വേനൽ അത്ര കടുപ്പമാകില്ല; ഇടവിട്ടു മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വിദഗ്ധർ

Mail This Article
ആലപ്പുഴ ∙ ഈ വർഷം വേനലിൽ കടുത്ത ചൂടിനു സാധ്യത കുറവാണെന്നു കാലാവസ്ഥ വിദഗ്ധർ. ഇടവിട്ടു മഴ ലഭിക്കുന്നതിനാൽ ചൂട് ക്രമാതീതമായി ഉയരാൻ ഇടയില്ല. നിലവിലെ സാഹചര്യത്തിൽ അഞ്ചു ദിവസം കൂടി ജില്ലയിൽ ഇടവിട്ടു മഴ ലഭിക്കും. ഏപ്രിലിൽ തുടർന്നും ഇടവിട്ടു മഴ ലഭിക്കാനാണു സാധ്യത. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഭൂരിഭാഗം ജില്ലകളിലും വൈകിട്ടു മഴ ലഭിക്കുന്നതിനാൽ കൂടിയ ചൂട് അനുഭവപ്പെടുന്നില്ല. പകൽ താപനില ഉയരുന്നുണ്ടെങ്കിലും ഭൂമിയിൽ ജലാംശം ഉള്ളതു ചൂട് കൂടാതെ തടയുന്നുണ്ട്.
2023ലെ വേനൽക്കാലത്തിനു സമാനമായ സാഹചര്യങ്ങളാണ് ഈ വർഷവുമെന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിലെ കാലാവസ്ഥ ഗവേഷകൻ രാജീവൻ എരിക്കുളം പറഞ്ഞു. ഏപ്രിൽ, മേയ് മാസങ്ങളിലും മാർച്ചിലെ പോലെ 36 ഡിഗ്രി സെൽഷ്യസ് താപനില പ്രതീക്ഷിക്കാം. എന്നാൽ ഇടവിട്ടു മഴയും ലഭിക്കുമെന്നതിനാൽ കടുത്ത ചൂട് അനുഭവപ്പെടില്ല. തുടർച്ചയായ ദിവസങ്ങളിൽ ചൂട് കൂടുന്നതു കാരണമുള്ള പ്രശ്നങ്ങളും ഈ വർഷം കുറവാകും. മേയ് മാസത്തോടെ കൂടുതൽ മഴ ലഭിക്കാനാണു സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.