കർമലാരാം മേൽപാല നിർമാണം; ആശ്രയം ബദൽപാത നരകയാത്രയ്ക്ക് പരിഹാരം തേടി
Mail This Article
ബെംഗളൂരു∙ മലയാളികൾ കൂടുതലായി ആശ്രയിക്കുന്ന കർമലാരാം റെയിൽവേ സ്റ്റേഷനോടു ചേർന്ന് മേൽപാല നിർമാണം ആരംഭിച്ചതോടെ റെയിൽവേ ഗേറ്റ് വഴിയുള്ള ബദൽ പാതയിലൂടെ വാഹനങ്ങൾ തിരിച്ചുവിടുന്നു. പാലം നിർമാണത്തിനായി റെയിൽവേ ഗേറ്റ് അടച്ചതിനെ തുടർന്നാണിത്. ഔട്ടർ റിങ് റോഡ് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ വർത്തൂർ, ഗുൻജൂർ റോഡ് വഴിയാണ് പോകേണ്ടത്. വീതികുറഞ്ഞ റെയിൽവേ ഗേറ്റ് റോഡിന്റെ ഇരുവശങ്ങളിലും ഗതാഗതക്കുരുക്ക് പതിവായതോടെയാണ് മേൽപാലത്തിനായുള്ള മുറവിളിയേറിയത്.
2020ൽ പാലം നിർമാണത്തിന് അനുമതി ലഭിച്ചെങ്കിലും സ്ഥലമേറ്റെടുപ്പ് വൈകിയത് പ്രതിസന്ധിയായി. 2 വർഷത്തിന് ശേഷമാണ് നിർമാണം പുനരാരംഭിക്കുന്നത്. പാലം നിർമാണത്തിന് 48.16 കോടി രൂപയാണ് സർക്കാർ വകയിരുത്തിയത്. ഇതിൽ 11.26 കോടി രൂപ റെയിൽവേ നൽകും. ബാക്കി തുക സംസ്ഥാന സർക്കാർ ചെലവഴിക്കണം.
കുരുക്കഴിക്കാൻ തുരങ്കപാത
നഗരത്തിലെ ഗതാഗതക്കുരുക്കിനു ശാശ്വത പരിഹാരമേകാൻ തിരക്കേറിയ പീനിയ–ഹെബ്ബാൾ, കെആർ പുരം–ഹൊസൂർ റോഡുകളെ ബന്ധിപ്പിച്ചുള്ള 63 കിലോമീറ്റർ തുരങ്കപാത നിർമിക്കാൻ കേന്ദ്ര സർക്കാരിന് മുന്നിൽ നിർദേശം സമർപ്പിച്ചു. പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളി കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയുമായി ചർച്ച നടത്തി. ബെള്ളാരി, ഹൊസൂർ ദേശീയപാതകളുമായി ബന്ധിപ്പിക്കുന്നതാണ് തുരങ്കപാത. 63 കിലോമീറ്റർ ദൂരം ഇരട്ടതുരങ്കങ്ങളിലൂടെ 3 വരിപാത നിർമിക്കാനാണ് പദ്ധതി.
പ്രതിസന്ധിയായി ഭാരിച്ച പണച്ചെലവ്
മുൻ സർക്കാരുകളുടെ കാലത്തും തുരങ്കപാത സംബന്ധിച്ച് സാധ്യത പഠനങ്ങൾ നടത്തിയിരുന്നെങ്കിലും ഭാരിച്ച പണച്ചെലവ് വരുന്ന പദ്ധതിക്കായി തുടർനടപടികൾ ഉണ്ടായില്ല. 2017ൽ തുരങ്കപാതയുടെ നിർമാണത്തിന്റെ സാധ്യതാ പഠനത്തിന് ബൾഗേറിയൻ കമ്പനിയെ സർക്കാർ നിയോഗിച്ചിരുന്നു.
83 കിലോമീറ്റർ തുരങ്കം നിർമിക്കുന്നത് 25,000 കോടിരൂപയാണ് ചെലവ് കണക്കാക്കിയിരുന്നത്. 2011ൽ ബെംഗളൂരു വികസന അതോറിറ്റി തുരങ്കപാത നിർമിക്കാൻ പദ്ധതി തയാറാക്കിയെങ്കിലും മെട്രോ നിർമാണ പ്രവൃത്തികളുടെ ഭാഗമായി സർക്കാർ അനുമതി നിഷേധിച്ചു. 2007ൽ എച്ച്.ഡി. കുമാരസ്വാമി സർക്കാരിന്റെ കാലത്ത് കബൺ റോഡ് മിൻസ്ക് സ്ക്വയർ മുതൽ സാങ്കിറോഡ് വരെ 7.1 കിലോമീറ്റർ ദൂരം തുരങ്കപാത നിർമാണത്തിന് പദ്ധതിയിട്ടിരുന്നെങ്കിലും തുടർ നടപടിയുണ്ടായില്ല.