളങ്ങളിലെ സുരക്ഷാപരിശോധനകൾ മറികടന്നു കഞ്ചാവ് എങ്ങനെ ഇന്ത്യയിലെത്തിച്ചുവെന്നും വിദേശത്തേക്കു നടത്തിയ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളുമാണു ഇന്റലിജൻസ് വിഭാഗം പരിശോധിക്കുന്നത്. തായ്‌ലൻഡ്,മലേഷ്യ എന്നിവിടങ്ങളിൽ വളർത്തുന്ന ഹൈബ്രിഡ് കഞ്ചാവ് വിതരണം ചെയ്യുന്ന രാജ്യാന്തര സംഘങ്ങളിലേക്കാണ് അന്വേഷണം നീളുന്നത്.
കഴിഞ്ഞ മാസം 15 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി ബാങ്കോക്കിൽ നിന്നെത്തിയ 2 യുവതികളെ കൊച്ചി വിമാനത്താവളത്തിൽ കസ്റ്റംസ് എയർ ഇന്റലിജൻസ് പിടികൂടിയിരുന്നു. ജയ്പുർ സ്വദേശി മൻവി ചൗധരി, ഡൽഹി സ്വദേശി ചിബെറ്റ് സ്വാന്തി എന്നിവരാണു അന്നു പിടിയിലായത്. രാജ്യമെങ്ങും വ്യാപിപ്പിച്ചു കിടക്കുന്ന വിപുലമായ വിതരണ ശൃംഖല ഹൈബ്രിഡ് കഞ്ചാവ് സംഘത്തിനുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ദിവസം ആലപ്പുഴയിൽ പിടികൂടിയ ഹൈബ്രിഡ് കഞ്ചാവ് തായ്‌ലൻഡിൽ നിന്ന് ബെംഗളൂരു വഴിയെത്തിച്ചതാണെന്നു പ്രതികളുടെ മൊഴിയിലുണ്ട്.
3 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി തസ്‌ലിമ സുൽത്താന (ക്രിസ്റ്റീന), സഹായി കെ.ഫിറോസ് ( 26) എന്നിവരെയാണു കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയത്. ഇവരെ അടുത്ത ദിവസം കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. ഇതിനു മുൻപായി പരമാവധി വിവരങ്ങൾ ശേഖരിച്ച് അന്വേഷണ സംഘത്തിനു കൈമാറാനാണു ഇന്റലിജൻസ് വിഭാഗത്തിന്റെ ശ്രമം. പ്രതികളുടെ മൊബൈൽ ഫോണിലെ വാട്സാപ് ചാറ്റുകൾ ഡിലീറ്റ് ചെയ്ത നിലയിലാണ്. ഫോൺ അടുത്ത ദിവസം ഫൊറൻസിക് പരിശോധനയ്ക്ക് അയയ്ക്കും.
കാർ വാടകയ്ക്ക് എടുത്തത് വ്യാജ മേൽവിലാസത്തിൽ
ഹൈബ്രിഡ് കഞ്ചാവ് കടത്താൻ ഉപയോഗിച്ച കാർ തസ്‌ലിമ സുൽത്താന വാടകയ്ക്ക് എടുത്തത് വ്യാജ മേൽവിലാസത്തിൽ. കർണാടകയിലെ ഉഡുപ്പി സ്വദേശിനിയുടെ പേരിലുള്ള ആധാർ കാർഡും ഡ്രൈവിങ് ലൈസൻസും നൽകിയാണ് എറണാകുളത്തെ സ്ഥാപനത്തിൽ നിന്നു കാർ വാടകയ്ക്ക് എടുത്തത്. തിരിച്ചറിയൽ കാർഡിന്റെ ഉടമയായ യുവതിയെ എക്സൈസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്കു കേസുമായി ബന്ധമുണ്ടോ എന്നു പരിശോധിക്കുന്നതായി എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.