കൊച്ചിയിലെ ഓപ്പറേഷൻ ബ്രേക്ക് ത്രൂ; മറക്കരുത് മേയ് 12

Mail This Article
കൊച്ചി∙ നഗരത്തിൽ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ‘ഓപ്പറേഷൻ ബ്രേക്ക് ത്രൂ’ പദ്ധതിയുടെ ഒന്നാം ഘട്ട ജോലികൾ മേയ്12നു മുൻപു പൂർത്തിയാക്കാൻ ജില്ലാ ഭരണകൂടത്തിനു ഹൈക്കോടതി നിർദ്ദേശം. മഴക്കാലത്തിനു മുൻപു പൂർത്തിയാക്കേണ്ട രണ്ടാംഘട്ട ജോലികളുടെ പുരോഗതി വ്യക്തമാക്കി കലക്ടർ റിപ്പോർട്ട് നൽകണം.പേരണ്ടൂർ കനാലിന്റെ കടവന്ത്ര ജിസിഡിഎ മുതൽ കമ്മട്ടിപ്പാടം വരെയുള്ള ഭാഗം രണ്ടാഴ്ചയ്ക്കുള്ളിൽ വൃത്തിയാക്കണമെന്നും ദുരന്ത നിവാരണ നിയമപ്രകാരം കലക്ടർ ഇതിനു നടപടിയെടുക്കണമെന്നും ഉത്തരവിൽ പറയുന്നു. നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ പേരണ്ടൂർ കനാൽ വൃത്തിയാക്കണമെന്നാവശ്യപ്പെട്ടു ഗാന്ധിനഗർ സ്വദേശികളായ കെ. ജെ. ട്രീസ, ബി. വിജയകുമാർ എന്നിവർ നൽകിയ ഹർജിയിലാണു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നിർദ്ദേശം.
പേരണ്ടൂർ കനാലിലേക്കു മാലിന്യം വലിച്ചെറിയുന്നതു തടയാനുള്ള വേലി കെട്ടൽ 40% പൂർത്തിയായെന്നു നഗരസഭയുടെ അഭിഭാഷകൻ അറിയിച്ചു. പായലും ചെളിയും നീക്കം ചെയ്യാനുള്ള ടെൻഡർ നടപടി തുടങ്ങി, മേയ് 15 നകം പൂർത്തിയാകുമെന്നും പറഞ്ഞു. മേയ് 15 വരെ കാത്തിരിക്കാതെ 10 ദിവസത്തിനുള്ളിൽ ടെൻഡർ നടപടി പൂർത്തിയാക്കി ജോലി തുടങ്ങാൻ കോടതി നിർദേശിച്ചു.
‘ഓപ്പറേഷൻ ബ്രേക്ക് ത്രൂ’വിന്റെ ഭാഗമായി മാധവ ഫാർമസി ജംക്‌ഷനു സമീപം പ്രൊവിഡൻസ് ജംക്‌ഷനിൽ കാന പണികൾ തുടങ്ങിയതു മഴക്കാലത്തിനു മുൻപു തീരുമോയെന്ന്, കേസിൽ കക്ഷി ചേരാനെത്തിയവർ ആശങ്ക പ്രകടിപ്പിച്ചു. കമ്മട്ടിപ്പാടം മേഖലയിൽ പേരണ്ടൂർ കനാലിലെ നീരൊഴുക്കു തടസ്സപ്പെടുന്ന തരത്തിലുള്ള കലുങ്കുകൾ പുതുക്കിപ്പണിയാൻ റെയിൽവേ അധികൃതർ പിന്തുണ അറിയിച്ചു.
ചെയ്യാനുദ്ദേശിക്കുന്ന ജോലി ഏരിയ മാനേജരെ മുൻകൂട്ടി അറിയിക്കണമെന്നും ആവശ്യപ്പെട്ടു. ഇത് അംഗീകരിച്ച കോടതി, ജില്ലാ ഭരണകൂടവും നഗരസഭയും റെയിൽവേയെ വിശ്വാസത്തിലെടുത്ത് ഒത്തൊരുമിച്ചു ജോലി പൂർത്തിയാക്കണമെന്നു നിർദ്ദേശിച്ചു. പേരണ്ടൂർ കനാൽ ശുചീകരണം, വെള്ളക്കെട്ട് നിവാരണം എന്നീ കാര്യങ്ങളിലെ പുരോഗതി അറിയിക്കാൻ നിർദേശിച്ചു ഹർജി മേയ് 12 ലേക്കു മാറ്റി.
ഇതിനിടെ, വെള്ളക്കെട്ട് നിവാരണ നടപടി നിരീക്ഷിക്കാനുള്ള സമിതിയുടെ യോഗത്തിൽ കലക്ടർ പങ്കെടുക്കുന്നില്ലെന്നും പകരം മറ്റുദ്യോഗസ്ഥരാണു പങ്കെടുക്കുന്നതെന്നും നിരീക്ഷണ സമിതിയുടെ അഭിഭാഷകൻ അറിയിച്ചു. തീരുമാനങ്ങളെടുക്കാൻ കലക്ടറുടെ സാന്നിധ്യം വേണമെന്നും പറഞ്ഞു. എന്നാൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തിരക്കുള്ളതിനാലാണു കലക്ടർക്കു വരാനാകാത്തതെന്നു സർക്കാർ അഭിഭാഷകൻ ബോധിപ്പിച്ചു.