മാർത്താണ്ഡവർമ പഴയ പാലത്തിന് ഇരുമ്പു കൈവരികൾ സ്ഥാപിച്ചു

Mail This Article
ആലുവ∙ ആലുവയുടെ ലാൻഡ്മാർക്കായ മാർത്താണ്ഡവർമ പഴയ പാലത്തിൽ കാലപ്പഴക്കം മൂലം കേടായ കോൺക്രീറ്റ് കൈവരികൾ മാറ്റി ഇരുമ്പു കൈവരികൾ സ്ഥാപിക്കുന്ന ജോലി തുടങ്ങി. പാലത്തിലെ നടപ്പാതയിലൂടെ ഇരുവശത്തേക്കും ഒട്ടേറെപ്പേർ സഞ്ചരിക്കാറുണ്ട്. കോൺക്രീറ്റ് കൈവരികൾക്കു ബലക്ഷയം സംഭവിച്ചിട്ട് ഏറെക്കാലമായി. ചിലത് അടർന്നു വീണു. 5 മാസം മുൻപ് അറ്റകുറ്റപ്പണി നടത്തിയെങ്കിലും ഗുണമുണ്ടായില്ല. തുടർന്നാണു 132 മീറ്റർ നീളമുള്ള പാലത്തിൽ ഇരുമ്പു കൈവരികൾ സ്ഥാപിക്കാൻ തീരുമാനിച്ചത്.
3 മീറ്റർ വീതം നീളമുള്ള കൈവരികൾ പുറത്തു നിർമിച്ചു കൊണ്ടുവന്നു പാലത്തിൽ വെൽഡ് ചെയ്തു പിടിപ്പിക്കുകയാണു ചെയ്യുന്നത്. പാലത്തിന്റെ കിഴക്കും പടിഞ്ഞാറും വശങ്ങളിലെ കൈവരികൾ മാറ്റുന്നുണ്ട്. പണി തീരുന്ന മുറയ്ക്കു പെയിന്റടിച്ചു സുരക്ഷാ മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിക്കും. ടൂറിസം വികസനത്തിന്റെ ഭാഗമായി വിദേശ മാതൃകയിൽ പാലങ്ങളെ ദീപാലംകൃതമാക്കുന്ന പദ്ധതിയിൽ ഉൾപ്പെട്ട സംസ്ഥാനത്തെ 2 പാലങ്ങളിൽ ഒന്നാണ് രാജഭരണകാലത്തു നിർമിച്ച മാർത്താണ്ഡവർമ പാലം.