ബാദുഷയെ അനുസ്മരിച്ചില്ല; കാർട്ടൂൺ ക്യാംപിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം

Mail This Article
ആലുവ∙ കോവിഡിന് എതിരെ നൂറുകണക്കിനു ബോധവൽക്കരണ കാർട്ടൂണുകൾ വരച്ച് ഒടുവിൽ അതിനു കീഴടങ്ങി മരിച്ച കാർട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷയെ അനുസ്മരിച്ചില്ലെന്ന് ആരോപിച്ചു യൂത്ത് കോൺഗ്രസ് പ്രവർത്തകർ ദേശീയ കാർട്ടൂൺ ക്യാംപിന്റെ സമാപന ചടങ്ങ് അലങ്കോലപ്പെടുത്തി. തോട്ടുമുഖത്തു ബാദുഷയുടെ വീടിനടുത്താണു കോവിഡ് ബോധവൽക്കരണ കാർട്ടൂണുകൾ തയാറാക്കാനുള്ള ദ്വിദിന ക്യാംപ് ‘വരപ്പൂട്ട്’ നടന്നത്. കരിങ്കൊടിയേന്തി പ്രകടനമായി എത്തിയ യൂത്ത് കോൺഗ്രസുകാർ ബാനർ വലിച്ചുകീറുകയും കസേരകൾ മറിച്ചിടുകയും സംഘാടകരെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു.
സംഘർഷാവസ്ഥയെ തുടർന്നു പൊലീസ് എത്തി ഇവരെ ബലംപ്രയോഗിച്ചു നീക്കി. സംഭവവുമായി ബന്ധപ്പെട്ട് 25 പേർക്കെതിരെ കേസ് എടുത്തു. സാമൂഹിക സുരക്ഷാ വകുപ്പ് മുൻ എക്സി. ഡയറക്ടർ ഡോ. മുഹമ്മദ് അഷീൽ ആയിരുന്നു ഇന്നലത്തെ മുഖ്യാതിഥി. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ഹസിം ഖാലിദ്, സംസ്ഥാന സെക്രട്ടറി ലിന്റോ പി. ആന്റു, ഭാരവാഹികളായ സിറാജ് ചേനക്കര, രാജേഷ് പുത്തനങ്ങാടി, കെ.ബി. നിജാസ്, ഫസൽ വാരിക്കാട്ടുകുടി, ജോണി ക്രിസ്റ്റഫർ, ആൽഫിൻ രാജൻ, അനീഷ് കോമ്പാറ, മുഹമ്മദ് ഷാഫി , അമൽ ജോൺ എന്നിവർ പ്രകടനത്തിനു നേതൃത്വം നേതൃത്വം നൽകി.
കാർട്ടൂൺ അക്കാദമി വൈസ് ചെയർമാനായിരുന്ന ഇബ്രാഹിം ബാദുഷയ്ക്കു 3 വർഷമായി സംഘടനയുമായി ബന്ധം ഉണ്ടായിരുന്നില്ലെന്നു അക്കാദമി ചെയർമാൻ കാർട്ടൂണിസ്റ്റ് ഉണ്ണി പറഞ്ഞു. കേന്ദ്ര സംസ്ഥാന സർക്കാരുകളുമായി ബന്ധപ്പെട്ട ഏജൻസികളാണു ക്യാംപ് സംഘടിപ്പിച്ചത്.–അദ്ദേഹം പറഞ്ഞു. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പാർട്ടി നേതൃത്വത്തിനും പൊലീസിലും പരാതി നൽകിയതായി കാർട്ടൂണിസ്റ്റ് സുധീർ നാഥ് പറഞ്ഞു.