ADVERTISEMENT

എടത്വ∙ സപ്ലൈകോ നെല്ലു സംഭരണം ആരംഭിച്ച ശേഷം ആദ്യമായിട്ടാണ് കർഷകരിൽ നിന്ന് ഇത്രയേറെ നെല്ല് കിഴിവിന്റെ പേരിൽ (അധിക നെല്ല്) കൊള്ളയടിച്ചതെന്ന് ആക്ഷേപം. ഏറ്റവും നല്ല നെല്ലു കൊടുത്ത പാടശേഖരത്തിലടക്കം ഇക്കുറി കിഴിവ് വാങ്ങിയാണ് സംഭരിച്ചത്. ക്വിന്റലിന് 2 കിലോഗ്രാം മുതൽ 10 കിലോഗ്രാം നെല്ലു വരെ കിഴിവ് വാങ്ങിയായിരുന്നു സംഭരണം. മുൻകാലങ്ങളിൽ കിഴിവു സംബന്ധിച്ച് തർക്കം ഉണ്ടാകുമ്പോൾ പാഡി മാർക്കറ്റിങ് അധികൃതരും ജനപ്രതിനിധികളും പ്രശ്നങ്ങൾ പറഞ്ഞ് പരിഹരിക്കുകയും കിഴിവ് ഇല്ലാതെ നെല്ല് സംഭരിക്കുകയായിരുന്നു ചെയ്തിരുന്നത്. എന്നാൽ ഇക്കുറി കലക്ടർ അടക്കം എത്തി കിഴിവു തർക്കം പരിഹരിക്കാൻ എത്തുമ്പോഴും കിഴിവ് കൊടുത്ത് നെല്ല് സംഭരണം നടത്താനാണ് നിർദേശിക്കുന്നത്. 

കഴിഞ്ഞദിവസം പതിനാലായിരം കായലിൽ ഉൾപ്പെടെ കിഴിവിന്റെ പേരിൽ സംഭരണം മുടങ്ങിയപ്പോൾ നെൽക്കര‍ഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പാഡി മാർക്കറ്റിങ് ഓഫിസ് ഉപരോധിച്ചപ്പോൾ ചർച്ചയ്ക്ക് എത്തിയ കലക്ടറും,എംഎൽഎ യും 5 കിലോഗ്രാം കിഴിവ് സമ്മതിച്ചാണ് സംഭരണം നടത്താമെന്ന് മില്ലുടമകൾ പറഞ്ഞത്. എന്നിട്ടും സംഭരണം നടത്തിയില്ല. ഭക്ഷ്യമന്ത്രി പോലും നിയമസഭയിൽ കിഴിവ് വാങ്ങുന്നതിന് ഒത്താശ ചെയ്യുകയാണ് ചെയ്തത്. കർഷകർ രണ്ടു കിലോഗ്രാം കിഴിവ് സമ്മതിച്ചതായാണ് നിയമസഭയിൽ പറഞ്ഞത്.

ജില്ലയിൽ 27000 ഹെക്ടറിൽ ആണ് വിളവെടുപ്പ് പുരോഗമിക്കുന്നത്. ഏറ്റവും കുറഞ്ഞത് ഏക്കറിന് 20 ക്വിന്റൽ നെല്ല് ലഭിച്ചാൽ ശരാശരി 3 കിലോ കിഴിവ് നൽകിയാൽ പോലും 60 കിലോഗ്രാം നെല്ല് വെറുതേ നൽകണം. ഇതിന്റെ ചുമട്ടുകൂലിയും വാരുകൂലിയും കർഷകർ കൊടുക്കുകയും വേണം. 27000 ഹെക്ടറിലെ വിളവെടുപ്പു കഴിയുമ്പോൾ സപ്ലൈകോ കുറഞ്ഞത് 13.5 ലക്ഷം ക്വിന്റൽ സംഭരിക്കും. ഈ കണക്കനുസരിച്ച് 40500 ക്വിന്റൽ നെല്ലാണ് കർഷകരിൽ നിന്നും വെറുതെ ഈടാക്കുന്നത്. കവാലം വരെ വ്യാപിച്ചു കിടക്കുന്ന കോട്ടയം ജില്ലയിൽ പെട്ട പാടശേഖരങ്ങളിൽ ഇതിലും കൂടുതലാണ് ഇക്കുറി കിഴിവ് ഈടാക്കിയത്.

