പുഴയിലെ ആവേശപ്പോരാട്ടത്തിന് ട്രാക്കുണർന്നു

Mail This Article
പിറവം∙ ഒഴുക്കിനെതിരെ തുഴയെറിയുന്നതിലൂടെ പ്രസിദ്ധമായ പിറവം വള്ളംകളി ഇന്ന്. കാണികളിൽ ആവേശം നിറയ്ക്കാൻ മത്സരത്തിനിറങ്ങുന്ന ചുണ്ടൻവള്ളങ്ങൾ ഇന്നലെ വൈകിട്ടോടെ പിറവത്ത് എത്തി. ഇരുട്ടുകുത്തി വള്ളങ്ങൾ ദിവസങ്ങൾക്കു മുൻപേ എത്തി പരിശീലനം ആരംഭിച്ചിരുന്നു.ചാംപ്യൻസ് ലീഗ് മത്സരങ്ങളുടെ ഭാഗമായി 9 ചുണ്ടൻവള്ളങ്ങളും 9 ഇരുട്ടുകുത്തി വള്ളങ്ങളുമാണു മത്സരത്തിനിറങ്ങുന്നത്. നഗരസഭയിലെ 3 ഡിവിഷനുകൾ വീതം ഉൾപ്പെടുത്തി രൂപീകരിച്ച ക്ലബുകളുടെ നേതൃത്വത്തിലാണു മത്സരം. 85 മുതൽ 95 തുഴച്ചിൽകാർ വരെയാണു ചുണ്ടൻവള്ളത്തിൽ ഉള്ളത്. 35 തുഴച്ചിൽകാർ വരെ ഉള്ള ബി ഗ്രേഡ് വള്ളങ്ങളാണ് ഇരുട്ടികുത്തി വിഭാഗത്തിൽ മത്സരത്തിനിറങ്ങുന്നത്.
എക്സൈസ് കടവിനു സമീപം മുതൽ പാലത്തിനു സമീപം വരെയുള്ള ഒരു കിലോമീറ്റർ ദൂരത്തിലാണു ട്രാക്ക് സജ്ജീകരിച്ചിച്ചിരിക്കുന്നത്. ഒന്നിനു പുഴയോരത്തു കുട്ടികളുടെ പാർക്കിനു സമീപം അനൂപ് ജേക്കബ് എംഎൽഎയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ മന്ത്രി കെ.എൻ.ബാലഗോപാൽ മത്സരങ്ങൾ ഉദ്ഘാടനം ചെയ്യും.ഇരുട്ടുകുത്തി വള്ളങ്ങളുടെ തുഴ നടൻ ലാലു അലക്സ് കൈമാറും.നടൻ രഞ്ജി പണിക്കർ ഫ്ലാഗ് ഓഫ് ചെയ്യും. 2.30നു മാസ്ഡ്രിൽ, 2.45 നു ഇരുട്ടുകുത്തി വള്ളങ്ങളുടെ മത്സരങ്ങളും 3.15നു ചുണ്ടൻവള്ളങ്ങളുടെ മത്സരങ്ങളും ആരംഭിക്കും.3.45 നു കലാപരിപാടികൾ, 4.15നു ഇരുട്ടുകുത്തിവള്ളങ്ങളുടെയും 4.45നു ചുണ്ടൻവള്ളങ്ങളുടെയും ഫൈനൽ മത്സരം.
5നു സമാപനയോഗത്തിൽ തോമസ് ചാഴികാടൻ എംപി വിജയികൾക്കു ട്രോഫി വിതരണം ചെയ്യും. കക്കാട് കൈരളി ബോട്ട് ക്ലബ്ബിന്റെ പുത്തൻപറമ്പൻ, ആർകെ ടീമിന്റെ പൊങ്ങനത്തമ്മ, പിറവം ടൗൺ ബോട്ട് ക്ലബ്ബിന്റെ സെന്റ് ജോസഫ്, റോഡ് കടവ് ബോട്ട് ക്ലബ്ബിന്റെ വലിയ പണ്ഡിതൻ,വെള്ളൂർ ബോട്ട് ക്ലബ്ബിന്റെ ശ്രീമുത്തപ്പൻ, മുളക്കുളം ബോട്ട് ക്ലബിന്റെ ഡാനിയേൽ, ശ്രീലക്ഷ്മണ ബോട്ട് ക്ലബ്ബിന്റെ വെണ്ണക്കലമ്മ, പിറവം ബോട്ട് ക്ലബ്ബിന്റെ ശരവണൻ എന്നീ വള്ളങ്ങളാണ് ഇരുട്ടുകുത്തി വിഭാഗത്തിൽ മത്സരിക്കുന്നത്.
ചുണ്ടൻവള്ളങ്ങളുടെ വിഭാഗത്തിൽ കക്കാടിനു വേണ്ടി കെബിസി ബോട്ട് ക്ലബ്ബിന്റെ ആയാപറമ്പ് പാണ്ടി,പിറവം ടൗണിനു വേണ്ടി യുണൈറ്റഡ് ബോട്ട് ക്ലബ്ബിന്റെ കാരിച്ചാൽ, തോട്ടഭാഗം–പള്ളിക്കാവിനു വേണ്ടി പുന്നമട ബോട്ട് ക്ലബ്ബിന്റെ വീയപുരം, നിരപ്പു –കൊമ്പനാമലയ്ക്കു വേണ്ടി പള്ളാതുരുത്തി ബോട്ട് ക്ലബ്ബിന്റെ മഹാദേവിക്കാട്കാട്ടിൽ തെക്കേതിൽ,പാലച്ചുവടിനു വേണ്ടി കുമരകം ടൗൺ ബോട്ട് ക്ലബ്ബിന്റെ സെന്റ് പയസ് ടെൻത്,മുളക്കുളത്തിനു വേണ്ടി പൊലീസ് ബോട്ട് ക്ലബ്ബിന്റെ ചമ്പക്കുളം, കളമ്പൂരിനു വേണ്ടി എടത്വ വില്ലേജ് ബോട്ട് ക്ലബ്ബിന്റെ ദേവാസ്, കോട്ടപ്പുറത്തിനു വേണ്ടി വേമ്പനാട് ബോട്ട് ക്ലബ്ബിന്റെ പായിപ്പാടൻ, പാഴൂരിനു വേണ്ടി എൻസിഡിസി ബോട്ട് ക്ലബ്ബിന്റെ നടുഭാഗം എന്നീ ചുണ്ടൻ വള്ളങ്ങളും മത്സരത്തിനിറങ്ങും.