മോൻസനെതിരായ പോക്സോ കേസ് : പെൺകുട്ടിയുടെ മെഡിക്കൽ പരിശോധനയിൽ വിവാദം

Mail This Article
കൊച്ചി∙ എറണാകുളം ഗവ. മെഡിക്കൽ കോളജിലെ ഡോക്ടർമാർ ഭീഷണിപ്പെടുത്തിയെന്നു മോൻസൻ മാവുങ്കൽ പ്രതിയായ പോക്സോ കേസിൽ പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ പരാതി. ബുധനാഴ്ച വൈദ്യ പരിശോധനയ്ക്ക് എത്തിയപ്പോൾ പ്രതിക്ക് അനുകൂലമായി സംസാരിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തെന്നും മുറിയിൽ പൂട്ടിയിട്ടെന്നുമാണു പെൺകുട്ടി എറണാകുളം വനിതാ സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നത്. ആരോപണങ്ങൾ വസ്തുതയ്ക്കു നിരക്കുന്നതല്ലെന്നാണു മെഡിക്കൽ കോളജ് അധികൃതരുടെ നിലപാട്.
വൈദ്യപരിശോധന പൂർത്തിയാക്കാൻ അനുവദിക്കാതെ വനിതാ പൊലീസുകാർ മുറിക്കുള്ളിൽ അതിക്രമിച്ചു കയറി പെൺകുട്ടിയെ ബലമായി പിടിച്ചുകൊണ്ടു പോവുകയായിരുന്നുവെന്നും കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നും കാട്ടി പരിശോധനയ്ക്കു നേതൃത്വം നൽകിയ ഡോക്ടർ കളമശേരി പൊലീസിനു ബുധനാഴ്ച തന്നെ പരാതി നൽകി. മെഡിക്കൽ കോളജ് അധികൃതർ പരാതി സിറ്റി പൊലീസ് കമ്മിഷണറെ അറിയിച്ചു. ബുധനാഴ്ച പെൺകുട്ടിയെ വൈദ്യ പരിശോധനയ്ക്ക് ആലുവ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും നടന്നില്ല.
തുടർന്നാണ് ഉച്ചയ്ക്ക് ഒരു മണിയോടെ എറണാകുളം ഗവ. മെഡിക്കൽ കോളജിലെത്തിച്ചത്. കോവിഡ് ആന്റിജൻ പരിശോധന നടത്തി ഫലം വരാൻ അരമണിക്കൂറോളം കാത്തിരുന്ന ശേഷം ലേബർ റൂമിലെത്തിയെങ്കിലും പരിശോധന വൈകിച്ചെന്നു പെൺകുട്ടി പറയുന്നു. പരിശോധന ആരംഭിച്ചപ്പോൾ ഡോക്ടർ കേസിനെപ്പറ്റി ചോദിച്ചു ഭീഷണിപ്പെടുത്തുകയും ആക്ഷേപിക്കുകയും ചെയ്തു. പുറത്തേക്ക് ഓടി രക്ഷപ്പെട്ടെന്നാണു പെൺകുട്ടി നൽകിയ പരാതിയിലുള്ളത്. മജിസ്ട്രേട്ടിനോടും ഇക്കാര്യം പെൺകുട്ടി പറഞ്ഞു.
മറ്റൊരു രോഗിയെ പരിശോധിക്കുക ആയിരുന്നതിനാലാണു പെൺകുട്ടിക്കു കാത്തിരിക്കേണ്ടി വന്നതെന്നാണു സംഭവത്തെപ്പറ്റി അന്വേഷിച്ചു മെഡിക്കൽ കോളജ് അധികൃതർ തയാറാക്കിയ റിപ്പോർട്ടിലുള്ളത്. പരിശോധനയ്ക്കിടയിൽ പെൺകുട്ടിയുടെ ആവശ്യപ്രകാരം ഒപ്പമുണ്ടായിരുന്ന ബന്ധുവായ സ്ത്രീയെ പരിശോധനാ മുറിയിൽ പ്രവേശിപ്പിച്ചിരുന്നു. പെൺകുട്ടി ഡോക്ടർമാരോടു സംസാരിക്കുന്നതു കണ്ട ഇവർ പുറത്തിറങ്ങി പൊലീസ് ഉദ്യോഗസ്ഥരോടു വിവരം പറഞ്ഞു. ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഇൗ സ്ത്രീയുടെ ഫോണിൽ വിളിച്ചു പരിശോധന നടത്തിയ ഡോക്ടറോടു സംസാരിക്കണമെന്ന് ആവശ്യപ്പെട്ടു.
പരിശോധനയ്ക്കു ശേഷം സംസാരിക്കാം എന്നു ഡോക്ടർ നിലപാടെടുത്തതോടെ വനിതാ പൊലീസുകാർ പരിശോധന പൂർത്തീകരിക്കാൻ അനുവദിക്കാതെ പെൺകുട്ടിയെ ബലമായി പിടിച്ചുകൊണ്ടു പോയി. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ ഇതിനു തെളിവാണെന്നും റിപ്പോർട്ടിലുണ്ട്. പോക്സോ കേസ് അതിജീവിതയുടെ വൈദ്യപരിശോധനയ്ക്കു പാലിക്കേണ്ട മാർഗനിർദേശങ്ങളും ചട്ടങ്ങളും അനുസരിച്ചാണു പരിശോധന നടത്തിയതെന്നു മെഡിക്കൽ കോളജ് സൂപ്രണ്ട് ഗണേഷ് മോഹൻ പറഞ്ഞു.
മോൻസനെതിരെ വീണ്ടും പീഡന പരാതി
മോൻസൻ മാവുങ്കലിനെതിരെ വീണ്ടും പീഡന പരാതി. മോൻസന്റെ മ്യൂസിയത്തിലും തിരുമ്മൽ കേന്ദ്രത്തിലും മുൻപു ജോലി നോക്കിയിരുന്ന എറണാകുളം സ്വദേശിനിയാണു പരാതി നൽകിയത്. ഈ കേസിൽ ഇന്നലെ ക്രൈംബ്രാഞ്ച് യുവതിയുടെ മൊഴി രേഖപ്പെടുത്തി.മോൻസൻ പലതവണ പീഡിപ്പിച്ചെന്നും ഉപദ്രവിച്ചെന്നുമാണു മൊഴി. ഗുണ്ടകളുടെ ഭീഷണി മൂലമാണു പരാതി നൽകാൻ വൈകിയത്. മോൻസൻ അറസ്റ്റിലായപ്പോഴും ഭീഷണി തുടർന്നു. മാനസിക സമ്മർദം ഏറിയതോടെ പരാതി നൽകുകയായിരുന്നുവെന്നും മൊഴിയിലുണ്ട്.