നിലവിലെ വില കിന്റലിന് 2820 രൂപയാണ്. അതനുസരിച്ച് 11.4 കോടി രൂപയുടെ നെല്ലാണ് മില്ലുകാർ കൊള്ളയടിക്കുന്നത്. കർഷകർക്ക് അനുകൂലമായ നടപടി സ്വീകരിക്കാത്ത സർക്കാർ രണ്ടു വർഷം മുൻപ് മില്ലുകാരെ സഹായിക്കാൻ കൈകാര്യ ചെലവ് മില്ലുടമകളിൽ നിന്നും എടുത്തു മാറ്റി സപ്ലൈകോ നേരിട്ട് കർഷകർക്ക് നൽകി. മുൻപ് ഒരു ക്വിന്റൽ നെല്ല് സംഭരിക്കുമ്പോൾ 12 രൂപ മില്ലുകാരാണ് കർഷകർക്ക് നൽകിയിരുന്നത്.  250 രൂപ മുതൽ 300 രൂപ വരെ കർഷകർ ചുമട്ടു കൂലി ഇനത്തിൽ നൽകുമ്പോൾ ആണ് 12 രൂപ മില്ലുകാർ നൽകിയിരുന്നത്. സപ്ലൈകോ കണക്കിൽ പെടുത്തിയതോടെ മില്ലുകാർക്ക് അതും ലാഭകരമായി. സംഭരണം ആരംഭിച്ച നാൾ മുതൽ ഈ 12 രൂപ മാത്രമാണ് കർഷകർക്ക് ലഭിക്കുന്നത്. ഈ തുക 150 രൂപയായി വർധിപ്പിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.

പുഞ്ച ലേലത്തിൽ നിന്ന് വിട്ടുനിൽക്കാൻ കർഷകർ
കാർഷിക മേഖലയിൽ പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങൾ അടിക്കടി ഉണ്ടാകുകയും, സർക്കാരോ, കൃഷി വകുപ്പോ കർഷകരെ സഹായിക്കാൻ മുന്നോട്ടു വരുകയോ ചെയ്യാത്ത സാഹചര്യത്തിൽ അടുത്ത കൃഷിക്കു വേണ്ടിയുള്ള പുഞ്ച ലേലത്തിൽ നിന്നും വിട്ടു നിൽക്കാനുള്ള തീരുമാനവുമായി കർഷകർ. ആദ്യപടിയായി തകഴി ഐക്യപാടശേഖര സമിതിയുടെ നേതൃത്വത്തിൽ ഇതുമായി ബന്ധപ്പെട്ട യോഗം നാളെ നടക്കുമെന്ന് ഐക്യപാടശേഖര സമിതി സെക്രട്ടറി തങ്കച്ചൻ പാട്ടത്തിൽ പറഞ്ഞു. മുട്ടാറിലും യോഗം നടക്കുമെന്ന് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ബോബൻ ജോസ് അറിയിച്ചു.

കിഴിവു സമ്പ്രദായം സ്ഥിരമായി എടുക്കാനുള്ള മില്ലുകാരുടെ തന്ത്രത്തിനു സപ്ലൈകോയും കൃഷി വകുപ്പും മൗനാനുവാദം നൽകുകയാണെന്നാണ് കർഷകർ പറയുന്നത്. മില്ലുടമകളുടെ പ്രശ്നങ്ങൾക്ക് സർക്കാർ പരിഹാരം കാണാതെ കർഷകരുടെ തലയിൽ കെട്ടിവയ്ക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും കർഷകർ പറയുന്നു.  നെല്ലിന്റെ ചുമട്ടു കൂലി സർക്കാർ പൂർണമായും ഏറ്റെടുത്താൽ കിഴിവ് നൽകുന്നതിനു തടസ്സമില്ലെന്നും കർഷകർ പറയുന്നു.

English Summary:

Paddy procurement in Kerala faces a crisis. A record amount of paddy has been confiscated by Supplyco, leaving farmers with significant losses.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com