ADVERTISEMENT

ചെന്നൈ ∙ വ്യാവസായിക, ഐടി മേഖലയിലെ‍ രാജ്യത്തെ മുൻനിര നഗരങ്ങളായ ചെന്നൈയെയും ബെംഗളൂരുവിനെയും ബന്ധിപ്പിച്ചുള്ള ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കു വഴിയൊരുങ്ങുന്നതോടെ കാത്തിരിക്കുന്നത് ഗതാഗത രംഗത്ത് വൻ മുന്നേറ്റം.  ചെന്നൈ–മൈസൂരു ബുള്ളറ്റ് ട്രെയിൻ പദ്ധതി യാഥാർഥ്യമാകുന്നതോടെ ചെന്നൈയിൽ നിന്നു ബെംഗളൂരുവിലേക്കുള്ള യാത്രാ സമയം ഒന്നര മണിക്കൂറിൽ താഴെയായി ചുരുങ്ങും.  മൈസൂരു വഴി വയനാട്ടിലേക്കു പോകുന്ന നഗരത്തിലെ മലയാളികൾക്കു നേരത്തേ വീട്ടിലെത്താമെന്നതും മറ്റൊരു നേട്ടം. നിരക്ക് സംബന്ധിച്ച് വ്യക്തത ഇല്ലെങ്കിലും വലിയ പ്രതീക്ഷയോടെയാണു നഗരവാസികൾ ബുള്ളറ്റ് ട്രെയിനിനെ കാണുന്നത്.

പൂനമല്ലി വഴി ആർക്കോണത്തേക്ക്
നിലവിൽ ചെന്നൈയിൽ നിന്നു ബെംഗളൂരുവിലേക്കുള്ള മുഴുവൻ ട്രെയിനുകളും പെരമ്പൂർ, ആർക്കോണം, ജോലാർപെട്ട് വഴിയാണു പോകുന്നത്. ആന്ധ്രയിലെ കുപ്പം വഴി കടന്നു പോകുന്നതിനാൽ 3 സംസ്ഥാനങ്ങൾ വഴിയാണു ട്രെയിൻ യാത്ര. എന്നാൽ ബുള്ളറ്റ് ട്രെയിൻ പെരമ്പൂരിനു പകരം പൂനമല്ലി, പരന്തൂർ വഴിയാകും ആർക്കോണത്തെത്തുക. കുപ്പത്തിനു പകരം ചിത്തൂർ വഴിയാണ് ട്രെയിൻ കടന്നു പോകുക. ചെന്നൈ, പൂനമല്ലി, ആർക്കോണം, ചിത്തൂർ, ബംഗാർപെട്ട്, ബെംഗളൂരു, ചന്നപട്ടണ, മണ്ഡ്യ, മൈസൂരു എന്നിങ്ങനെ 9 സ്റ്റേഷനുകൾ ഉണ്ടാകും.

 ഒന്നൊന്നര വേഗം
ചെന്നൈയിൽ നിന്ന് 362 കിലോമീറ്റർ ദൂരെയുള്ള ബെംഗളൂരുവിലേക്ക് നിലവിൽ ഏറ്റവും വേഗത്തിൽ വന്ദേഭാരത് ഓടിയെത്തുന്നത് 4 മണിക്കൂർ 20 മിനിറ്റ് സമയംകൊണ്ടാണ്. അതേസമയം, ഒന്നര മണിക്കൂറിൽ താഴെ സമയം കൊണ്ടാകും ബുള്ളറ്റ് ട്രെയിൻ ഓടിയെത്തുക. ചെന്നൈ–മൈസൂരു 435 കിലോമീറ്റർ ദൂരം ഓടിയെത്താൻ രണ്ടര മണിക്കൂറിൽ താഴെ മത്രം സമയം ആണ് പ്രതീക്ഷിക്കുന്നത്.മണിക്കൂറിൽ 350 കി.മീ ആണു പരമാവധി വേഗം. 320 കി.മീ ആണ് ഓപ്പറേഷനൽ സ്പീഡ്. ശരാശരി വേഗം 250 കി.മീ. എലിവേറ്റഡ്, ഭൂഗർഭ പാതകളിലൂടെയാകും ട്രെയിൻ കടന്നു പോകുക.

നേട്ടം പലത്
ചെന്നൈയിൽ നിന്ന് ബെംഗളൂരുവിന്റെ ഐടി മേഖലയും മലയാളികൾ തിങ്ങിപ്പാർക്കുകയും ചെയ്യുന്ന ഇലക്ട്രോണിക് സിറ്റിയിൽ എത്താൻ നിലവിൽ വന്ദേഭാരത് ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ വേണ്ടത് കുറഞ്ഞത് അഞ്ചര മണിക്കൂർ ആണഅ. ബെംഗളൂരുവിലെത്താൻ 4 മണിക്കൂർ 20 മിനിറ്റ്. തുടർന്ന് ബസിലോ മറ്റു വാഹനങ്ങളിലോ ഇലക്ട്രോണിക് സിറ്റിയിലെത്താൻ കുറഞ്ഞത് ഒരു മണിക്കൂർ സമയം എടുക്കും. എന്നാൽ ബുള്ളറ്റ് ട്രെയിനിൽ പോകുകയാണെങ്കിൽ രണ്ടര മണിക്കൂറിൽ എത്തിച്ചേരാമെന്നു പ്രതീക്ഷിക്കാം.

ചെന്നൈ–ബെംഗളൂരു വിമാന യാത്രാ സമയം ഒരു മണിക്കൂർ മാത്രം. എന്നാൽ ബെംഗളൂരു വിമാനത്താവളത്തിൽ നിന്നു നഗരത്തിലെത്താൻ തിരക്കുള്ള സമയങ്ങളിൽ കുറഞ്ഞത് ഒന്നര മണിക്കൂർ വേണം. അപ്പോഴും സമയ ലാഭം ബുള്ളറ്റ് ട്രെയിനിലെ യാത്ര തന്നെ.ചെന്നൈയിൽ നിന്നു വയനാട്, തലശ്ശേരി എന്നിവിടങ്ങളിലേക്കു മൈസൂരു വഴിയാണ് മലയാളികൾ യാത്ര ചെയ്യുന്നത്. വന്ദേഭാരതിൽ മൈസൂരുവിലെത്തി തുടർന്ന് വയനാട്ടിലേക്ക് റോഡ് മാർഗം യാത്ര ചെയ്യുമ്പോൾ 9 മണിക്കൂറാണ് മൊത്തം യാത്രാ സമയം. എന്നാൽ നാലോ അഞ്ചോ മണിക്കൂർ കൊണ്ട് വയനാട്ടിലും അതുവഴി വീട്ടിലേക്കും എത്താമെന്നത് മലയാളികൾക്ക് വലിയ നേട്ടമാകും

പരന്തൂരിൽ പുതിയ വിമാനത്താവളവും ചെന്നൈ–ബെംഗളൂരു അതിവേഗ പാതയും ഉടൻ വരാനിരിക്കെ, സമാന്തരമായി ബുള്ളറ്റ് ട്രെയിൻ കടന്നു പോകുന്നതു വലിയ വികസന സാധ്യതകൾക്കു കൂടിയാണ് കളമൊരുക്കുന്നത്. ചെന്നൈയിൽ നിന്നു പരന്തൂരിലേക്ക് മെട്രോ പാത കൂടി നിർമിക്കുന്നതിനാൽ വികസന വഴി കൂടുതൽ വിശാലമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com