യാത്രക്കാർ അറിഞ്ഞില്ലേ ? വിമാനത്താവളത്തിലേക്ക് മെമു സർവീസുണ്ട്

Mail This Article
ബെംഗളൂരു∙ വിമാനത്താവളത്തിലേക്ക് ഉൾപ്പെടെയുള്ള മെമു സർവീസുകൾ ആരംഭിച്ച് മാസങ്ങൾ പിന്നിട്ടും വേണ്ടത്ര യാത്രക്കാർ ഉപയോഗപ്പെടുത്താത്ത സാഹചര്യം തുടരുന്നു. കൃത്യസമയത്ത് ട്രെയിൻ ഓടാത്തതും ചെറുസ്റ്റേഷനുകളിൽ നിർത്താത്തതുമാണ് യാത്രക്കാർ കുറയാനുള്ള കാരണമായി വിലയിരുത്തുന്നത്.
കെഎസ്ആർ ബെംഗളൂരു, കന്റോൺമെന്റ്, യെലഹങ്ക, യശ്വന്ത്പുര സ്റ്റേഷനുകളിൽ നിന്ന് ദേവഹനള്ളിയിലേക്ക് 8 ജോഡി മെമു ട്രെയിൻ സർവീസുകളാണ് ജൂലൈയിൽ ആരംഭിച്ചത്. ഹൊസൂർ, ചിക്കബെല്ലാപുര, രാമനഗര, വൈറ്റ്ഫീൽഡ് എന്നിവിടങ്ങളിലേക്ക് മെമു ട്രെയിൻ നീട്ടിയാൽ കൂടുതൽ പേരെ ആകർഷിക്കാമെന്നാണ് യാത്രക്കാരുടെ കൂട്ടായ്മകൾ പറയുന്നത്. 35–30 രൂപയാണ് ടിക്കറ്റ് നിരക്ക്. പുലർച്ചെ 4.55 മുതൽ രാത്രി 7.50 വരെയാണ് സർവീസ്. ഞായറാഴ്ചകളിൽ സർവീസില്ലാത്തതും തിരിച്ചടിയാണ്. യെലഹങ്ക– ചിക്കബെല്ലാപുര 45 കിലോമീറ്റർ പാതയിൽ പാതയിൽ ദേവനഹള്ളി വരെ മാത്രമേ വൈദ്യുതീകരണം പൂർത്തിയായിട്ടുള്ളൂ.
ക്രോസിങിന്
പിടിച്ചിടുന്നത്
തുടരുന്നു
കുറഞ്ഞ യാത്രാ ചെലവിൽ വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന കെഐഎ ഹാൾട്ട് സ്റ്റേഷനിലെത്താൻ സാധിക്കുന്ന ട്രെയിൻ പലപ്പോഴും ക്രോസിങിനും മറ്റും പിടിച്ചിടുന്നതാണ് യാത്രക്കാരെ വലയ്ക്കുന്നത്. ബയ്യപ്പനഹള്ളി– ചന്നസന്ദ്ര, യെലഹങ്ക–ദേവനഹള്ളി റൂട്ടുകളിൽ ഒറ്റ ട്രാക്കിലൂടെയാണ് ട്രെയിനുകൾ കടന്നുപോകുന്നത്. ഇവിടങ്ങളിൽ മറ്റു ദീർഘദൂര ട്രെയിനുകൾക്ക് കടന്നുപോകാനാണ് പലപ്പോഴും മെമു, ഡെമു ട്രെയിനുകൾ പിടിച്ചിടുന്നത്. പാത ഇരട്ടിപ്പിച്ചാൽ ക്രോസിങിന് പിടിച്ചിടുന്നത് ഒഴിവാക്കാൻ സാധിക്കും. കെഎസ്ആർ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ടാൽ കന്റോൺമെന്റ്, ബയ്യപ്പനഹള്ളി, യെലഹങ്ക, കെഐഎ ഹാൾട്ട്, ദേവനഹള്ളി എന്നിവിടങ്ങളിൽ മാത്രമാണ് മെമു സർവീസിന് സ്റ്റോപ്പുള്ളത്. പരമാവധി 1 മണിക്കൂറാണ് കെഎസ്ആറിൽ നിന്ന് കെഐഎ ഹാൾട്ട് വരെയുള്ള യാത്രാസമയം.
ഷട്ടിൽ സർവീസ്
സൗജന്യം
കെഐഎ ഹാൾട്ട് സ്റ്റേഷനിലിറങ്ങിയാൽ യാത്രക്കാരെ ബെംഗളൂരു രാജ്യാന്തര വിമാനത്താവള അതോറിറ്റിയുടെ (ബിഐഎഎൽ) ഷട്ടിൽ ബസിൽ സൗജന്യമായാണ് ടെർമിനലിലെത്തിക്കുന്നത്. ഇത് സംബന്ധിച്ച ബോധവൽക്കരണം വിമാനത്താവള അതോറിറ്റി ഊർജിതമാക്കിയിട്ടുണ്ട്. മെമു സർവീസിലേക്ക് യാത്രക്കാരെ ആകർഷിക്കാൻ റെയിൽവേയും യാത്രക്കാരുടെ കൂട്ടായ്മകളും സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വ്യാപക പ്രചാരണവും നടത്തുന്നുണ്ട്.