ബസ് ജീവനക്കാരെ സഹായിക്കാൻ സ്ക്രാപ് ചാലഞ്ച്; ഭക്ഷ്യക്കിറ്റുകൾ നൽകും

Mail This Article
കാലടി∙ കോവിഡ് സാഹചര്യത്തിൽ ദുരിതം അനുഭവിക്കുന്ന ബസ് ജീവനക്കാർക്കു സഹായമേകാൻ കാലടി-അങ്കമാലി- അത്താണി മേഖല പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സ്ക്രാപ് ചാലഞ്ച് ആരംഭിച്ചു. ബസുടമകളുടെ വീട്ടിൽ നിന്നു ഉപയോഗശൂന്യമായ ടയർ, ട്യൂബ്, ഒടിഞ്ഞ ലീഫ്, കേടായ സ്പെയർ പാർട്സുകൾ എന്നിവ ശേഖരിച്ചു വിറ്റു കിട്ടുന്ന പണം ഉപയോഗിച്ചു ജീവനക്കാർക്കു ഭക്ഷ്യക്കിറ്റുകൾ നൽകാനാണു ലക്ഷ്യമിടുന്നത്. കാലടി ബസ് സ്റ്റാൻഡിൽ കാലടി സെന്റ് ജോർജ് പള്ളി വികാരി ഫാ. ജോൺ പുതുവ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ വൈസ് പ്രസിഡന്റ് കെ.വി.ജോജി അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗം ആൻസി ജിജോ, അസോസിയേഷൻ സെക്രട്ടറി ബി.ഒ.ഡേവിസ്, ജോർജ് കൂട്ടുങ്ങൽ, സജി സെബാസ്റ്റ്യൻ, ടി.സിജുകുമാർ, ജോമോൻ വർഗീസ് എന്നിവർ പ്രസംഗിച്ചു. ലോക്ഡൗണിനെ തുടർന്നു ബസുകൾ 2 മാസത്തോളമായി ഓടാത്തതിനാൽ ബസ് ജീവനക്കാർക്ക് ശമ്പളം ലഭിക്കുന്നില്ല. അതിനു മുൻപ് യാത്രക്കാർ കുറവായിരുന്ന സമയത്ത് പകുതി ശമ്പളത്തിലാണ് ഇവർ ജോലി ചെയ്തിരുന്നത്. മോട്ടർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വം എടുത്തിട്ടില്ല എന്ന കാരണത്താൽ മേഖലയിലെ ഭൂരിഭാഗം ബസ് ജീവനക്കാർക്കും ഒരു തരത്തിലുള്ള ആനുകൂല്യങ്ങളും ലഭിച്ചിട്ടില്ല. അറുന്നൂറോളം ജീവനക്കാരാണ് ഈ മേഖലയിലുള്ളത്.